സൗദിയിലെ ആദ്യ മാസപ്പിറവി നീരീക്ഷണ കേന്ദ്രം മക്കയിലെ അബീ ഖുബൈസ് മലയിൽ
text_fieldsജിദ്ദ: സൗദിയിലെ ആദ്യത്തെ മാസപ്പിറവി നിരീക്ഷണ കേന്ദ്രം മക്കയിൽ. 1948-ൽ അബ്ദുൽ അസീസ് രാജാവിെൻറ കാലത്താണ് മക്കയിലെ അബു ഖുബൈസ് മലയുടെ മുകളിൽ ആദ്യ മാസപ്പിറവി നിരീക്ഷണ കേന്ദ്രം സ്ഥാപിതമായത്. ജ്യോതിശാസ്ത്രത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്ന ശൈഖ് മുഹമ്മദ് അബ്ദുൽ റസാഖ് ഹംസയുടെ ആശയമാണ് ഇങ്ങനെയൊരു നിരീക്ഷണാലയം സ്ഥാപിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഗ്രഹങ്ങളുടെയും ആകാശഗോളങ്ങളുടെയും ചലനം നിരീക്ഷിക്കുക, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ നടത്തുക, മാസങ്ങളുടെ ആരംഭം പ്രത്യേകിച്ച് റമദാൻ, ഹജ്ജ് മാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവക്ക് ആദ്യത്തെ ഔദ്യോഗിക ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഹറമിനടുത്ത് സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
സഉൗദ് ബിൻ അബ്ദുൽ അസീസ് രാജാവാണ് കേന്ദ്രത്തിനു വേണ്ട ഉപകരണങ്ങൾ സംഭാവന ചെയ്തത്. ജ്യോതി ശാസ്ത്രത്തിെൻറ തുടക്കക്കാരെയും അതിൽ നിന്ന് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കാനുള്ള ശൈഖ് മുഹമ്മദ് അബ്ദുൽ റസാഖ് ഹംസയുടെ അഭ്യർഥന അന്നത്തെ കിരീടാവകാശിയായിരുന്ന അമീർ സഉൗദ് ബിൻ അബ്ദുൽ അസീസ് അംഗീകരിക്കുകയായിരുന്നു. അമേരിക്കയിൽ നിന്നാണ് കേന്ദ്രത്തിനു വേണ്ട ഉപകരണങ്ങൾ എത്തിച്ചത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളും നിർണയിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള ഒരു ദൂരദർശിനിയും ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു പ്ലാനറ്റോറിയവും ഉൾപ്പെടുന്നതായിരുന്നു അബു ഖുബൈസ് മലക്ക് മുകളിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രം. ഒപ്പം മാപ്പുകളുടെയും ദിശ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുടെയും ശേഖരവും അവിടെയുണ്ടായിരുന്നു.
വാർത്താ മാധ്യമങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് മക്കയിലെ ഖാദിയും അദ്ദേഹത്തിെൻറ അസിസ്റ്റൻറും ചില സാക്ഷികളും റമദാൻ മാസപ്പിറവി കാണാൻ അബുഖുബൈസ് മല മുകളിലേക്ക് കയറിയിരുന്നുവെന്നാണ് ചില ചരിത്ര ശ്രോതസ്സുകൾ വ്യക്തമാക്കുന്നത്. മാസപ്പിറവി കണ്ടെന്ന് സ്ഥിരീകരിച്ചാൽ മക്കയിലുള്ളവർക്ക് അതുകാണും വിധം അവരിലൊരാൾ കൈയിൽ ഒരു തുണി ഉയർത്തിക്കാട്ടും. പിന്നീട് പീരങ്കികളിലൂടെ വെടി ഉയിർത്തും. വർഷങ്ങൾ കൂറെ പിന്നിട്ടപ്പോൾ ജബലു അബീ ഖുബൈസിലെ ആ മാസപ്പിറവി നിരീക്ഷണ കേന്ദ്രം മക്ക ക്ലോക്ക് ടവറിലേക്ക് മാറ്റി. ഇപ്പോൾ നൂതനമായ സാേങ്കതിക സംവിധാനങ്ങളോടെ ക്ലോക്ക് ടവറിൽ മാസപ്പിറവി നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നു.
നിലവിൽ സൗദി അറേബ്യയിൽ നിരവധി ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ സുദൈർ, താമിർ, മക്ക എന്നിവിടങ്ങളിലാണ്. കൂടാതെ റമാൻ മാസപ്പിറവി ഉൾപ്പെടെ നിരീക്ഷിക്കാൻ റിയാദ്, മദീന, ഖസിം, ദഹ്‌റാൻ, ശഖ്‌റ, ഹാഇൽ, തബൂക്ക് എന്നിവിടങ്ങളിലും നിരീക്ഷണാലയങ്ങളുണ്ട്. സാേങ്കതിക വിദ്യകൾ പുരോഗമിച്ചതോടെ ചന്ദ്രദർശന പ്രക്രിയകൾ യാന്ത്രികമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നീതിന്യായ മന്ത്രാലയം ഇലക്ട്രോണിക് സംവിധാനങ്ങളും ആരംഭിച്ചു. വീഡിയോ ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയിലൂടെ കോടതികളും നിരീക്ഷണാലയങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കി.
ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാസപ്പിറവിയുടെ ഉറവിടം കുറ്റമറ്റ രീതിയിൽ ഏകീകരിക്കാനും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം വേഗത്തിലാക്കുകയും ലക്ഷ്യമിട്ടാണ് നീതിന്യായ മന്ത്രാലയം ഇൗ സംവിധാനങ്ങളെല്ലാം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.