തീർഥാടകർക്ക് കൗതുകവും തണലും പകർന്ന് മദീനയിലെ യന്ത്രക്കുടകൾ
text_fieldsമദീന: മനം കുളിരുന്ന തീർഥാടനത്തിനെത്തിയ വിശ്വാസികൾക്ക് വിസ്മയമായി മദീന മുനവ്വറയുടെ അങ്കണത്തിലെ യന്ത്രക്കുട. ആദ്യമായി മദീനയിൽ എത്തുന്ന തീർഥാടകർക്ക് സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന മനോഹരമായ കുടകൾ കൗതുകക്കാഴ്ച കൂടിയാണ് . രാത്രിയാകുമ്പോൾ സ്വയം മടങ്ങുകയും പകൽ വെട്ടം വീണാൽ നിവരുകയും ചെയ്യുന്ന വൈദ്യുതി കുടകളും മാർബിൾ തറയും മദീന പള്ളിയിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
പള്ളിയുടെ നാലുചുറ്റും മുറ്റത്ത് കോൺക്രീറ്റ് തൂണുകളിൽ സ്ഥാപിച്ച 250 ഇലക്ട്രിക് കുടകൾ പ്രാർഥനക്കെത്തുന്ന അഞ്ചു ലക്ഷത്തിലധികം പേർക്ക് ഒരേ സമയം കത്തുന്ന വേനലിൽനിന്ന് സംരക്ഷണം ഒരുക്കി തണൽ വിരിക്കുന്നു. മസ്ജിദിനുള്ളിലെ അൽ-ഹസ്വത്തിൽ സ്ഥാപിച്ച മൊബൈൽ കുടകൾക്ക് പുറമെയാണിത്. പ്രകൃതിദത്തമായ തണുത്ത വായു പള്ളിയുടെ ഉള്ളിലേക്ക് കടത്തിവിടാനും ഇത് സഹായിക്കുന്നു. പകൽസമയത്ത് കടുത്ത വെയിലിൽനിന്ന് വിശ്വാസികളെ സംരക്ഷിക്കുകയും തണുത്ത വായുവിനെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
മസ്ജിദിന്റെ മുറ്റത്ത് പാകിയ പ്രത്യേക തരം മാർബിൾ സൂര്യരശ്മികളിൽ നിന്നുള്ള ചൂട് ആഗിരണം ചെയ്യുകയും വേനൽകാലത്ത് എത്ര ചൂടുള്ളതാണെങ്കിലും താപനില മിതമായ അളവിൽ നിലനിർത്തുകയും ചെയ്യുന്നു.
ശൈത്യകാലത്ത് ഇവ താപനില ഉയർത്തുകയും ചെയ്യുന്നു. മസ്ജിദിൽ നമസ്കാരത്തിന് എത്തുന്നവർ, തീർഥാടകർ, ഉംറ നിർവഹിക്കുന്നവർ തുടങ്ങിയവർക്ക് ആശ്വാസത്തോടെയും അനായാസമായും കർമങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഇവയെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.