സഹിഷ്ണുതയുടെ ഹിന്ദു മന്ദിര്‍
text_fieldsആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കും സഹിഷ്ണുതയുടെ മഹനീയ മാതൃകയായും കൊത്തുപണികളാല്‍ അലംകൃതമായി നിര്‍മാണം പൂര്‍ത്തിയാവുകയാണ് അബൂദബിയിലെ ബാപ്‌സ് ഹിന്ദു മന്ദിര്‍. അക്ഷര്‍ധാം മാതൃകയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്‍റെ ആദ്യ മാര്‍ബിള്‍ സ്തംഭം കഴിഞ്ഞ ദിവസം സ്ഥാപിച്ചപ്പോള്‍, യു.എ.ഇ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സയൂദി അടക്കം നിരവധി പ്രമുഖരാണ് സാന്നിധ്യമായത്.
പ്രാര്‍ഥനാ മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ചടങ്ങില്‍ ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദപുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിക്കുന്നത്.
അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറില്‍ ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടെ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം മധ്യപൂര്‍വദേശത്തെ ഏറ്റവും വലുതായിരിക്കും. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായാണ് ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിച്ചത്. 2024ല്‍ ക്ഷേത്രം ആരാധനയ്ക്കായി തുറക്കാനാണ് അധികൃതരുടെ പദ്ധതി. 32 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കേയാണ് ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്‍പങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു. ഇവ നിര്‍മാണം പുരോഗമിക്കുന്നതിന് അനുസരിച്ച് ക്ഷേത്രത്തില്‍ സ്ഥാപിക്കും.
ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവയും ക്ഷേത്രത്തോട് അനുബന്ധിച്ച് സജ്ജമാക്കുന്നുണ്ട്.
ഡോ. താനി ബിന്‍ അഹ്മദ് അല്‍ സയൂദിക്കു പുറമേ സാമൂഹിക വികസന വിഭാഗം ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ, പരിശീലന വികസന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തെയാബ് അല്‍ കമാലി, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ഈശ്വർ ചരണ്‍ സ്വാമി, ബ്രഹ്മവിഹാരി ദാസ് സ്വാമി എന്നിവരാണ് ആദ്യ മാര്‍ബിള്‍ സ്തംഭം ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ പ്രതിഫലനമായിരുന്നു ക്ഷേത്ര സ്തംഭ സ്ഥാപനച്ചടങ്ങിലെ മന്ത്രിയടക്കമുള്ള യു.എ.ഇ ഉദ്യോഗസ്ഥരുടെ സാന്നിധ്യമെന്ന് ബി.എ.പി.എസ് ഹിന്ദുമന്ദിറിലെ പ്രധാന കാര്‍മികന്‍ സ്വാമി ബ്രഹ്മവിഹാരി ദാസ് അഭിപ്രായപ്പെട്ടു. അബൂദബി എമിറേറ്റിലെ ഇസ്‌ലാമിതര സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ സാമൂഹിക വികസന വകുപ്പിന് കീഴിലാണുള്ളത്. 17 ചര്‍ച്ചുകളും ഗുരുദ്വാരയും പൂര്‍ത്തിയായി വരുന്ന ഹിന്ദു മന്ദിറും അടങ്ങുന്നതാണ് ആരാധനാലയങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.