ത്വാഇഫിന്റെ വാസ്തുവിദ്യ വിസ്മയമായി 'ശുബ്ര' കൊട്ടാരം
text_fieldsജുബൈൽ: സൗദിയിലെ മികച്ച വാസ്തുവിദ്യ വിസ്മയമായി താഇഫിലെ ശുബ്ര കൊട്ടാരം നൂറ്റാണ്ട് നീണ്ട ചരിത്രത്തിനു മുകളിലേക്ക് തലയുയർത്തിനിൽക്കുന്നു. ചുറ്റും വലിയ തോട്ടങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയുമുള്ള കൊട്ടാരത്തിന്റെ നിർമാണം 1905ൽ അലി ബിൻ അബ്ദുല്ല ബിൻ ഔൻ പാഷയാണ് ആരംഭിച്ചത്.
സുലൈമാൻ ബേ അൽ-തുർക്കിയുടെ മേൽനോട്ടത്തിൽ 1907ൽ നിർമാണം പൂർത്തിയായി. ത്വാഇഫിലെ സാകര, മിസ്ർ, അൽ-ഖൈം പർവതങ്ങളിൽനിന്നുള്ള കല്ലുകൾ, പ്രാദേശികമായി ലഭിച്ച മരത്തടികൾ എന്നിവകൊണ്ടാണ് കൊട്ടാരം കെട്ടിപ്പടുത്തിരിക്കുന്നത്. പ്രധാന കെട്ടിടത്തിൽ ഒരു നിലവറയും മേൽക്കൂരയും കൂടാതെ നാലു നിലകളിൽ ഉയർന്ന തൂണുകളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ത്വാഇഫിലെ പ്രാദേശിക ചരിത്ര മ്യൂസിയമായി ശുബ്ര കൊട്ടാരത്തെ പിന്നീട് മാറ്റി. അവിടെ ഇസ്ലാമിക പുരാവസ്തുക്കൾ, കൈയെഴുത്തുപ്രതികൾ, എഴുത്ത് ഉപകരണങ്ങൾ എന്നിവക്കൊപ്പം നിരവധി പുരാവസ്തു, ചരിത്ര, പൈതൃക ശേഖരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിലെ ഖുർആൻ പ്രതിയാണ് മ്യൂസിയത്തിലെ ഏറ്റവും വലിയ ആകർഷണം.
നിരവധി ആയുധങ്ങൾ, റൈഫിളുകൾ, ഹിജാസി വസ്ത്രങ്ങൾ എന്നിവയും ഇവിടെയുണ്ട്. കാലിത്തൊഴുത്ത്, ധാന്യങ്ങൾ പൊടിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഭക്ഷണപാനീയത്തിനുള്ള പത്രങ്ങൾ, പൈതൃക ശകലങ്ങൾ തുടങ്ങിയവ മ്യൂസിയത്തെ സമ്പന്നമാക്കുന്നു. കൊട്ടാരത്തിന്റെ ചരിത്രപരവും കലാപരവുമായ വിശദാംശങ്ങൾ സംരക്ഷിക്കുന്നതിനായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ സന്ദർശകർക്കായി കൊട്ടാരം തുറന്നുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.