വർഗീസിന്റെ പുൽക്കൂട് കേടുകൂടാതെ സൂക്ഷിക്കാം; അഴിച്ചുവെക്കാം
text_fieldsവർഗീസിന്റെ പുൽക്കൂട് നിർമാണത്തിന് കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വാഹനങ്ങളുടെ ബോഡി ബിൽഡിങ് തൊഴിലാളിയായിരുന്ന എഴുപുന്ന കളത്തിൽ വർഗീസ് യാദൃശ്ചികമായാണ് അറിയപ്പെടുന്ന പുൽക്കൂട് നിർമാതാവായത്.
വീട്ടിലേക്ക് കുഞ്ഞൻ പുൽക്കൂട് ഉണ്ടാക്കിയതാണ് തുടക്കം. ഈടുറ്റതും ഭംഗിയുള്ളതും അടുത്തവർഷങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നതുമായ പുൽക്കൂട് കണ്ടവർക്കെല്ലാം ഇഷ്ടമായി. കൂടുതൽ ആവശ്യക്കാരുണ്ടായപ്പോൾ 24 പുൽക്കൂടുകൾ ഉണ്ടാക്കി. അടുത്ത ക്രിസ്മസിന് മുമ്പേ ആവശ്യക്കാർ വർധിച്ചതോടെ 200 പുൽക്കൂടുകൾ നേരത്തെയുണ്ടാക്കി വിൽപന നടത്തി.
പിന്നെയുള്ള വർഷങ്ങളിൽ വർക്ഷോപ്പിൽനിന്ന് കൂടുതൽ ദിവസം അവധിയെടുത്തു. പുൽക്കൂടുകളുടെ എണ്ണം ആയിരങ്ങളായി. ക്രിസ്മസ് എത്തും മുമ്പേ കടകളിൽനിന്ന് ഓർഡറുകൾ എടുത്തിരുന്നു. അതിനൊപ്പം പുൽക്കൂട് നിർമാണത്തിന്റെ അസംസ്കൃത വസ്തുക്കളുടെ ശേഖരണവും തുടങ്ങി.
പ്ലൈവുഡ് ഷീറ്റുകളിൽ പെയിന്റ് കൊണ്ട് ഇഷ്ടിക വരച്ചു. ഭിത്തികൾ കൂട്ടിച്ചേർക്കാൻ അരണ മരത്തിന്റെ പട്ടികകൾ സംഘടിപ്പിച്ചു. മേൽക്കൂരയിൽ ഉണങ്ങിയ പുല്ല് മേയാൻ, വയലുകളിൽ വളരുന്ന പുല്ലുകൾ ഉണക്കി സൂക്ഷിച്ചു. വർഷത്തിൽ നാലഞ്ചുമാസം പുൽക്കൂട് നിർമാണം പ്രധാന ജോലിയായി മാറി.
ഭാര്യ ജോയ്സിയും ആൺമക്കളായ ആൽവിനും, ആൽജിയും സഹായികളായി. വർഗീസിന്റെ പുൽക്കൂടുകൾ വിദേശരാജ്യങ്ങളിലേക്കും പറന്നിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും വാങ്ങിക്കൊണ്ടുപോകാറുണ്ട്.
സൂക്ഷിച്ച്, അഴിച്ചു മടക്കിവെച്ച് അഞ്ചുവർഷം വരെ കേടുകൂടാതെ ഉപയോഗിക്കാൻ കഴിയുന്ന പുൽക്കൂട് ഇപ്പോൾ നാല് വ്യത്യസ്ത വലിപ്പത്തിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.