രാത്രിയിലും സന്ദർശനമൊരുക്കി ഗ്രാൻഡ് മോസ്ക്
text_fieldsഅബൂദബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്കില്‍ രാത്രികാലങ്ങളിൽ സന്ദര്‍ശനത്തിന് അനുമതി. രാത്രി 10 മുതല്‍ രാവിലെ ഒമ്പതു വരെയാണ് സന്ദർശന സമയം. ഇതോടെ ഇനി 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് മോസ്ക് ചുറ്റിക്കാണാനാവും. ട്രാന്‍സിറ്റ് അല്ലെങ്കില്‍ കണക്ഷന് വിമാനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം വിനിയോഗിച്ച് യാത്രക്കാർക്ക് മസ്ജിദും ഇവിടത്തെ ഇസ്ലാമിക ചരിത്രവും ശില്പചാതുരിയുമൊക്കെ കാണാൻ പുതിയ ഇതു വഴി അവസരമൊരുങ്ങും.
ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൂറ ഈവനിങ് കള്‍ചറല്‍ ടൂര്‍സ് എന്ന പേരില്‍ രാത്രി സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. രാത്രിയിലെ യാത്ര എന്നാണ് സൂറ എന്ന അറബിക് പദത്തിന്റെ അര്‍ഥം. 14 ഭാഷകളില്‍ മള്‍ട്ടിമീഡിയ ഗൈഡ് ഡിവൈസ് സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം. അന്ധര്‍ക്കും ബധിരര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. 20 ദിര്‍ഹമാണ് പ്രവേശന ഫീസ്. wwws.zgmc.gov.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയും വെള്ളി രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയുമാണ് മറ്റു സന്ദർശന സമയങ്ങള്‍.
2023 ആദ്യപകുതിയില്‍ 33,34,757 പേരാണ് അബൂദബി ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ചത്. അവരില്‍ നാലുലക്ഷത്തോളം പേര് ഇന്ത്യക്കാരാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 127 ശതമാനത്തിന്റെ വര്‍ധനവാണ് സന്ദര്ശകരിലുണ്ടായത്. സന്ദര്‍ശകരില്‍ 914195 പേര് നമസ്കരിക്കാനായും 23,88,437 പേര് വിനോദസഞ്ചാരികളായുമായാണ് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരിലേറെയും ഇന്ത്യക്കാരാണ്. 3,93,566 ഇന്ത്യക്കാരാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ പള്ളിയിലെത്തിയത്.
റഷ്യയാണ് രണ്ടാം സ്ഥാനത്ത്(1,30,023), ചൈന (99,277), യു.എസ് (92,364), ജര്‍മനി (76857), ഇറ്റലി (61330), ഫ്രാന്‍സ്(53996), ഇസ്രായേല്‍(53974), പാകിസ്താന്(47640), യു.കെ(45790)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ കണക്ക്. വിനോദസഞ്ചാരികളില്‍ 16,84,409 പേര് പള്ളിയിലും 7,04,028 പേര് പള്ളിയുടെ ഭാഗമായ സന്ദര്‍ശക കേന്ദ്രവും ബിസിനസ്, മാര്‍ക്കറ്റ് ഇടങ്ങളാണ് സന്ദര്‍ശിച്ചത്.
വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുക്കിയിരിക്കുന്ന മികച്ച സൗകര്യങ്ങളാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സന്ദര്‍ശകരില്‍ 81 ശതമാനം വിദേശികളാണ്. ആഗോള ടൂറിസം ആകര്‍ഷണങ്ങളില്‍ ശൈഖ് സായിദ് മോസ്ക് സുപ്രധാന പദവി വഹിക്കുന്നുവെന്നതിന്റെ തെളിവാണിത്. പള്ളിയുടെ ലൈബ്രറി 1104 പേര് സന്ദര്‍ശിച്ചു. ഈ വര്‍ഷം ആദ്യപകുതിയില്‍ 648 ഔദ്യോഗിക പ്രതിനിധി ബുക്കിങ്ങുകളാണ് ലഭിച്ചത്. 167 ഉന്നതതല പ്രതിനിധി സംഘത്തെ ഇവിടെ സ്വീകരിക്കുകയുണ്ടായി.
10 രാജ്യ തലവന്മാരും മൂന്നു ഉപതലവന്മാരും രണ്ട് പ്രധാനമന്ത്രിമാരും ആറ് പാര്‍ലമെന്റ് മേധാവിമാരും 36 മന്ത്രിമാരും നാല് സഹമന്ത്രിമാരും 19 അംബാസഡര്‍മാരും അടക്കമുള്ളവരാണ് പള്ളിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.