മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം...
text_fieldsറമദാനിൽ നോമ്പെടുക്കുന്നവർ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം. ഭക്ഷണകാര്യത്തിലെ സൂക്ഷ്മത, ആവശ്യത്തിന് വെള്ളം കുടിക്കാനുള്ള ജാഗ്രത, ഉറക്കത്തിന് നിശ്ചിത സമയം കണ്ടെത്തൽ എന്നിവയാണവ.
ഭക്ഷണം ശ്രദ്ധിക്കാം
പകൽ മുഴുവനും അന്നപാനീയങ്ങൾ ഒഴിവാക്കുന്നതിനാൽ നോമ്പു തുറന്ന സമയത്തുള്ള ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. അത്താഴം ഒരു കാരണവശാലും ഒഴിവാക്കരുത്. പകലിലെ ക്ഷീണം കുറക്കാനും ഉണർവ് നൽകാനും അത്താഴം സഹായിക്കും. അതേസമയം, കട്ടിയുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ആഹാരങ്ങളും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കാം. പുളിയുള്ളതും എരിവും കൂടുതൽ മസാല കലർന്നതുമായ ഭക്ഷണങ്ങളും വേണ്ട. ഇവ അസിഡിറ്റിക്ക് കാരണമാകാം.
ഈത്തപ്പഴം, വെള്ളം എന്നിവ ഉപയോഗിച്ച് നോമ്പു തുറക്കാം. നോമ്പു തുറന്ന ഉടനെ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ജ്യൂസുകൾ, ഫ്രൂട്സ്, ഓട്സ്, തരിക്കഞ്ഞി എന്നിവ കഴിക്കാം. ചായയും കാപ്പിയും കൂടുതൽ കഴിക്കുന്നതും കൊഴുപ്പു കൂടിയവയും ഒഴിവാക്കാം. കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹന പ്രശ്നങ്ങൾക്കും ശരീരഭാരം കൂട്ടാനും ഇടയാക്കും. ഭക്ഷണ നിയന്ത്രണത്തിലൂടെ കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ ചെറുക്കാൻ കഴിയും.
വെള്ളം കുടി മുടക്കരുത്
നോമ്പു തുറന്ന ഉടനെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ നിർജലീകരണത്തിന് ഇടയാക്കും. ശരീരത്തിൽ ജലാംശം ആവശ്യമായതിലും താഴെയാണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. മൂത്രാശയ പ്രശ്നങ്ങൾ, മലബന്ധം എന്നിവ ഇതിൽ പ്രധാനമാണ്. നിർജലീകരണം മരണത്തിലേക്കും എത്തിച്ചേക്കാം. നോമ്പ് ഇല്ലാത്ത സമയങ്ങളിൽ മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.
ഉറക്കം കളയേണ്ട
പ്രാർഥനകളിലും മറ്റു കർമങ്ങളിലും മുഴുകുന്നതിനാൽ റമദാൻ രാവുകളിൽ പലർക്കും ഉറക്കം താളംതെറ്റാറുണ്ട്. സുബ്ഹിക്കു മുമ്പേ ഉണരേണ്ടതിനാൽ സ്ത്രീകൾക്ക് ഇത് പ്രയാസം സൃഷ്ടിക്കാറുണ്ട്. ആവശ്യത്തിന് ഉറക്കം കിട്ടാതെ വന്നാൽ ശാരീരിക പ്രവർത്തനത്തെയും ഏകാഗ്രതയെയും ബാധിക്കും. ഒഴിവുവേളകൾ ഉറക്കത്തിനായി നീക്കിവെക്കുക എന്നതാണ് ഇതിൽ പ്രധാനം. രാത്രിയിൽ അനാവശ്യമായി സമയം നഷ്ടമാകാതെയും നോക്കണം. നേരത്തേ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പേ ഭക്ഷണം കഴിക്കുക. മൊബൈൽ ഫോൺ ഉപയോഗം കുറക്കുക. ചായ, കാപ്പി എന്നിവ വേണ്ടെന്നുവെക്കുക എന്നിവ നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.