ബൊമ്മക്കൊലുവിൽ വൈവിധ്യമൊരുക്കി വിജയ് നീലകണ്ഠൻ
text_fieldsതളിപ്പറമ്പ്: നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് തളിപ്പറമ്പ് ബ്രാഹ്മണ സമൂഹ മഠത്തിൽ ബൊമ്മക്കൊലുവിൽ വൈവിധ്യമൊരുക്കുന്നു. പരമ്പരാഗത ശൈലിയിൽ 2000ത്തിൽ പരം ബൊമ്മകളെ ഒരുക്കി ചരിത്രം കുറിക്കുകയാണ് മുഖ്യ സംഘാടകനായ വിജയ് നീലകണ്ഠൻ. ആധുനിക തളിപ്പറമ്പിന്റെ രാജശിൽപി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ് തളിപ്പറമ്പിന്റെ ചരിത്രത്തിൽ നൂറ്റാണ്ടിൽ ആദ്യമായി മനോഹരമായി ബൊമ്മക്കൊലു ഒരുക്കുന്നത്.
തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ‘ബൊമ്മക്കൊലു’ വയ്ക്കൽ. ‘ബൊമ്മ’ എന്നാൽ പാവ എന്നും ‘കൊലു’ എന്നാൽ പടികൾ എന്നുമാണ് അർഥമാക്കുന്നത്. ബൊമ്മക്കൊലു പ്രതിമകളും പാവകളും ഉപയോഗിച്ച് കഥപറയുന്ന പാരമ്പര്യമാണ്. നവരാത്രി ബൊമ്മക്കൊലു വെറുമൊരു പ്രദർശനത്തിന് വേണ്ടിയല്ലെന്നും പ്രാധാന്യമുള്ളതും പുരാതന ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു.
രാമായണം, പുരാണങ്ങൾ, ദശാവതാരം എന്നിവ പോലെ ഒരു തലമുറയിൽനിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യൻ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ബൊമ്മക്കൊലു പ്രതിമകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളിലുള്ള ദേവീദേവന്മാരുടെ ശിൽപങ്ങളാണ് 170ൽ പരം തീമുകളിലായി ഒരുക്കിയിരിക്കുന്നത്.
ദുർഗാദേവിയുടെ ആരാധനയ്ക്കൊപ്പം തെന്നിന്ത്യയുടെ കാർഷിക സംസ്കാരവും കരകൗശല പാരമ്പര്യവും പ്രതിഫലിച്ച ബൊമ്മക്കൊലുവിൽ യേശുദേവന്റെ തിരുപ്പിറവിയും ഇന്ത്യൻ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളുടെ ശിൽപങ്ങളും ഇടം നേടിയിട്ടുണ്ട്. മഹാഭാരതത്തിലെ നിരവധി കഥാ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്രിക്കറ്റ്, ഫുട്ബാൾ, കബഡി എന്നീ കായിക വിനോദങ്ങളും കാണാം.
കമ്പനി സ്വാമി എന്നറിയപ്പെട്ട തമിഴ് ബ്രാഹ്മണന്റെ പരമ്പരയിൽപ്പെട്ടയാളാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ദേവി പ്രീതിക്കായി അലങ്കരിച്ച വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവച്ച് ദേവീപൂജ നടത്തുന്നതാണ് ആചാരം. ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒമ്പത് ദിനരാത്രങ്ങളിൽ ബൊമ്മക്കൊലുവിന് മുമ്പിൽ പൂജയും ഭജനയുമുണ്ടാവും. ഈ മാസം 17 മുതൽ 20 വരെ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഇവിടം സന്ദർശിക്കാമെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.