ഉംറ സീസൺ: മദീന സന്ദർശിക്കാനെത്തിയ തീർഥാടകർ ഒരു ലക്ഷം കവിഞ്ഞു
text_fieldsയാംബു: മുഹർറം ഒന്ന് മുതൽ പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ മദീനയിലെത്തിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടകരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് മദീനയിലെ മസ്ജിദുന്നബവി സന്ദർശനം. വിദേശ തീർഥാടകർ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും എത്തുന്നുണ്ട്.
ഞായറാഴ്‌ച മാത്രം 5,452 തീർഥാടകർ മദീന വിമാനത്താവളം വഴിയെത്തി. ഈ സീസണിൽ ഒരു മാസത്തിനിടെ മദീന സന്ദർശിച്ച തീർഥാടകരുടെ എണ്ണം 1,01,109 ആണ്. ഇതിൽ ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ 22,509 തീർഥാടകർ മദീനയിൽനിന്ന് വിമാനമാർഗം തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോയതായും മന്ത്രാലയം വ്യക്തമാക്കി. ഉംറക്കും മദീന സന്ദർശനത്തിനും ആവശ്യമായ സൗകര്യങ്ങളും ചട്ടങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഉംറക്കും മദീനയിലെ റൗദ സന്ദർശനത്തിനും 'ഇഅ്തമർനാ' മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് അനുമതി പത്രം നേടേണ്ടത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന 2,000-ത്തിലധികം ഏജന്റുമാരുണ്ട്.
10 മാസത്തിലേറെ നീളുന്ന ഉംറ സീസണിൽ ഒരു കോടി തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കമാണ് മന്ത്രാലയം നടത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.