രക്ഷയുടെ വഴികൾ
text_fieldsമരണാനന്തര ജീവിതത്തിൽ നരകത്തിൽ നിന്നുള്ള മോചനം സാധ്യമാവണമെന്നും സ്വർഗീയ സുഖങ്ങൾ അനുഭവിക്കണമെന്നും ആഗ്രഹിക്കുന്നവനാണ് വിശ്വാസി. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങൾ നരകമോചനത്തിന്റേതാണല്ലോ. അതിനായുള്ള പ്രാർഥനകളും ആരാധനകളും പ്രസ്തുത ദിവസങ്ങളിൽ കൂടുതലായി നിർവഹിക്കേണ്ടതുണ്ട്. പാപങ്ങൾ ചെയ്ത് നരകാവകാശികളായ നിരവധിയാളുകൾക്ക് റമദാനിൽ അല്ലാഹു ശിക്ഷയിൽ നിന്ന് മോചനം നൽകും.
നരകമോചനത്തിന് നിദാനമാവുന്ന നിരവധി മാർഗങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. നിഷ്ഠയുള്ള നിസ്കാരം, പൂർണമായ നോമ്പ്, മറ്റു സവിശേഷ ആരാധനകൾ, പ്രാർഥനകൾ എന്നിവ കൂടാതെ സാമൂഹികമായ ഇബാദത്തുകൾക്കും നരകമോചനം നേടിത്തരാനാവും.
സ്വഭാവം മൃദുലവും സൗമ്യവുമായവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന നബിവചനമുണ്ട്. സൽസ്വഭാവം നരകത്തിൽ നിന്നുള്ള സുരക്ഷയാണ്. റസൂലിന്റെ സ്വഭാവം വളരെ മൃദുലവും സൗമ്യവുമായിരുന്നു. ചുറ്റുമുള്ളവരോടുള്ള ഇടപെടലുകള്‍ സൗമ്യമാവണം. ആരോടും ദേഷ്യവും വെറുപ്പും ഉണ്ടാകരുത്. മധുരമായി സംസാരിക്കണം. മുഖപ്രസന്നതയോടെ സമീപിക്കാനാകണം.
സുഹൃത്തിനോടുള്ള പുഞ്ചിരിക്ക് ദാനം ചെയ്ത പ്രതിഫലമുണ്ട്. ജനങ്ങളോടുള്ള ഓരോ ഇടപെടലും നന്മയിലധിഷ്ഠിതമായാൽ സ്വർഗം നമ്മെ കാത്തിരിക്കുമെന്നർഥം. പെൺമക്കൾക്ക് നല്ല സംരക്ഷണവും സൗകര്യവും ഒരുക്കി പരിപാലിച്ചാൽ അവസാന നാളിൽ അതയാൾക്ക് നരകത്തിൽ നിന്നുള്ള മറയായിരിക്കുമെന്നും ഹദീസുണ്ട്.
മറ്റുള്ളവരുടെ അഭിമാനം സംരക്ഷിക്കുന്നവനെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ് എന്ന് തിരുനബി പറയുന്നുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായ ഇക്കാലത്ത് കൂട്ടത്തിലില്ലാത്തവരുടെ കുറ്റവും കുറവും പറയുന്നത് തമാശ രൂപേണയെങ്കിലും വ്യാപകമാവുന്നുണ്ടോ എന്ന് നാം ഭയപ്പെടേണ്ടതുണ്ട്.
അപരന്റെ അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന വാക്കുകളും പ്രവർത്തനങ്ങളും ഉണ്ടാകാതെ ശ്രദ്ധിച്ചാൽ അല്ലാഹുവിന്റെ പ്രതിഫലമായി നരകമോചനം നമ്മെ തേടിയെത്തും. വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് കടമായോ ദാനമായോ സമ്പത്ത് നൽകുക എന്നിവയും അത്യധികം പുണ്യമുള്ള കർമങ്ങളാണ്.
ഒരു സന്ദർഭത്തിൽ തിരുനബിയോട് ഒരാള്‍ ചോദിച്ചു: 'ഇസ്ലാമില്‍ ഏറ്റവും മുന്തിയ പ്രവര്ത്തനമേതാണ്? റസൂല്‍ പറഞ്ഞു: ഭക്ഷണം നല്‍കലും അറിയുന്നവരോടും അറിയാത്തവരോടും സലാം പറയലുമാണ്.'
ലക്ഷ്യപൂർത്തീകരണത്തിനുള്ള വിശ്വാസിയുടെ പ്രധാന ആയുധം പ്രാർഥനയാണ്. തെറ്റുകൾക്ക് പരലോകത്ത് ലഭിക്കുന്ന ശിക്ഷയോർത്ത് കണ്ണീർവാർത്തും ഖേദിച്ചു മടങ്ങിയും എല്ലാ നല്ല കാര്യങ്ങളിലും ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയും വെച്ചുപുലർത്തിയും സ്വർഗത്തിലേക്കുള്ള വഴി നമുക്ക് എളുപ്പമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.