കൈപ്പടയിൽ ഖുർആൻ എഴുതിത്തീർത്ത് പ്രവാസി യുവാവ്
text_fieldsദുബൈ: സ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതിപ്പൂർത്തിയാക്കി പ്രവാസി യുവാവ്. അൽ ഐനിൽ പ്രവാസിയായ പാലക്കാട് ജില്ലയിലെ നെല്ലായ പൊട്ടച്ചിറ സ്വദേശി ഷാജഹാനാണ് സ്വപ്ന സാക്ഷാത്കാരമായി എഴുത്ത് പൂർത്തിയാക്കിയത്. ഖുർ ആനിലെ മുഴുവൻ അധ്യായങ്ങളും എഴുതിയതിന് പുറമെ സ്വന്തം കരവിരുതിൽ തന്നെ പുറംചട്ടയും മനോഹരമായി രൂപകൽപന ചെയ്തിട്ടുണ്ട്. അൽ ഐനിലെ അൽയാഹറിൽ ഒരു ഫ്ലവർ സ്റ്റോറിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ രണ്ടു വർഷമെടുത്താണ് എഴുത്ത് പൂർത്തിയാക്കിയത്. നേരത്തെ മദീനയിലും ജോലി ചെയ്തിരുന്ന ഷാജഹാൻ, തന്റെ ഖുർ ആൻ കൈയെഴുത്ത് മദീനയിൽ ഖുർആൻ മ്യൂസിയത്തിലെ വിദഗ്ധർക്ക് കാണിച്ചുകൊടുത്തിരുന്നു. അക്ഷരങ്ങൾ കൂടുതൽ മികച്ചതാക്കാനും എഴുതി പൂർത്തിയാക്കാനും ഇവർ പ്രോത്സാഹനം നൽകി. പിന്നീട് അൽ ഐനിലേക്ക് ജോലി മാറി എത്തിയപ്പോഴാണ് മുഴുവൻ ഭാഗങ്ങളും എഴുതിത്തീർത്തത്.
നേരത്തെ മുതൽ ചിത്രരചനയിൽ തൽപരനായ ഷാജഹാൻ യു.എ.ഇയിലെ ഭരണാധികാരികളുടെയും തന്റെ സുഹൃത്തുക്കളുടെയും മറ്റും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ജീവൻ തുടിക്കുന്ന മനോഹരമായ മറ്റു ചിത്രങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ കഴിവാണ് ഖുർ ആൻ എഴുതിത്തീർക്കുക എന്ന ഉദ്യമത്തിന് പ്രചോദനമായത്. എഴുത്തിനിടയിൽ തെറ്റുകൾ വരുമ്പോൾ അപ്പപ്പോൾ തിരുത്തുന്ന രീതിയാണ് സ്വീകരിച്ചത്. പൂർത്തിയായ ശേഷം തെറ്റുകളുണ്ടോ എന്നത് പലർക്കും നൽകി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ഖുർആൻ മുഴുവനും മനഃപാഠമാക്കണമെന്നാണ് ഷാജഹാന്റെ ഇപ്പോഴത്തെ സ്വപ്നം. കാലിഗ്രഫിയുടെ രീതികൾ ഉപയോഗിച്ച് കൂടുതൽ മനോഹരമായ രീതിയിൽ ഒരു പ്രാവശ്യം കൂടി ഖുർആൻ എഴുതണമെന്നും ആഗ്രഹിക്കുന്നു. അറബി ഭാഷ പത്താം ക്ലാസ് വരെ മദ്റസയിൽ പഠിച്ച അറിവ് മാത്രമെയുള്ളൂ. ചിത്രരചനയും സ്വന്തം നിലക്ക് പഠിച്ചെടുത്തതാണ്. പൊട്ടച്ചിറ മംഗലശ്ശേരി വീട്ടിൽ മുഹമ്മദ്കുട്ടി-സുബൈദ ദമ്പതികളുടെ മകനാണ് ഷാജഹാൻ. ഷാജഹാന് പൂർണ പിന്തുണയുമായി യു.എ.ഇയിൽ തന്നെ പ്രവാസിയായ ഭാര്യാ പിതാവ് മുഹമ്മദലി ഫൈസി തൂതയുണ്ട്. ഭാര്യ അഫീഫയും ഏക മകൾ ഫാത്തിമയും നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.