തെളിയട്ടെ സമാധാനത്തിന്റെ നക്ഷത്ര വിളക്കുകള്‍
text_fieldsലോകചരിത്രത്തെ രണ്ടായി പകുത്ത, ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരിയായ ക്രിസ്തുദേവന്റെ ജനനതിരുനാള്‍ ഭൂഗോളം മുഴുവന്‍ ആഘോഷിക്കുന്ന വേളയാണിത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തു സന്ദേശം ഉള്‍ക്കൊണ്ട് ഒമാനിലെ പ്രവാസികളും ഭൂമുഖത്തെ സകല ജീവജാലങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.
ക്രിസ്മസെന്നും ലോക ജനതയുടെ ആഘോഷമാണ്. എല്ലാ ജീവജാലങ്ങളെയും ഒന്നായി കാണണമെന്ന മഹത്തായ സന്ദേശം മനുഷ്യരിലേക്കു പകര്‍ന്നുനല്‍കിയ ഒരു പുണ്യ ദിനം. ദേശഭേദമില്ലാതെ സകല ക്രിസ്തീയ വിഭാഗങ്ങളും പള്ളികളില്‍ പ്രാർഥനകളും അനുബന്ധ ചടങ്ങുകളും ക്രിസ്തുവിന്റെ ജനന ദിനമായ ഡിസംബര്‍ 25നു നടത്തുന്നു. എന്നാല്‍, പൗരസ്ത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ മിക്കവയും ജനുവരി ഏഴിനാണ് യേശുവിന്റെ ജനന ദിനം ആചരിക്കുന്നത്. കലണ്ടര്‍ രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് ഇത്തരത്തില്‍ രണ്ടു തീയതികള്‍ക്ക് കാരണമായത്.
ബത്ലഹേമില് കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മക്കായി എല്ലാവരും ഒരു മാസം മുമ്പേതന്നെ പുല്‍ക്കൂടൊരുക്കുന്നു. പ്രവാസികളായ ഭൂരിഭാഗം കുടുംബങ്ങളും വളരെ നേരത്തെ തന്നെ ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ട് മുതല്‍തന്നെ പുല്‍ക്കൂടൊരുക്കുന്ന രീതി ഈ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്തുവന്നിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. എന്നാല്‍,1223ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്ക്കൂടാണ് ഈ ആചാരത്തെ ജനകീയമാക്കിയതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
ആശംസ സന്ദേശങ്ങള്‍ കൈമാറുന്നത് ഡിജിറ്റല്‍ യുഗത്തിലേക്കു മാറിയതോടെ ക്രിസ്മസ് കാര്‍ഡുകള്‍ വിപണിയില്‍ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. എന്നാലും പഴയ തലമുറയില്പെട്ടവര്ക്കിന്നും ക്രിസ്മസ് കാര്‍ഡുകള്‍ കൈമാറുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. സ്നേഹത്തില്‍ പൊതിഞ്ഞ കേക്കും ചോക്ലേറ്റുമായി കരോള്‍ ഗാനവും ആലപിച്ചു വരുന്ന സാന്റാക്ലോസ് അപ്പൂപ്പന് സകല മനുഷ്യരിലേക്കും ഡിസംബറിന്റെ കുളിരിനോടൊപ്പം ആനന്ദവും പകരുന്നു.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെയിന്റ് നിക്കോളാസ് എന്ന പുണ്യ ചരിതനാണ് സാന്റാക്ലോസായി മാറിയതെന്നും പറയപ്പെടുന്നു. പള്ളികളിലെ പാതിരാ കുര്‍ബാനകളും പ്രത്യേക പ്രാർഥനകളും കൂടാതെ വിവിധ പ്രവാസി കൂട്ടായ്മകള്‍ കുടുംബങ്ങളോടൊത്തു പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ഒന്നിച്ചിരുന്നു ഭക്ഷണം പങ്കുവെച്ചും ഈ പുണ്യദിനത്തിന്റെ ഓര്മ പങ്കുവെക്കും.
വിശ്വാസവും ഭക്തിയും ആനന്ദവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിനു പിറക്കാന്‍ ഇടമൊരുക്കുന്ന ഒരു സുന്ദരമായ അനുഭൂതിവിശേഷം. ഈ സ്നേഹ സന്ദേശം ജാതിമത വര്‍ഗ രാഷ്ട്രീയ ദേശ ചിന്തകള്‍ക്ക് ഉപരിയായി മാനവരാശിയെ ഒന്നിപ്പിക്കുന്ന ഒന്നായി മാറണം. നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ വെല്ലുവിളികള്‍ക്കും മറുമരുന്ന് ശാശ്വത സമാധാനമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകരുത്. ഒരു രാജ്യത്തോ, ഒരു ഭൂഖണ്ഡത്തോ ഒതുങ്ങിനില്ക്കാത്ത ഈ അത്യപൂര്‍വ ആഘോഷവേള ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമില്ലാതെ മാനവരാശിക്കും മുഴുവനും സന്തോഷവും സമാധാനവും കൈവരുന്നതിനുള്ള പ്രേരകമാവണം.
ലോകത്തിനു മുഴുവനും സമാധാനം നല്കുവാന് വന്നവന് ലാളിത്യത്തിന്റെ പ്രതീകമായ പുല്‍ക്കൂട്ടില്‍ ജനിച്ചപ്പോള്‍, അവിടേക്കി ജ്ഞാനികള്‍ക്കു വഴികാട്ടിയ നക്ഷത്ര വിളക്കുകള്‍ നമ്മുടെ ലോകത്തിനും ശാന്തിയുടെയും സന്തോഷത്തിന്റെയും വെളിച്ചം പകരട്ടെ. ഒപ്പം നമുക്കും നമ്മുടെ വീടുകളില്‍ പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടെയും സമ്മാനങ്ങള്‍ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.