ബ്രഹ്മപുത്ര നദിയിൽ ഒഴുകിപ്പോയ ബലിമാംസം
text_fieldsറവകൊണ്ടുണ്ടാക്കിയ ഒരു പാനീയവും പൊരിയും നൽകി പട്ടിണിക്കിടയിലും അവർ ഞങ്ങളെ ആ പെരുന്നാളിനു സൽക്കരിച്ചു
2019ലെ ബലിപെരുന്നാൾ സുദിനം. വിഷൻ 2026ന്റെ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി ആസാമിലെ സൗത്ത് ബർപ്പെട്ട ബ്രഹ്മപുത്ര നദിയുടെ നടുക്കുള്ള സെൻഗ ഗ്രാമത്തിലേക്കായിരുന്നു ഞാനും സൈഫുൽ ഇസ്‌ലാം, ഷെഫീഖുൽ ഇസ്‌ലാം ഗുവഹാത്തിയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന നാസിർ ഹുസൈൻ എന്നിവരും പോയത്. സൗത്ത് ബെർപ്പെട്ട ഡിസ്ട്രിക്റ്റിൽ പെട്ട സെൻഗ ഗ്രാമത്തിൽ താമസിക്കുന്നവർക്ക് ഭക്ഷണക്കിറ്റും ബലിപെരുന്നാൾ മാംസവും എത്തിക്കലായിരുന്നു യാത്ര ഉദ്ദേശം. നിന്നുതിരയാൻ ഇടമില്ലാത്ത കൂരകളിൽ നരകജീവിതം നയിക്കുന്ന കുറെ മനുഷ്യർ. പെരുന്നാൾ ദിനത്തിൽ പോലും വയറു നിറച്ച് ഭക്ഷണം കഴിക്കാൻ കഴിയാത്തവർ. ഇല്ലായ്മയുടെ ലോകത്തുള്ള ജനസമൂഹത്തിന്റെ നേർപതിപ്പാണ് ഇവരുടെ ജീവിതം. വൈദ്യുതിപോലും എത്തിനോക്കാത്ത സ്ഥലം. എങ്കിലും റവകൊണ്ടുണ്ടാക്കിയ ഒരു പാനീയവും പൊരിയും നൽകി പട്ടിണിക്കിടെയിലും അവർ ഞങ്ങളെ ആ പെരുന്നാളിനു സൽക്കരിച്ചു. കൂരയിൽ സ്ഥമില്ലാത്തതിനാൽ ബോട്ടിൽ ഇരുന്നാണ് അത് കഴിച്ചത്. ആകെയുള്ള ടിൻഷീറ്റ് മറച്ച സ്കൂളായിരുന്നു അവിടെയുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽ അതും ഒഴുകിപ്പോയി. അടയാളമായി ബോർഡു മാത്രം ഞങ്ങൾ കണ്ടു. തുരുത്തിൽ ഉള്ളവർക്ക് ഭക്ഷണവും ബലിമാംസവും എത്തിച്ചു നൽകി ബ്രഹ്മപുത്ര നദിയിലൂടെ വലിയ യാത്രാവള്ളത്തിൽ മടങ്ങുകയായിരുന്നു ഞങ്ങൾ. യാത്ര തുടങ്ങുമ്പോൾ അസഹനീയമായ ചൂടായിരുന്നു. 50 പേർക്ക് കയറാൻ പറ്റുന്ന വള്ളത്തിൽ ഞാനടക്കം അഞ്ചുപേർ മാത്രം. പെട്ടെന്നാണ് കാലാവസ്ഥ മാറി ശക്തമായ കാറ്റും മഴയും വന്നത്. വള്ളം നിയന്ത്രണം വിട്ട് ബ്രഹ്മപുത്രയിലൂടെ ദിശമാറി നീങ്ങാൻ തുടങ്ങി. ഇതിനിടയിലാണ് ദൂരെ ആടിയുലയുന്ന ഒരു പാഴ്തോണി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. കാഴ്ചയിൽ പത്തും പന്ത്രണ്ടും തോന്നിക്കുന്ന ഒരാൺകുട്ടിയും പെൺകുട്ടിയും ഒപ്പം രണ്ടാളുകളുമാണ് തോണിയിലുണ്ടായിരുന്നത്. അവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാവുമെന്ന് തോന്നി. അവരെ കൈപിടിച്ച് കയറ്റാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. ഒരു വലിയ മുളങ്കമ്പ് നീട്ടിക്കൊടുത്ത് അതിൽപിടിച്ച് വലിച്ചടുപ്പിച്ച് രണ്ടുകുട്ടികളെയും ഞങ്ങളുടെ ബോട്ടിലേക്ക് വലിച്ചുകയറ്റി. പെട്ടെന്ന് വന്ന ശക്തമായ ഒഴുക്കിൽ അവരുടെ തോണിയും ഞങ്ങളുടെ വള്ളവും രണ്ടു ദിശയിലേക്കാണ് നീങ്ങിയത്. ആ തോണി കീഴ് മേൽ മറിയുന്നത് നോക്കിനിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു. രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും കൊണ്ട് കരയിലേക്ക് പുറപ്പെട്ടു. പെരുന്നാളിനു ബലിമാംസം കിട്ടുമെന്ന് കരുതി ഒരു കരയിൽ നിന്ന് മറ്റേ കരയിലേക്ക് പുറപ്പെട്ടവരായിരുന്നു കുട്ടികളടക്കമുള്ള ആ നാലുപേർ. അക്കുറി ലഭിച്ച ഒരുകിലോ മാംസം അപകടത്തിനിടയിൽ ബ്രഹ്മപുത്രയിൽ ഒഴുകിപ്പോയി. ദൈവാനുഗ്രഹത്താൽ അപകടത്തിപ്പെട്ട രണ്ടുപേരും ജീവനോടെ കരക്കടിഞ്ഞു. ഒപ്പം അവരുടെ വള്ളവും. ജീവൻ തിരിച്ചുകിട്ടിയ ആ കുടുംബത്തിന്റെ സ്നേഹച്ചിരി ഓരോ പെരുന്നാളിനും മനസ്സിൽ സന്തോഷം നിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.