നോമ്പ് ആത്മവിമർശനത്തിന്റെ ആചരണം
text_fieldsഇസ്ലാമിന്റെ അഞ്ച് നെടുംതൂണുകളിൽ ഒന്നാണ് നോമ്പാചരണം. ഖുർആൻ ആവശ്യപ്പെടുന്നത് ‘ആത്മനിയന്ത്രണ’മാണ്. മനുഷ്യന്റെ ധാർമികബോധമാണ് വിമർശനബോധം. ലോകം നന്നാക്കാനുള്ള മനുഷ്യപ്രചോദനമാണത്. ഈ വിമർശനം പുറത്തേക്കു പ്രയോഗിക്കുമ്പോൾ മനുഷ്യൻ അറിയേണ്ടത് അത് അകത്തുനിന്നു സ്വന്തം ജീവിതത്തിലേക്കും പ്രയോഗിക്കണമെന്നതാവും.
ആത്മവിമർശനത്തിൽ നിന്നാണ് ആത്മനിയന്ത്രണമുണ്ടാകുന്നത്. അതാണ് ചിത്തവൃത്തി നിരോധനം. മനുഷ്യന്റെ ജീവിതം ബോധമണ്ഡലത്തിന്റെ രഹസ്യത്തിലാണ്. അവിടെ ബോധത്തിന്റെ മണ്ഡലത്തിലാണ് ധർമബോധത്തിന്റെ വെളിച്ചമുള്ളത്. ഈ വിളക്കാണ് നമ്മളെ ഉണ്ടാക്കുന്നത്. നമ്മുടെ ആയിത്തീരലിന്റെ അളവ് ഈ വെളിച്ചമനുസരിച്ചാണ്. അതുകൊണ്ട് അല്ലാഹു എനിക്കുപുറത്ത് എന്നതിനെക്കാൾ എനിക്കുള്ളിലുണ്ട്. നാം അഭയം പ്രാപിക്കേണ്ടത് ഈ ഈശ്വര സാന്നിധ്യത്തിലാണ്.
പലപ്പോഴും നമ്മുടെ അഹം ദ്രവ്യാഗ്രഹത്തിലും സ്വകാര്യ താൽപര്യങ്ങളിലും മുഴുകിക്കിടക്കാം. അപരരുടെ തെറ്റുകൾ കാണാൻ നമുക്കു കണ്ണുകളുണ്ട്, വെളിച്ചമുണ്ട്. പക്ഷേ, എന്റെ തെറ്റുകൾ എന്റെ അപഥസഞ്ചാരങ്ങൾ കാണാൻ എനിക്കു കഴിയാതെ വരാം. അവിടെയാണ് ഈ നോമ്പാചരണത്തിന്റെ പ്രസക്തി. ഞാൻ എന്നെ മറന്നു ജീവിക്കാം.
നോമ്പുകാലം എനിക്ക് എന്നെ ശ്രദ്ധിക്കാനുള്ള കാലവുമാണ്. ആഹാര നിയന്ത്രണം മാത്രമല്ല നോമ്പ്. അഹത്തിന്റെ എല്ലാ അത്യാർത്തികളും നിയന്ത്രിക്കപ്പെടണം. ദൈവികതയിലേക്കുള്ള യാത്ര അപരനിലേക്കുമാണ്. എന്റെ ആഹാരം വിശക്കുന്നവനായി പങ്കുകൊള്ളുന്നതും എന്റെ സമ്പത്ത് രോഗിയുമായി പങ്കുവെക്കുന്നതും നോമ്പും ദൈവാനുഗ്രഹത്തിന്റെ നടപടികളുമാണ്.എന്നെ വിമർശിക്കാത്ത വിമർശനം പരദൂഷണം മാത്രമായി മാറാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.