കാലം നടന്നുതീർത്ത 'സുബൈദ പാത'
text_fieldsപ്രാചീനകാലത്ത് ഹജ്ജ് തീർഥാടകർ അനുഭവിച്ച കഷ്ടപ്പാടുകളുടെ കാലടിപ്പാടുകൾ പതിഞ്ഞുകിടക്കുന്ന ചരിത്രപാതയാണ് 'ദർബ് സുബൈദ'. ഇറാഖിൽനിന്നും മക്കയിലേക്കുള്ള വാണിജ്യ, തീർഥാടന പാതയാണിത്. അബ്ബാസിയ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൻ റഷീദിന്റെ പത്നിയായ രാജ്ഞി സുബൈദയുടെ പേരിലറിയപ്പെടുന്ന ഈ പാത (ദർബ് സുബൈദ)യുടെ ശേഷിപ്പുകൾ ചരിത്രത്തിനിപ്പുറത്തേക്കും തെളിഞ്ഞുകിടക്കുന്നു. 1200 കിലോമീറ്റർ ദൈർഘ്യമുള്ള 'ദർബ് സുബൈദ' അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതനമായ ഹജ്ജ്, വാണിജ്യ റൂട്ടാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ഉൾപ്പെടുത്തിയ 10 ചരിത്രശേഷിപ്പുകളിൽ ഒന്നു കൂടിയാണിത്. എ.ഡി 750 നും 1258 നും ഇടയിൽ നിലനിന്ന അബ്ബാസിയ കാലഘട്ടത്തിലായിരുന്നു സുബൈദ പാതയുടെ പ്രതാപം നിലനിന്നത്.
ഇറാഖിൽനിന്ന് മക്കയിലെത്താൻ നേരത്തേ ഉണ്ടായിരുന്ന പല വഴികളും ഏറെ ദുർഘടം പിടിച്ചതായിരുന്നു. മക്കയിലെത്തിയിരുന്ന അന്നത്തെ പല തീർഥാടകർക്കും ജീവനാശവും വിപത്തും സംഭവിക്കുന്നത് പതിവായിരുന്നു. ഇത് മനസ്സിലാക്കിയ സുബൈദ മണൽക്കാറ്റ്, മോശമായ കാലാവസ്ഥ എന്നിവയിൽനിന്നും യാത്രക്കാർക്ക് സംരക്ഷണമൊരുക്കുന്ന മതിലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും സഹിതം ഒരു പാത ഉണ്ടാക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. ഇറാഖിലെ കൂഫയിൽനിന്ന് മക്കയിലേക്കായിരുന്നു ഈ പാത ഒരുക്കിയിരുന്നത്.
പാതയെ 50ലധികം ഭാഗങ്ങളായി വിഭജിച്ച് 27 സ്റ്റേഷനുകൾ നിർമിച്ചു. ഈ പാതയില്‍ 40ല്‍പരം സ്ഥലങ്ങളിൽ മനുഷ്യര്‍ക്കും ഒപ്പം വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവയ്ക്കും വിശ്രമ സങ്കേതങ്ങള്‍, പഥികർക്ക് കുടിവെള്ളത്തിനും മറ്റും ധാരാളം കിണറുകൾ, കുളങ്ങൾ, പ്രാർഥിക്കാൻ പള്ളികൾ, സുരക്ഷക്ക് പൊലീസ് പോസ്റ്റുകൾ എന്നിവയും നിർമിച്ചു. യാത്രാസംഘങ്ങള്‍ക്ക് ദിക്കുകള്‍ അറിയാനായി ഉയരത്തില്‍ മിനാരങ്ങളും വിളക്ക് കാലുകളും സ്ഥാപിച്ചിരുന്നു. വഴികാട്ടിയായി പാതയോരങ്ങളിൽ ഗോപുരങ്ങൾ നിർമിച്ച് അതിൽ രാത്രി അഗ്നി തെളിയിച്ച് വെളിച്ചം തെളിയിച്ചു. നിർമാണ വൈഭവം കാരണം നൂറ്റാണ്ടുകളോളം സുബൈദ പാത കേടുകൂടാതെ കിടന്നു.
ഇറാഖ്, ഖുറാസാൻ, ഖുർദിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കോടിക്കണക്കിനാളുകൾ ആയിരത്തിലധികം വർഷം ഈ പാതയിലൂടെ യാത്രചെയ്തു എന്നാണ് ചരിത്രം പറയുന്നത്. ആധുനിക കാലത്ത് പുതിയ യാത്രാസൗകര്യങ്ങൾ വന്നതോടെ ക്രമേണ ഈ പാത കലഹരണപ്പെടുകയായിരുന്നു. ഇപ്പോഴും തെളിഞ്ഞുകിടക്കുന്നുണ്ടെങ്കിലും പാതയുടെ ചില ഭാഗങ്ങളെങ്കിലും അപ്രത്യക്ഷമായി. പകരം വീടുകളും വലിയ കെട്ടിടങ്ങളും പുതിയ റോഡുകളും വന്നു.
1300 വർഷം കഴിഞ്ഞിട്ടും നാശംവരാതെ ശേഷിക്കുന്ന കിണറുകളും കുളങ്ങളും മറ്റും പാതയിൽ പലയിടത്തും കാണാം. ദുർബത് ഹാഇലിന് 20 കിലോമീറ്റർ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ബിർക അൽബിദ്ദ, 70 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന ബിർക അൽഅരീശ്, റഫ്ഹയുടെ 14 കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ബിർക അൽജുമൈമ, ബുഖായിൽനിന്ന് 50 കിലോമീറ്റർ വടക്കുകിഴക്കായി ബിർക സറൂദ് എന്നിവ ദർബ് സുബൈദയുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നവയാണ്.
സുബൈദ ഈ പദ്ധതിക്കായി അന്നത്തെ 17 ലക്ഷം 'മിദ്ക്കാൽ' (5950 കിലോ ഗ്രാം ശുദ്ധ സ്വർണം) ചെലവഴിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ അഞ്ച് പട്ടണങ്ങളിലൂടെയാണ് പാത കടന്നുപോയിരുന്നത്. മക്ക, മദീന, വടക്കൻ അതിർത്തി മേഖല, ഹാഇൽ, അൽഖസീം തുടങ്ങിയ ഭാഗങ്ങളിലുള്ള പാതയുടെ ശേഷിപ്പുകൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് ഇപ്പോൾ സംരക്ഷിച്ചുവരുന്നു. ദേശീയ പരിവർത്തന പദ്ധതിയുടെ പൈതൃക സംരക്ഷണ പരിപാടിയിൽപെടുത്തി പുനരുദ്ധരിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം തീര്‍ഥാടകര്‍ ആയിരത്തിലേറെ സംവത്സരങ്ങള്‍ പ്രയോജനപ്പെടുത്തിയ ഈ പാത ചരിത്ര സ്മാരകമായി ഇന്നും സംരക്ഷിച്ചുവരുന്നു. വര്‍ഷത്തില്‍ ആറുമാസം തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞിരുന്ന പാത ബാക്കി ആറുമാസം കച്ചവടക്കാരും പ്രദേശവാസികളും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.