ഉത്ഥാനം എന്ന സമ്മാനം
text_fieldsക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവ വിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നൽകുന്ന താക്കോല്‍വചനമാണ് ഈ സദ്വാര്ത്ത.
കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നൽകുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്. നാം ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ത്താവിന്റെ സാന്നിധ്യം നാം തിരിച്ചറിയണമെന്നില്ല. ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും ചെ വിയോര്‍ത്താല്‍ കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കാനാവും. കര്‍ത്താവ് നമ്മെ ഒരിക്കലും മറക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നില്ല. കര്‍ത്താവ് നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ് ഈസ്റ്റര്‍.
ഒരു ക്രൈസ്തവന് ലോകത്തിനു കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്ദേശമാണ്. പ്രതിസന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവിൽ നാം കൈകളിൽ സൂക്ഷിക്കേണ്ടത് വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ് വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക. ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നുപറയുന്നത് സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്.
ക്രൈസ്തവ ജീവിതം ഉത്ഥാന തിരുനാളിന്റെ തുടർച്ചയാണ്. ‘‘ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം ത്യജിച്ച് കുരിശും വഹിച്ച് എന്റെ പിന്നാലെ വരട്ടെ’’ എന്ന ആഹ്വാനം പൂർത്തിയാക്കുന്നവർക്ക് ഈശോ നൽകുന്ന പ്രതിസമ്മാനമാണ് ഉത്ഥാനം.
സമാധാനം ഒരിക്കലും ഭൗതികമായ ഒരു സുസ്ഥിതിയല്ലെന്ന് തിരിച്ചറിയാൻ ഉത്ഥാന തിരുനാൾ നമ്മെ പഠിപ്പിക്കുന്നു. സമാധാനമെന്ന് പറയുന്നത് സാമ്പത്തിക സുസ്ഥിതിയും സമൃദ്ധിയുമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എല്ലാം സുരക്ഷിതമായാൽ നമ്മൾ സമാധാനമുള്ളവരാണെന്ന് ധരിക്കുന്നു. എന്നാൽ, അനുഭവങ്ങളുടെ പാഠപുസ്തകങ്ങൾ വായിക്കാനിടയായാൽ, നിങ്ങൾക്ക് എന്തുമാത്രം സുസ്ഥിതിയുണ്ടാകുന്നോ അത്രതന്നെ നിങ്ങളുടെ സമാധാനം അപകടാവസ്ഥയിലാണെന്ന് മനസ്സിലാകും.
ഞാൻ ഒരിക്കൽ ആഫ്രിക്ക സന്ദർശിച്ചപ്പോൾ ഒരു കുടുംബത്തെ പരിചയപ്പെട്ടു. അവർക്ക് നാല് മക്കളാണ്. ആദ്യത്തെ മൂന്നുമക്കൾ മനോ വൈകല്യമുള്ളവർ, നാലാമൻ അതിബുദ്ധിമാനും. ആ കുടുംബം എന്നോടുപറഞ്ഞു, ഞങ്ങൾ നാലാമനെ വേണ്ടെന്നുവെക്കാൻ ആലോചിച്ചതാണ്, എന്നാൽ, ദൈവം അനുവദിച്ചില്ല. വൈദ്യശാസ്ത്രമനുസരിച്ചും മനുഷ്യന്റെ ബുദ്ധിശാസ്ത്രമനുസരിച്ചും ദൈവത്തിലാശ്രയിച്ച് ഞങ്ങൾ എടുത്തത് റിസ്കാണ്. എന്നാൽ, വളരെ ബുദ്ധിമാനായ ഒരു കുഞ്ഞിനെത്തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. സഹനങ്ങൾ എവിടെയൊക്കെ ഉണ്ടോ, അത് ഉത്ഥാനത്തിന്റെ ഒരു കവാടമാണ്. അതിന്റെ ഉള്ളടക്കം നമുക്ക് നൽകുന്ന കിരീടമാണ് കർത്താവിന്റെ ഉത്ഥാനത്തിന്റെ സമാധാനം.
നല്ല സമരിയാക്കാരന്റെ കഥയിൽ കർത്താവ് ഒരുകാര്യം പഠിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളും കടന്നുപോകുന്ന വഴിപോക്കരാകാറുണ്ട്. അവശതയുള്ളവനെ അവർ കണ്ടു, പക്ഷേ കടന്നുപോയി. സമരിയാക്കാരൻ അവനെ കണ്ടപ്പോൾ മനസ്സിൽ അനുകമ്പയുണ്ടായി.
അവനെ കോരിയെടുത്തു സത്രത്തിലേക്ക് കൊണ്ടുപോയി തന്റെ കൈയിലെ രണ്ടു ദനാറ കൊടുത്തിട്ട് സത്രം സൂക്ഷിപ്പുകാരനോട് പറഞ്ഞു; വഴിയിൽ നിന്ന് കിട്ടിയതാണ്, പക്ഷേ അന്യനല്ല, സ്വന്തമാണ്. തിരിച്ചുവരുമ്പോൾ ബാക്കിയുള്ളത് തന്നുകൊള്ളാം. കർത്താവ് രണ്ടു പ്രാവശ്യമേ ‘‘ഇതുപോലെ ചെയ്യൂ’’ എന്ന് നമ്മളോട് പറഞ്ഞിട്ടുള്ളൂ. പെസഹായുടെ അപ്പം മുറിച്ചുകഴിഞ്ഞും നല്ല സമരിയാക്കാരന്റെ ഉപമക്കുശേഷവും.
സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപ്പെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്കുമാത്രമേ സമാധാനത്തിന്റെ ഉപകരണമാകാൻ സാധിക്കുകയുള്ളൂ. അതിനാൽ, നമുക്ക് സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം.
ഉത്ഥാന തിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു.
-സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.