കാക്കിക്കുപകരം കസവുസാരി, തൊപ്പിക്കുപകരം മുല്ലപ്പൂ... തിരുവാതിര നൃത്തമാടി വനിത പൊലീസുകാർ
text_fieldsകോഴിക്കോട്: കാക്കിക്കുപകരം കസവുസാരി... തൊപ്പിക്കുപകരം മുടിയിൽ മുല്ലപ്പൂ... ബൂട്ടൊഴിവാക്കി കാലിൽ കൊലുസ്... കഴുത്തിൽ മിന്നിത്തിളങ്ങുന്ന കാശുമാലയും കൈ നിറയെ വളകളും മുഖത്ത് പാൽപുഞ്ചിരിയും... വനിത പൊലീസുകാരുടെ തിരുവാതിര നൃത്തം മനോഹരം. നിറഞ്ഞുകത്തിയ നിലവിളക്കിനുചുറ്റും വട്ടത്തിൽനിന്ന് പാട്ടിന്റെ താളത്തിനൊത്ത് കൈകൊട്ടിയുള്ള പൊലീസുകാരുടെ തിരുവാതിരക്കളി ഗോകുലം ഗലേറിയ മാളിലെത്തിയവർക്കെല്ലാം മനോഹര സായാഹ്നമാണ് സമ്മാനിച്ചത്.
ഏഷ്യയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷനായ കോഴിക്കോട് വനിത സ്റ്റേഷന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചായിരുന്നു പൊലീസുകാരുടെ മെഗാ തിരുവാതിര ഒരുക്കിയത്. സേനയിലെ അമ്പതോളം വനിതകൾ അണിനിരന്ന തിരുവാതിരക്കളി സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, മെഡി. കോളജ് അസി. കമീഷണർ കെ. സുദർശൻ, ടൗൺ അസി. കമീഷണർ പി. ബിജുരാജ്, വനിത പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.കെ. തുളസി, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. രഗീഷ് എന്നിവർ സംസാരിച്ചു.
സിറ്റി പൊലീസിന്റെ വിമൻ സെൽഫ് ഡിഫൻസ് ട്രെയിനേഴ്സായ പി.പി. ഷീന, പി.കെ. റസീന, പി. ദിവ്യ, പി.പി. ഫസീന എന്നിവരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനവും നടന്നു. സിയാദ് നരിക്കോടൻ, ജലാൽ മാഗ്നസ് എന്നിവരുടെ ഗാനവും കെ.വി. മൻഹലിന്റെ ഗിത്താർ വായനയും പരിപാടിക്ക് മാറ്റുകൂട്ടി. വി.എം. വിജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഗോപാലൻ ഗുരുക്കൾ സ്മാരക സി.വി.എൻ കളരിയിലെ കെ. നിമി, പി. അനാമിക, ശ്രീഷ്മ, കെ.വി. വൈഷ്ണവി, കാവ്യദാസ്, ആവണി ലക്ഷ്മി, എസ്.എസ്. വൈഷ്ണവി എന്നിവർ അഭ്യാസപ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.