സകാത് നൽകുന്ന സംതൃപ്തി
text_fieldsഇസ്ലാം മത നിയമപ്രകാരം നിർവഹിക്കേണ്ടുന്ന നിർബന്ധ ദാനമാണ് സകാത്. വർഷത്തിൽ ഒരിക്കൽ കൃത്യമായി കണക്കുകൂട്ടിയാണത് ചെയ്യേണ്ടത്. സമ്പത്തിനെ പറ്റി ഖുർആന്റെ പദപ്രയോഗം ‘ഖിയാമൻ’ (നിലനിൽപ്) എന്നതാണ്. മനുഷ്യനാഗരികതയുടെ ഉയർച്ചക്കും താഴ്ചക്കും സമ്പത്ത് ഒരു ഘടകമാണ്. പിശുക്ക് എന്ന സ്വഭാവം മനുഷ്യന്റെ കൂടെപ്പിറപ്പും. നബി (സ്വ) പറഞ്ഞു: പിശുക്കും വിശ്വാസവും കൂടി ഒരു അടിമയുടെ മനസ്സിൽ ഒരിക്കലും ഒരുമിച്ച് കൂടുകയില്ല.
തന്റെ സമ്പത്ത് എന്നത് സാങ്കേതിക ഉടമസ്ഥാവകാശം മാത്രമാണ് ഇസ്ലാമിലുള്ളത്. നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് ഖുർആൻ (16:53). നമ്മുടെ ശരീരത്തിലോ ജീവനിലോ ആത്മാവിലോ നമുക്ക് പരമാധികാരമില്ല.
ജീവിതത്തിൽ നാം ആസ്വദിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ഒരു പരീക്ഷണമാണ്. ‘ഞാൻ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹത്തിൽ പെട്ടതാകുന്നു ഇത്’ എന്നും ഖുർആൻ (27:40) വിശദമാക്കുന്നുണ്ട്.
പ്രപഞ്ചനാഥന്റെ ഈ പ്രകൃതി മതത്തിൽ സകാതിന്റെ ഒഴുക്ക് കഴിവുള്ളവരിൽനിന്ന് അവശത അനുഭവിക്കുന്ന ദരിദ്രർ, അഗതികൾ, കടക്കാർ തുടങ്ങിയവരിലേക്കാണ്. സകാത് കൊടുക്കുന്നവന് നിർവൃതിയും ചാരിതാർഥ്യവും, ലഭിക്കുന്നവന് സന്തോഷവും സംതൃപ്തിയും.
എന്നാൽ, പലിശ വ്യവസ്ഥയിലാകട്ടെ, പണത്തിന്റെ ഒഴുക്ക് പാവപ്പെട്ടവരിൽനിന്ന് പണക്കാരിലേക്കാണ്. കൊടുക്കുന്നവന് വേദനയും പ്രയാസവും, ലഭിക്കുന്നവന് സമ്പത്ത് കുമിഞ്ഞ് കൂടുകയും ചെയ്യുന്നു. അതിനാൽതന്നെയാണ് സകാത് നിർബന്ധമാക്കിയ ഇസ്ലാം പലിശ കർശനമായി നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.