ആനപ്പുറത്ത് എഴുന്നള്ളിപ്പില്ലാത്ത വട്ടക്കേരിൽ ക്ഷേത്രം
text_fieldsഅരൂർ: കേരളത്തിൽ ഘണ്ടാകർണക്ഷേത്രങ്ങൾ അപൂർവമാണ്. അരൂർ ഗ്രാമത്തിന് കീർത്തി നൽകുന്നതിൽ പ്രധാനമാണ് വട്ടക്കേരിൽ ഘണ്ടാകർണക്ഷേത്രം. 800ലധികം വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രത്തിെൻറ ചരിത്രത്തെക്കുറിച്ച് കൃത്യമായ രേഖകളില്ല.
ക്ഷേത്രത്തിലെ ആഘോഷത്തിന് ഉത്സവമെന്നല്ല വട്ടക്കേരിൽ പൂജയെന്നാണ് പറയുന്നത്. നിലവിലുള്ള ക്ഷേത്രോത്സവ മാമൂലുകളെ ധ്വംസിക്കുന്ന ആചാരാനുഷ്ഠാനങ്ങളാണുള്ളത്. കൊടിയേറ്റമില്ലാത്ത, ആനപ്പുറത്ത് ദേവനെ എഴുന്നള്ളിക്കാത്ത ഉത്സവമാണ് വട്ടക്കരിപ്പൂജ.
അഹിന്ദു ജാതിമത ഭേദമന്യേ വിശ്വാസമർപ്പിക്കും വിധമുള്ള ദേവതാഗണ സമുച്ചയമാണ് ഈ ഒരേക്കറിൽ പരന്നുകിടക്കുന്നത്. ഓലകൊണ്ടുള്ള അറപ്പുരയാണ് ഇവിടത്തെ പ്രധാനകാഴ്ച. ഓലകിട്ടാത്ത ഇക്കാലങ്ങളിലും കേരളത്തിൽ എവിടെ നിന്നെങ്കിലും ഓലകൊണ്ടുവന്ന് ഓരോവർഷവും കെട്ടിമേഞ്ഞ് ക്ഷേത്രോത്സവം നടത്തുന്നു.
ഘണ്ടാകർണൻ, വസൂരിമാല, നാഗയക്ഷി, ഗന്ധർവൻ മറ്റു ശിവഭൂതങ്ങൾ ഇവരാണ് മൂർത്തികൾ... ആറടി ഉയരവും ഒന്നരയടി വീതിയുമുള്ള ഒറ്റക്കല്ലിൽ തീർത്ത മൂന്ന് ബിംബങ്ങൾ നിറഞ്ഞ വസൂരിമാല തികഞ്ഞ ഒരുകലാശില്പമാണെങ്കിൽ മറ്റ് ബിംബങ്ങൾക്കൊന്നും നിയതമായ രൂപം കണ്ടെത്താൻ കഴിയില്ല.
ദക്ഷയാഗം കഥകളി ഇവിടത്തെ ക്ഷേത്ര ചടങ്ങാണ്. അഞ്ചാം ദിവസത്തെ പൂജയിലാണ് നയനാഭിരാമമായ ഗരുഡൻ തടി എഴുന്നള്ളിപ്പ്. ഇവിടത്തെ ശൈവസംസ്കാരത്തിൽ കൊരുക്കപ്പെടുന്ന ഏക വൈഷ്ണവബിംബമാണിത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് വഴിപാടായി പുറപ്പെട്ട കഥകളി വേഷരൂപിയായ ഗരുഡനെ രഥ വാഹനങ്ങളിൽ ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണം വെപ്പിക്കുന്നു.
അലങ്കരിക്കപ്പെട്ട ഗരുഡ രൂപത്തിന്റെ ഉള്ളിൽ ഒരു പലഹാരമുണ്ട്. ആറടി പൊക്കമുള്ള ഒരടി വ്യാസമുള്ള 'ഭീമൻ നാടൻ കേക്ക്' എന്ന് വിശേഷിപ്പിക്കാവുന്ന മധുരപലഹാരം. ഇതാണ് ഘണ്ടാകർണന് വഴിപാടായി എത്തുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ആഘോഷം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.