കാലം മാറി; ‘അത്താഴംകൊട്ട്’ മൊബൈലിലും
text_fieldsബാലരാമപുരം: നോമ്പുകാലങ്ങളിൽ മുമ്പ് അത്താഴത്തിന് വിളിച്ചുണര്ത്തിയിരുന്ന അത്താഴം കൊട്ട് ഇല്ലാതായതോടെ മൊബൈലില്‍ അത്താഴത്തിന് വിളിച്ചുണര്‍ത്തുന്ന ‘അത്താഴംകൊട്ടു’കാരുടെ ഗ്രൂപ്പുകള്‍ സജീവം. അത്താഴം കൊട്ടില്ലെങ്കിലും മൊബൈലില്‍ വിളിച്ചുണര്‍ത്തുന്ന അത്താഴമുണര്ത്തുകാര് നിരവധി. പതിറ്റാണ്ട് മുന്നെയുണ്ടായിരുന്ന അത്താഴം കൊട്ട് നിലച്ചതോടെയാണ് മൊബൈലില്‍ അത്താഴത്തിന് വിളിച്ചുണര്ന്ന കൂട്ടായ്മ രൂപപ്പെട്ടത്.
പുലര്‍ച്ചെ 3.30 മുതല്‍ ഓരോ പ്രദേശത്തെയും വീടുകളിലും അവരുടെ സുഹൃത്തുക്കളെ മൊബൈലില്‍ വിളിച്ച് അത്താഴത്തിനുണര്ത്തുന്നു. ദിനവും നൂറിലെറെ പേരെ ഇത്തരത്തില്‍ വിളിച്ചുണര്ന്നവരും നിരവധിയാണ്. ജില്ലയിൽ പല കേന്ദ്രങ്ങളിലും ഇത്തരത്തില്‍ പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ട്. അത്താഴത്തിന് വിളിച്ചുണര്ത്തണമെന്നറിയിച്ച് ഇവര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്കിയാല് കൃത്യമായി മൊബൈലില്‍ വിളിവരും. വിളിക്കുന്നയാള്‍ ഉണര്‍ന്നു എന്ന് ഉറപ്പായാല്‍ മാത്രമെ മൊബൈലിലെ ബെല്ലടിയും നിലക്കൂ.
റമദാനിലെ ചാരിറ്റിയാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലരാമപുരത്തെ ഓരോ പ്രദേശത്തും കൊട്ടുകളുമായെത്തി നോമ്പുകാരെ വിളിച്ചുണര്ത്തിയിരുന്ന അത്താഴം കൊട്ടി സംഘങ്ങളുണ്ടായിരുന്നു. ഇന്ന് അത്താഴം കൊട്ടുമില്ല, അത് പണിചെയ്തിരുന്നവർ അവസാനിപ്പിക്കുകയും ചെയ്തു.
മൊബൈലില്‍ അലാറം വെച്ച് അത്താഴത്തിന് എഴുന്നേല്ക്കാന് ശ്രമിക്കുമെങ്കിലും പലപ്പോഴും അതിന് സാധിക്കാതെ വന്നതോടെചിലരുടെ മനസ്സിലുദിച്ച ആശയമാണ് മൊബൈലില്‍ അത്താഴത്തിന് വിളിച്ചുണര്‍ത്തുന്ന ആശയം. മൊബൈല്‍ അത്താഴം കൊട്ട് വലിയ വിജയത്തിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.