വെളിച്ചപ്പാടായി കളത്തിലെത്തി പന്ത്രണ്ടുകാരൻ ആദിദേവ്
text_fieldsപന്തളം: കൂരമ്പാല പുത്തൻകാവ് ദേവീക്ഷേത്രത്തിലെ പ്രതിപുരുഷനായ വെളിച്ചപ്പാടായി 12 വയസ്സുകാരൻ ആദിദേവ്. കൂരമ്പാല പടയണിയുടെ 11ാം ദിവസം വിനോദ രൂപങ്ങൾക്കിടയിൽ കണ്ട പ്രത്യേകതയായിരുന്നു കളത്തിൽ എത്തിയ ആദിദേവ്.
കൂരമ്പാല ആറുതുണ്ടിൽ ശ്രീജിത്തിന്റെയും അഖിലയുടെയും മകനായ ആദിദേവ് കാഴ്ചക്കാർക്കും കരവാസികൾക്കും ഇടയിൽ പൊട്ടിച്ചിരി സമ്മാനിച്ചു. ബാധ ഒഴിപ്പിക്കാൻ എത്തുന്നതാണ് രംഗം. ഒപ്പം ദൃഷ്ടാന്തവും പറയുന്നുണ്ട്.
2016 അടവിയിൽ പരദേശിയിൽ കാച്ചി കിഴയ്ക്കായായി കളത്തിലെത്തിയിരുന്നു ആദിദേവ്. വെളിച്ചപ്പാടിനൊപ്പം പ്രേതമായി എത്തിയതും കൂരമ്പാല പടയണി കളരിയിലെ കൊച്ചു കലാകാരനായ ആനന്ദ് കൃഷ്ണനും ആയിരുന്നു. കൂരമ്പാല പടയണി ചൊവ്വാഴ്ച സമാപിക്കും. സമാപന ദിവസം കരക്കാർ ഭൈരവികോലവുമായി ചിറമുടിയിൽ എത്തി തുള്ളിയൊഴിക്കൽ ചടങ്ങ് നടത്തും.
അടവിക്കുവേണ്ടി വിളിച്ചുവരുത്തുന്ന പിശാചുക്കളെ ചിറമുടിയിലേക്ക് ഒഴിച്ചുവിടുന്നു എന്നതാണ് ഇതിന്റെ വിശ്വാസം. തുള്ളിയൊഴിക്കൽ ചടങ്ങ് തീർന്നാൽ പിന്നെ കാത്തിരിപ്പാണ് അഞ്ചുവർഷത്തെ ഇടവേള തീരാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.