മകൻ ‘അപ്പൂസി’ന്റെ ഓർമയിൽ നോമ്പെടുത്ത് ദമ്പതികൾ
text_fieldsഎകരൂൽ: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിലെ സ്പെഷൽ സ്കൂൾ വിദ്യാർഥിയായിരിക്കെ 2020ൽ മരണപ്പെട്ട മകൻ ആദിഷ് സദന്റെ (അപ്പൂസ് -23) ഓർമയിൽ റമദാൻ നോമ്പെടുത്ത് ദമ്പതികൾ. ഉണ്ണികുളം എം.എം പറമ്പ് കോട്ടക്കുന്നുമ്മൽ ‘ആദിഷം’ വീട്ടിൽ സദാനന്ദൻ (60), ഭാര്യ ബേബി ഷൈജ (47) എന്നിവരാണ് മരണപ്പെട്ട മകന്റെ ഓർമയിൽ നോമ്പെടുക്കുന്നത്.
കാരന്തൂരിൽ താമസിക്കുന്ന കാലത്ത് ചെറുപ്പം മുതൽ കൂട്ടുകാരികളായ മുസ്ലിം സുഹൃത്തുക്കളിൽനിന്നാണ് നോമ്പെടുക്കാൻ പ്രചോദനം ലഭിച്ചതെന്ന് ബേബി ഷൈജ പറഞ്ഞു. ഭിന്നശേഷിക്കാരനായ മകൻ ആദിഷ് സദനെ 2010ൽ പൂനൂർ കാരുണ്യ തീരം സ്പെഷൽ സ്കൂളിൽ ചേർത്തിയത് മുതൽ അവിടെയുള്ള ജീവിതവും ഇഫ്താർ അനുഭവങ്ങളുമാണ് നോമ്പിലേക്ക് പിന്നീട് അടുപ്പിച്ചത്.
അസാധ്യമെന്ന് കരുതിയ കാര്യം നേടിയെടുക്കാൻ കഴിഞ്ഞതായിരുന്നു ആദ്യ നോമ്പ് നൽകിയ അനുഭവമെന്ന് കാരുണ്യതീരം സൈക്യാട്രിക് ക്ലിനിക് വളന്റിയർ കൂടിയായ ബേബി ഷൈജ പറയുന്നു. കാരുണ്യതീരത്തെ ഇഫ്താർ പാർട്ടികളിൽ മകൻ അപ്പൂസും പങ്കെടുക്കാറുണ്ടായിരുന്നു.
മകന്റെ മരണശേഷം പിന്നീട് 2021ലാണ് ദമ്പതികൾ തുടർച്ചയായി നോമ്പ് എടുത്തു തുടങ്ങിയത്. കാരുണ്യ തീരത്തെ കൂട്ടുകാരിയായ താമരശ്ശേരി സ്വദേശി ആയിഷയാണ് നോമ്പെടുക്കാനുള്ള തയാറെടുപ്പുകൾ പറഞ്ഞു മനസ്സിലാക്കുന്നത്. മുൻ പ്രവാസിയും കർഷകനുമായ ഭർത്താവ് സദാനന്ദനും ഇവരോടൊപ്പം വ്രതമനുഷ്ഠിക്കുന്നുണ്ട്.
കഠിനമായ ചൂടിൽ വീട്ടുവളപ്പിൽ കാർഷിക വിളകളുടെ പണിയിൽ ഏർപ്പെട്ടാൽ പോലും നോമ്പു മുറിക്കാറില്ലെന്ന് സദാനന്ദൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ ‘പരിവാറിന്റെ’ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റാണ് ബേബി ഷൈജ. ഭർത്താവും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
സി.പി.എം എം.എം പറമ്പ് ബ്രാഞ്ച് അംഗവും വാർഡിലെ എ.ഡി.എസ് പ്രസിഡന്റ് കൂടിയാണ് ബേബി ഷൈജ. കമ്പ്യൂട്ടർ വിദ്യാർഥിയായ അദിനന്ദ് സദൻ, ബി.എസ്.സി നഴ്സിങ്ങിന് പഠിക്കുന്ന അദിഖസദൻ എന്നീ മക്കളും മാതാപിതാക്കൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.