റമദാൻ തിരക്കിൽ വിപണി
text_fieldsദോഹ: റമദാൻ വ്രതം ഒരാഴ്ച പിന്നിടുമ്പോൾ വിപണി സജീവമാകുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഉപഭോക്തൃ വസ്തുക്കൾക്കും വലിയ തിരക്കാണ് റമദാനിലെ ആദ്യ നാളുകളിൽ വിപണിയിൽ പ്രകടമാവുന്നത്. റമദാൻ മാസത്തോടനുബന്ധിച്ച് വിതരണ ക്വോട്ടകൾ വർധിപ്പിച്ചതോടൊപ്പം ഉപഭോക്താക്കളെ ആകർഷിക്കാൻ കച്ചവടക്കാർ ഓഫറുകളും ഇളവുകളുമുൾപ്പെടുന്ന പാക്കേജുകൾ പ്രഖ്യാപിച്ചതുകാരണം കടുത്ത മത്സരത്തിനും വിപണി സാക്ഷ്യംവഹിക്കുന്നുണ്ട്.
ഭക്ഷ്യ കമ്പനികളും വ്യവസായികളും സാമ്പത്തിക വിദഗ്ധരും പ്രാദേശിക ഉപഭോഗം ഉൾക്കൊള്ളാൻ ആവശ്യമായ ചരക്കുകളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും ലഭ്യത സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ വിപണിയിൽ ഉൽപന്നങ്ങളുടെ വിലസ്ഥിരത ഉറപ്പുവരുത്താൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റമദാൻ സംരംഭങ്ങൾക്കും പ്രമോഷനുകൾക്കും ഉപഭോക്താക്കൾ നന്ദി പറയുന്നു. തിരക്കും ആവശ്യക്കാരും കൂടുമ്പോഴും വിപണിയിൽ വിലസ്ഥിരത ശ്രദ്ധേയമാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വൈവിധ്യമാർന്ന ഓഫറുകളും ഫെസ്റ്റിവൽ പ്രമോഷനുകളും പ്രഖ്യാപിച്ചാണ് പല സ്ഥാപനങ്ങളും രംഗത്തുള്ളത്.
മിക്സര്‍ ഗ്രൈൻഡര്‍, എയര്‍ ഫ്രെയര്‍, മൈക്രോ ഓവൻ, ജ്യൂസ് ബ്ലെന്‍ഡര്‍ തുടങ്ങി വൈവിധ്യതരം അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പച്ചക്കറി, പഴ വര്‍ഗങ്ങളില്‍ വരെ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവർഷവും റമദാൻ വിപണിയെ കോവിഡിന്റെ നിയന്ത്രണങ്ങൾ ബാധിച്ചിരുന്നുവെങ്കിൽ ഇത്തവണ ഉത്സവകാലം പോലെയാണ് നോമ്പെത്തിയത്. രാവിലെ മുതൽ തുടങ്ങുന്ന തിരക്ക് വൈകുന്നേരത്തോടെ കൂടുതൽ സജീവമാവും. രാത്രികാലങ്ങളിലും തിരക്കിന് ഒട്ടും കുറവില്ല. റമദാൻ പകുതിയിലേക്ക് നീങ്ങുമ്പോൾ വസ്ത്ര ഷോപ്പിങ് കൂടി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ബജറ്റ് തയാറാക്കി ചെലവഴിക്കുക
സാധാരണ മാസങ്ങളെ അപേക്ഷിച്ച് റമദാൻ മാസത്തിൽ കുടുംബങ്ങളുടെ ഉപഭോഗനിരക്ക് ഏകദേശം 30 ശതമാനമെങ്കിലും വർധിക്കുമെന്നാണ് കണക്ക്. ചെലവ് ഉയർത്താനും ഇടയാക്കും. ഇതൊഴിവാക്കാൻ പ്രത്യേകം ബജറ്റ് തയാറാക്കുകയും ഓഫറുകളുടെ പ്രലോഭനത്തിൽ വീഴാതെ ഷോപ്പിങ്ങിന് അനുയോജ്യമായ സമയം കണ്ടെത്തുകയും ചെയ്യണം. കൂടാതെ അവശ്യ സാധനങ്ങളിലും ഭക്ഷ്യവിഭവങ്ങളിലും മാത്രമായി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
മാസത്തിന്റെ തുടക്കത്തിൽ വാണിജ്യ, വ്യവസായ മന്ത്രാലയം ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്ന നിരവധി സംരംഭങ്ങളാണ് പ്രഖ്യാപിച്ചത്. ഇരുപതോളം മാളുകൾ, ഷോപ്പുകൾ, വാണിജ്യ ഔട്ട്ലെറ്റുകൾ എന്നിവയുടെ ഏകോപനത്തോടെ 900ലധികം ഉൽപന്നങ്ങൾക്ക് കുറഞ്ഞ വില പ്രഖ്യാപിച്ചു. കൂടാതെ മുനിസിപ്പാലിറ്റി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയുമായി ചേർന്ന് പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും റമദാനിൽ ആട്ടിൻ മാംസത്തിന് സബ്സിഡി നൽകുന്നതിനുമായി ദേശീയ സംരംഭവും വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത സംരംഭത്തിനുകീഴിൽ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ 30000 പ്രാദേശിക ആടുകളെയാണ് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.