ചരിത്രത്തിന്‍റെ സുഗന്ധവുമായി ഈ കുന്തിരിക്കം മ്യൂസിയം
text_fieldsസലാല: സലാലയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണമാണ് കുന്തിരിക്കം മ്യൂസിയം. നിരവധി ചരിത്രരേഖകളും ചരിത്രാവശിഷ്ടങ്ങളും മ്യൂസിയത്തിലുള്ളതിനാൽ വർഷംതോറും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്.
സലാലയിലെയും കിഴക്കൻ ഒമാനിലെയും ഏക മ്യൂസിയം കൂടിയാണിത്. പ്രവാചകൻ മുഹമ്മദ് ഒമാനിലെ ജനങ്ങൾക്ക് അയച്ച കത്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പ്രവാചകന്‍റെ മുദ്രയും ഇതിൽ പതിഞ്ഞിട്ടുണ്ട്. പുരാതന സംസ്കാരത്തിന്‍റെ ഈറ്റില്ലമായി കരുതുന്ന അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിനോട് ചേർന്നാണ് കുന്തിരിക്കം മ്യൂസിയം നിർമിച്ചിരിക്കുന്നത്. കുന്തിരിക്കവും ഒമാന്‍റെ വാണിജ്യ സംസ്കാരവുമായി ഏറെ ബന്ധമുണ്ട്.
ബി.സി മൂവായിരത്തിലെ പ്രധാന ലോക സംസ്കാരങ്ങളായ മൊസപ്പൊട്ടോമിയൻ സംസ്കാരം, സിന്ധു നദീതട സംസ്കാരം, ഈജിപ്ഷ്യൻ സംസ്കാരം എന്നിവയുമായി കുന്തിരിക്കത്തിന് ഏറെ ബന്ധമുണ്ട്. അക്കാലത്ത് ഇവിടങ്ങളിലേക്ക് കുന്തിരിക്കം കയറ്റിയയച്ചിരുന്നത് സലാലയിൽ നിന്നാണ്. തൊട്ടടുത്ത് കിടക്കുന്ന അൽ ബലീദ് തുറമുഖം വഴിയാണ് ഇവ കയറ്റി അയച്ചിരുന്നത്.
മ്യൂസിയത്തിന്‍റെ നടുമുറ്റത്ത് വളർത്തുന്ന കുന്തിരിക്ക മരം കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്. രണ്ട് ഹാളുകളിലായിട്ടാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മറൈൻ ഹാളിൽ ഒമാനും കടലും തമ്മിലുള്ള ബന്ധത്തിന്‍റെ നേർക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നു.
പുരാതന സംസ്കാരത്തിന്‍റെ കാലം മുതൽ ഒമാനികൾ കപ്പൽ യാത്രകൾ നടത്തിയിരുന്നു. അക്കാലത്ത് കടൽ യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകളുടെ രൂപങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചരിത്ര വിദ്യാർഥികൾക്ക് ഏറെ കൗതുകവും അറിവും പകരുന്നതാണ് ഇവ. പല കപ്പലുകളുടെയും നിർമാണവും കാലവും സംബന്ധമായ വിവരങ്ങൾ ഇവിടെനിന്ന് ലഭിക്കും. ഒമാന്‍റെ പുരാതന നൗകകളായ ബാത്തിൽ, അൽ ബൂം, സാംബഖ്, ഗഞ്ച എന്നിവയുടെ രൂപങ്ങളും മ്യൂസിയത്തിലുണ്ട്. ഇതിൽ അൽ ബൂം ഇന്ത്യക്കും ഒമാനുമിടയിൽ യാത്ര നടത്തിയ നൗകയായിരുന്നു. കപ്പലിൽ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും മ്യൂസിയത്തിലുണ്ട്.
മ്യൂസിയത്തിലെ ചരിത്ര ഹാളിൽ അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ നിരവധി പുരാതന വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെ അവശിഷ്ടങ്ങൾ, ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ മറ്റ് ഉപകരണങ്ങൾ എന്നിവ മ്യൂസിയത്തിലുണ്ട്. ഒമാനിലെ ചരിത്രപ്രധാന്യമുള്ള മസ്ജിദുകളുടെയും ശവകുടീരങ്ങളുടെയും മാതൃകകളും കാണാം.
അയ്യൂബ് നബി, ഹൂദ് നബി, സാലിഹ് നബി എന്നിവരുടെ ശവകുടീരങ്ങളുടെ മാതൃകകളുമുണ്ട്. മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിന്‍റെ രൂപവും കാണാം. ഖുർആന്‍റെ വിവിധ രൂപത്തിലും വർണത്തിലുമുള്ള കൈയെഴുത്ത് പ്രതികളും ഒമാനിലെ കവികൾ രചിച്ച കവിതകളുടെ കൈയെഴുത്ത് പ്രതികളും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.