കളരികളിൽ പരിശീലനം തകൃതി; ഓച്ചിറക്കളിക്ക് ഒരുങ്ങി പടനിലം
text_fieldsഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി 16 നും 17 നും പടനിലത്ത് നടക്കും. രാജഭരണ കാലത്തെ ആയോധനമുറകൾ ഉണർത്തുന്ന ഓച്ചിറക്കളിക്ക് ഓണാട്ടുകരയിലെ കളരികളിൽ തീവ്രപരിശീലനം അവസാന ഘട്ടത്തിലാണ്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലേയും കളരികളിൽ പരിശീലനം പുരോഗമിക്കുകയാണ്. കളരികളിൽ ദിവസവും പുലർച്ചയും വൈകുന്നേരവുമാണ് അഭ്യാസമുറകൾ പരിശീലിപ്പിക്കുന്നത്.
ആദ്യം ദേഹാഭ്യാസത്തിനും മെയ് വഴക്കത്തിനും യോദ്ധാക്കളെ പ്രാപ്തരാക്കുന്ന ചിട്ടകളാണ് പരിശീലിപ്പിക്കുന്നത്. തുടർന്ന് പ്രത്യേക വായ്ത്താരിയോടുള്ള 12 ചുവടുകളും 18 അടവുകളും പരിശീലിപ്പിക്കും. അതിനുശേഷം വടി, വാൾ, പരിച, കഠാര തുടങ്ങിയവകൊണ്ടുള്ള വെട്ടും തടയും പരിശീലിപ്പിക്കും. അഞ്ചുവയസ് മുതൽ 85 വയസുവരെയുള്ളവർ ഓച്ചിറക്കളിയിൽ പങ്കെടുക്കും. തഴവയിൽ നിന്നും വെള്ളിമൺ നിന്നും എത്തുന്ന കളരിപയറ്റു സംഘങ്ങളുടെ പ്രകടനം പടനിലത്ത് കാണികൾക്ക് കൗതുകം പകരും
ഓച്ചിറക്കളി നടക്കുന്ന എട്ടു കണ്ടവും പടനിലവും വൃത്തിയാക്കി. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്ന ആശാൻമാർക്കും യോദ്ധാക്കൾക്കും അണിയാൻ ബനിയൻ ഭരണസമിതി നൽകും. കളി ആശാൻമാർക്ക് ചുവപ്പു നിറത്തിലുള്ള ബനിയനുകളാണ് നൽകുക. ദേശീയപാതക്ക് പടിഞ്ഞാറുഭാഗത്തു നിന്നെത്തുന്ന യോദ്ധാക്കൾക്ക് നീല നിറത്തിലും കിഴക്കുഭാഗത്തു നിന്നുള്ള യോദ്ധാക്കൾക്ക് മഞ്ഞ നിറത്തിലുള്ള ബനിയനുമാണ് വിതരണം ചെയ്യുന്നത്.
മുന്നൂറോളം കളി സംഘങ്ങൾ എത്തുമെന്നാണ് ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രതീക്ഷിക്കുന്നത്. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നവർക്ക് രണ്ടു ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം നൽകും. ഇതിനായി 7,000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. ആചാരപ്രകാരമുള്ള ഘോഷയാത്രയും അനുബന്ധ ചടങ്ങുകളും 16ന് രാവിലെ 11.30ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.