റമദാനിലെ ഉംറ
text_fieldsറമദാൻ അവസാനത്തെ പത്തിൽ പ്രവേശിക്കുമ്പോൾ ഏതാനും വർഷങ്ങൾക്കു മുമ്പ് യാത്രപോയ ഉംറ, അതാണ് ഓർമയിൽ വരുക. റമദാനിൽ ഉംറ ചെയ്താൽ നബിയുടെ കൂടെ ഹജ്ജ് ചെയ്ത പ്രതിഫലമാണ് ലഭിക്കുക. ഉംറ എന്നു പറയുമ്പോഴേ എല്ലാവരും പറയും യാത്ര ബസിലാകണം. എങ്കിലേ എല്ലാ ക്ലേശങ്ങളും അറിയാൻ പറ്റുള്ളൂ എന്ന്. ഒരർഥത്തിൽ സത്യം തന്നെയാണ് അത്.
11.30ന് ബഹ്റൈനിൽനിന്നു പുറപ്പെട്ടെങ്കിലും പലകാരണങ്ങളാൽ സൗദി പാലത്തിൽനിന്നു നോമ്പ് തുറന്നാണ് ഞങ്ങൾ യാത്രതിരിക്കുന്നത്. ഫുഡ് കഴിക്കാനും ബാത്റൂമിൽ പോവാനും ഒക്കെ ഡാബ പോലെയുള്ള സ്ഥലങ്ങളിൽ ബസ് നിർത്താറാവുമ്പോൾ റോഡ് വേർതിരിക്കാൻ വെക്കുന്ന ലൈൻ ഡിവൈഡറിന് മുകളിലൂടെ ഓടിച്ചാണ് ഡ്രൈവർ ബസിലുള്ള ആൾക്കാരെ എഴുന്നേൽപിക്കുക. അത്രയും ശബ്ദവും കുലുക്കവുമായിരിക്കും ആ സമയത്ത്. ഞങ്ങൾ മക്കയിൽ എത്തുന്നത് വെള്ളിയാഴ്ച ജുമുഅ സമയം ആയിരുന്നു.
നല്ല ചൂടായതിനാൽ ബസിറങ്ങി പള്ളിക്കടുത്ത് എത്തുമ്പോഴേക്കുതന്നെ എല്ലാവരും തളരും. പള്ളി നിറഞ്ഞതിനാൽ ഞങ്ങൾക്ക് പൊരിവെയിലത്തുനിന്ന് നിസ്കരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. മോൾ അന്ന് എട്ടിൽ പഠിക്കുന്ന സമയം. നമസ്കാരം കഴിയുമ്പോഴേക്കും ചൂടുകാരണം അവൾ ആകെ തളർന്നിരുന്നു. നോമ്പ് മുറിക്കണം എന്ന അവസ്ഥയിലേക്ക് എത്തി. കണ്ണിൽ ഇരുട്ടുകയറി, തലകറങ്ങി ആകെ എന്താണ് ചെയ്യേണ്ടത് എന്നറിയാൻ പറ്റാത്ത അവസ്ഥ. മോളെ ചേർത്തുപിടിച്ചു നടക്കുമ്പോൾ എതിരെ വന്ന ഒരു അറബി സ്ത്രീ കൈയിലുണ്ടായ കുപ്പിവെള്ളം മോളുടെ തലയിലേക്ക് ഒഴിച്ചു.
അറബിയിൽ ‘‘സം സം ആണ് ഒന്നും പേടിക്കേണ്ട’’ എന്നു പറഞ്ഞു. അത്ഭുതം എന്നേ പറയാൻ പറ്റൂ, ആകെ തളർന്ന മോൾ പെട്ടെന്ന് ഉണർന്നു. അന്ന് രാത്രിയോടെ ഉംറ കർമങ്ങൾ എല്ലാം കഴിഞ്ഞു. നോമ്പ് തുറക്കാൻ സംസം വെള്ളവും ഈത്തപ്പഴവും അവർ നൽകുമായിരുന്നു. ഞങ്ങൾക്ക് ഭക്ഷണം ഒന്നും അകത്ത് കൊണ്ടുപോകാൻ അനുവാദമില്ലായിരുന്നു.
ചില ഏരിയകളിൽ സ്ത്രീകൾ കുബ്ബൂസും ഈത്തപ്പഴവും അകത്ത് കൊണ്ടുവന്ന് അടുത്ത് നിൽക്കുന്നവർക്ക് വിതരണം ചെയ്യുമായിരുന്നു. ഒരു കുബ്ബൂസ് നാലായി മുറിച്ച് ആ ഒരു കഷ്ണത്തിൽ ഈത്തപ്പഴം പൊതിഞ്ഞാണ് തരുന്നത്. ആദ്യം ഒന്നും മനസ്സിലായില്ല. അടുത്ത് ഇരിക്കുന്നവർ കഴിക്കുമ്പോഴാണ് മനസ്സിലായത് ഈത്തപ്പഴം കുരു കളഞ്ഞ് കുബ്ബൂസിനോടുകൂടി കഴിക്കുകയാണ് ചെയ്യേണ്ടത് എന്ന്. അറബികളുടെ പഴയകാല ഭക്ഷണം കുബ്ബൂസും ഈന്തപ്പഴവും ആണെന്ന് കേട്ടിരുന്നു. അന്നാണ് ശരിക്കും അതിന്റെ രുചി അറിയുന്നത്.
ഓരോ ദിവസവും ഇതേപോലെ ഓരോ അനുഭവങ്ങളായിരുന്നു. ഏകദേശം പത്തു ദിവസം ഞങ്ങൾക്ക് മക്കയിൽ നിൽക്കാൻ സാധിച്ചു. പെരുന്നാൾ ദിവസം നമസ്കാരം കഴിഞ്ഞ ഉടനെ മദീനയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയിൽ ഉഹദ് മല, മസ്ജിദ് ക്യുബ നബി കൂടുതൽ സമയം ചെലവഴിച്ചിരുന്ന പള്ളി എന്നിവയൊക്കെ കണ്ടു. മഗ്രിബ് സമയമാണ് മദീനയിൽ എത്തുന്നത്. അവിടെ രണ്ടു രാത്രി. നല്ലൊരു കാലാവസ്ഥയിൽ മക്കയിലും മദീനയിലും പോയി അവിടെയുള്ള പുണ്യസ്ഥലങ്ങൾ മുഴുവൻ കാണണം എന്ന ആഗ്രഹം ഇന്നും ബാക്കിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.