ഹറമിലെ 35 വർഷത്തെ നോമ്പുകാലം ഓർത്തെടുത്ത് ഉസ്മാൻകുട്ടി
text_fieldsആറാട്ടുപുഴ (ആലപ്പുഴ): മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന റൗദ ഷരീഫിന്റെ ചാരത്ത് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞതിന്റെ ഓർമകൾ ഉസ്മാൻകുട്ടിയുടെ മനസ്സിൽ കുളിർമഴയായി ഇപ്പോഴും പെയ്തിറങ്ങുകയാണ്. ജീവിതത്തിൽ തനിക്ക് ലഭിച്ച മറ്റെന്തിനെക്കാളും വലിയസൗഭാഗ്യമാണിതെന്ന് അദ്ദേഹം പറയുന്നു. കായംകുളം കണ്ടല്ലൂർ കൊപ്രാപ്പുരയിൽ വീട്ടിൽ ഉസ്മാൻകുട്ടി (82) ഹറമിലെ നോമ്പുകാലം ഓർത്തെടുക്കുകയാണ്.
കായംകുളം മേടമുക്കിൽ പലചരക്ക് കട നടത്തുന്നതിനിടെ 40ാമത്തെ വയസ്സിലാണ് ജോലിതേടി സൗദിയിലേക്ക് പോകുന്നത്. നാല് പെണ്ണും ഒരാണും ഉൾപ്പെടെ അഞ്ച് മക്കളാണുള്ളത്. പെൺമക്കളെ കെട്ടിച്ചയക്കാൻ നാട്ടിൽനിന്നിട്ട് കാര്യമില്ലെന്ന തോന്നലിലാണ് കടൽകടന്നത്.
മദീന പള്ളിയിലെ ബാബു സിദ്ദീഖിൽ ശുചീകരണ തൊഴിലാളിയായിട്ടാണ് ജോലി ലഭിച്ചത്. പൊലീസ് ക്യാമ്പ് ഉൾപ്പെടുന്ന സ്ഥലമാണിത്. ശമ്പളവും താമസസൗകര്യവുമൊക്കെ പരിമിതമായിരുന്നു. എന്നാൽ, പുണ്യഗേഹത്തിൽ നമസ്കരിക്കാനും തിരുനബിയുടെ ചാരത്ത് ജോലി ചെയ്യാനും കിട്ടിയ സൗഭാഗ്യത്തിൽ മറ്റ് പ്രശ്നങ്ങൾ ഉസ്മാൻകുട്ടിക്ക് കുറവായി തോന്നിയില്ല.
നീണ്ട 35 കൊല്ലം ഈ ജോലിയിൽ തുടർന്നു. ഈ കാലയളവിൽ കടൽകടന്ന് എത്തിയ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എപ്പോഴും ആളുകൾ എത്തിയിരുന്ന വിശുദ്ധ ഇടമായതിനാൽ തിരക്കൊഴിഞ്ഞ നേരമില്ല. നോമ്പുകാലത്ത് പ്രത്യേകിച്ചും.
ഹറമിലെ നോമ്പുകാലം ജീവിതത്തിൽ മറക്കാനാകാത്ത ഒന്നാണ്. മറ്റൊരു ചിന്തയും ഹറമിലെ നോമ്പുകാലത്ത് അലട്ടിയിട്ടില്ല. നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട് പ്രാർഥനയും ജോലിയും നിർവഹിക്കാൻ കഴിയുന്നുവെന്നതാണ് പ്രധാന കാര്യം. പ്രത്യേക അനുഭൂതിയാണ് ഹറമിലെ നോമ്പുകാലം സമ്മാനിച്ചത്.
പുണ്യം പ്രതീക്ഷിച്ച് നാനാദിക്കുകളിൽനിന്ന് പതിനായിരങ്ങൾ എത്തുന്ന ഇടത്ത് സ്ഥിരമായി ആരാധന നിർവഹിക്കാൻ ലഭിച്ച സൗഭാഗ്യമാണ് മറ്റെന്തിനെക്കാളും വലുത്. കായംകുളം മാമയെന്നാണ് ഉസ്മാൻകുട്ടിയെ അറിയപ്പെട്ടിരുന്നത്. ഹറമിൽ കേരളത്തിൽനിന്ന് പ്രത്യേകിച്ച് ആലപ്പുഴയിൽനിന്ന് എത്തുന്നവർക്ക് ഏറെസഹായവും ചെയ്തുകൊടുത്തിട്ടുണ്ട്.
ശാരീരിക അവശതകൾ മൂലം 75ാം വയസ്സിലാണ് ഹറമിൽനിന്ന് വിട പറയുന്നത്. നാട്ടിലെത്തിയിട്ട് ഏഴു വർഷമായി. ഹറമിലെ സമാധാനം നിറഞ്ഞ ജീവിതവും നോമ്പുതുറയും ചൈതന്യം നിറയുന്ന ഓർമകളും മനസ്സിൽ നിറച്ചാണ് ഉസ്മാൻകുട്ടി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.