അത്താഴവിളിയിൽ ഉണർന്ന ഗ്രാമം
text_fieldsപൂച്ചാക്കൽ: നോമ്പിനെക്കാൾ പ്രധാനം നോമ്പുതുറയെന്ന രീതിയാണിപ്പോൾ. സൗകര്യങ്ങൾ കൂടിയതിനനുസരിച്ച് നോമ്പുതുറ ഒരുക്കങ്ങൾക്ക് നെട്ടോട്ടമാണ് -ആന്നലത്തോട് മാനംകുറിച്ചിയിൽ ഫാത്തിമ കൊച്ചുമുഹമ്മദ് എന്ന 81കാരിയുടെ നിരീക്ഷണം.
പാപങ്ങൾ പൊറുക്കാനും പടച്ചവനോട് കൂടുതൽ അടുക്കാനുമുള്ള കൊതിയാൽ നോമ്പുകാലം വരാൻ കാത്തിരിക്കുകയായിരുന്നെന്നും ഓർമവെച്ചനാൾ മുതൽ നോമ്പ് മുടക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. പേരക്കുട്ടി നഷ്വ ഫാത്തിമയെ ചേർത്തിരുത്തിയാണ് അവർ പഴയകാല നോമ്പ് ഓർമകളിലേക്ക് പോയത്.
പണ്ടൊക്കെ റമദാന് മുന്നോടിയായി രാത്രികളിൽ പള്ളികളിൽ മതപ്രഭാഷണം കേൾക്കാൻ പോകുമായിരുന്നെങ്കിൽ ഇന്ന് വീട്ടിലിരുന്നുതന്നെ എല്ലാം കേൾക്കാം. വീട്ടിലുള്ളതുകൊണ്ട് നോമ്പ് തുറക്കുന്ന കാലമായിരുന്നു പണ്ട്. പലതരം വിഭവങ്ങളുടെ ആഘോഷമായിരിക്കുന്നു ഇന്നത്തെ നോമ്പുതുറ. പണ്ട് പള്ളികളിലൊന്നും നോമ്പുതുറ തന്നെ ഇല്ലായിരുന്നെങ്കിൽ ഇന്ന് പള്ളികളിൽ നോമ്പ് തുറയുടെ മത്സരമാണ്.
പണ്ടൊക്കെ ദാരിദ്ര്യത്തിൽ കഴിഞ്ഞ നാളിൽ വീട് വെടിപ്പാക്കലും ധാന്യം ശേഖരിച്ചുവെക്കലും മാത്രമായിരുന്നു ഒരുക്കം. നോമ്പിന് മാംസാഹാരംതന്നെ കിട്ടാറില്ല. ഇന്നത്തെപ്പോലെ അസുഖമൊന്നും പണ്ടില്ലായിരുന്നു. ചെറിയ കുട്ടികൾ പോലും ഇന്ന് നോമ്പെടുക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. പണ്ട് കുട്ടികൾ കുറച്ച് മുതിർന്നാൽ മാത്രമാണ് നോമ്പെടുക്കാൻ പറയാറുള്ളത്. പെണ്ണുങ്ങൾ വീട്ടിൽപോലും തറാവീഹ് (പ്രത്യേക രാത്രി നമസ്കാരം) നമസ്കരിക്കുന്നവർ വളരെ കുറവായിരുന്നു. ഇപ്പോൾ പള്ളികളിലും അല്ലാതെയും സ്ത്രീകൾ കൂട്ടമായി തറാവീഹ് നമസ്കാരം നടത്തുന്നത് വലിയ ആവേശമുണ്ടാക്കുന്നു. അത്താഴത്തിന് ഉണരാൻ ഒരുകൂട്ടം ആളുകൾ വീടുകളിൽ എത്തി കൊട്ടി എഴുന്നേൽപിക്കുന്നത് ഇന്ന് കാണുന്നില്ല. അത്താഴത്തിന് വിളിച്ചുണർത്താൻ വരുന്നവരുടെ ഈമാനിക ആവേശം ഇന്നുമുണ്ട് ഓർമയിൽ. ദീനി വിദ്യാഭ്യാസം എല്ലാവർക്കും കിട്ടിയതിന്റെ മാറ്റങ്ങൾ എല്ലായിടത്തും കാണാം.
നോമ്പ് തുടങ്ങുമ്പോൾതന്നെ പെരുന്നാൾ കുപ്പായത്തിനുള്ള പരക്കം പാച്ചിലൊന്നും അന്നില്ല. അതിനുള്ള പണവും ഇല്ല. അന്നത്തെ അപേക്ഷിച്ച് ഇന്ന് ദാരിദ്ര്യം ഇല്ല എന്നുതന്നെ പറയാം.ആ വ്യത്യാസമാണ് എല്ലായിടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.