വിജയവീഥിയിലൂടെ മുന്നേറാനുള്ള സുവർണാവസരം
text_fieldsഒരിക്കല്‍ പ്രവാചകന്‍ പള്ളിയില്‍ പ്രസംഗപീഠത്തിലേക്കു കയറവേ മൂന്നു തവണ ആമീന്‍ ചൊല്ലി. പ്രാർഥനകളൊന്നും ഇല്ലാതെ ആമീന്‍ എന്നു മാത്രം പറഞ്ഞതെന്താണെന്ന് അനുചരന്മാർക്ക് സംശയമുണ്ടായി. പ്രവാചകന്‍ വിശദീകരിച്ചു. ഞാന്‍ മിമ്പറില്‍ കയറുമ്പോള്‍ മലക്ക് ജിബ്‌രീല്‍ മൂന്നു പ്രാർഥനകളുരുവിടുന്നത് ഞാന്‍ കേട്ടു.
റമദാന്‍ മാസത്തില്‍ ജീവിക്കാനവസരം ലഭിച്ചിട്ടും പാപമോചനത്തിനര്‍ഹനാകാത്തവനു നാശം, പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ അവസരം ലഭിച്ചിട്ടും സ്വര്‍ഗം ലഭിക്കാതെ പോയവനു നാശം, എന്റെ പേര് പറയപ്പെട്ടിട്ട് അനുഗ്രഹത്തിനായി പ്രാർഥിക്കാത്തവനു നാശം എന്നിങ്ങനെയായിരുന്നു ആ പ്രാർഥനകള്‍.
അതിഗൗരവമായ സന്ദേശങ്ങള്‍ നല്‍കുന്നു ഈ സംഭവം. പാപങ്ങൾ കഴുകിക്കളയാനാണ് വ്രതം. പാപമോചനത്തിന്റെ ദിനങ്ങൾ അവഗണിച്ച് പ്രകടനപരതയിലും സുഖാഡംബരങ്ങളിലും മുഴുകി റമദാനിനെ ഭൗതിക പ്രമത്തതയുടെ ആഘോഷം മാത്രമായി ചുരുക്കുന്നവർ പ്രവാചകന്റെ ഈ മുന്നറിയിപ്പ് ഗൗരവമായി കാണണം.
മാനസികവും ആത്മീയവും ശാരീരികവുമായ പ്രതിസന്ധികള്‍ തരണംചെയ്ത് വിജയവീഥിയിലൂടെ മുന്നേറാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന സുവർണാവസരമാണ് വ്രതനാളുകൾ. അല്ലാഹുവിന്റെ കാരുണ്യപൂര്‍വമായ ഒരു നിർദേശം എന്ന നിലക്ക് പരിഗണിക്കാതെ, അവൻ അനുശാസിച്ച അനുഷ്ഠാനത്തില്‍ അഭൂതപൂര്‍വമായ നന്മകള്‍ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാതെ, നിര്‍ബന്ധിതാവസ്ഥയില്‍ നിര്‍വഹിക്കുന്ന ഒരു യാന്ത്രിക ആരാധനാമുറ എന്ന നിലയില്‍ നോമ്പെടുക്കുമ്പോഴാണ് അത് ലക്ഷ്യസാഫല്യത്തിലെത്താത്തത്. ഇത് തിരിച്ചറിയുമ്പോഴേ വ്രതശുദ്ധികൊണ്ട് ഉത്ഭൂതമാവേണ്ട സദ്ഗുണങ്ങളും സദ്‌ഭാവനകളും വിശ്വാസികളില്‍ പ്രകടമാവൂ.
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് കാരണം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാവുന്നു. പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത് (വി. ഖു. 4:17,18).
ജന്മസിദ്ധവും നേടിയെടുക്കുന്നതുമായ എല്ലാ സവിശേഷതകളും ചേർന്നതാണ് ഒരാളുടെ വ്യക്തിത്വം. ജന്മസിദ്ധമായ ദുഃസ്വഭാവങ്ങളെ ബോധപൂർവമായ ശ്രമങ്ങളിലൂടെ പടിപടിയായി സംസ്കരിച്ച് ശുദ്ധീകരിക്കാൻ വ്രതത്തിന് കഴിയും. യാന്ത്രികമായ ആചാരങ്ങൾക്കും പ്രകടനപരതക്കുമപ്പുറത്ത് വ്രതത്തിന്റെ അകക്കാമ്പ് തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.