റമദാന്റെ ഉരകല്ലാണ് സകാത്ത്
text_fieldsപ്രധാനപ്പെട്ട നബിമാർക്കെല്ലാം വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടത് റമദാനിലാണെന്ന് പണ്ഡിതപക്ഷം. നേർമാർഗം എന്തെന്ന് മനുഷ്യരെ പഠിപ്പിക്കാൻ ദൈവം സാമാന്യേന തിരഞ്ഞെടുത്ത സമയത്തെ വിശുദ്ധകാലം എന്നുതന്നെയല്ലേ പറയേണ്ടത്.
ധാർമികതയുടെ കടിഞ്ഞാൺ പൊട്ടിക്കുന്ന മോഹങ്ങളെ, ദേഹേച്ഛകളെ, വികാരവിക്ഷുബ്ധതകളെയെല്ലാം നിയന്ത്രിക്കാനുള്ള ശേഷി മനുഷ്യൻ ആർജിക്കുന്നത് ആത്മീയ കരുത്ത് കൊണ്ടാണ്. ആ ഊർജം പകരുന്ന സ്രോതസ്സുകളാണ് വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും.
നന്മയെ പുണരാനും തിന്മയെ വർജിക്കാനും മനുഷ്യന് സാധിക്കണമെങ്കിൽ അവനിലെ തഖ്‌വ കരുത്താർജിക്കണം. അത് സാധ്യമാക്കാനാണ് മാനവസമൂഹത്തിന് വ്രതം ഒരനുഷ്ഠാനമായി കൽപിച്ചിട്ടുള്ളതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് പ്രിയപ്പെട്ടതിനെ ത്യജിക്കാനുള്ള കഴിവ് സ്വായത്തമാക്കാൻ കഴിഞ്ഞാൽ അവരെ നമുക്ക് ത്യാഗികൾ എന്നുപറയാം.
മനുഷ്യന് ഏറെ പ്രിയപ്പെട്ടത് സമ്പത്താണ് എന്നതിൽ പക്ഷാന്തരമില്ല. ആ സമ്പത്ത് മനുഷ്യനെ വഴികേടിലാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ മനുഷ്യരോട് ചില പരാതികൾ പറയുന്നുണ്ട്: നിങ്ങൾ അനാഥരെ പരിഗണിക്കുന്നില്ല, അഗതിക്ക് ആഹാരം നൽകാൻ പ്രേരിപ്പിക്കുന്നുമില്ല, പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു; ഇത്രയും പറഞ്ഞുകഴിഞ്ഞിട്ട് അല്ലാഹു പറയുന്നു: സമ്പത്തിനെ നിങ്ങൾ കണക്കില്ലാതെ സ്നേഹിക്കുന്നു.
ധനമോഹം ഇല്ലാതാക്കാൻ നോമ്പുകാലത്ത് വിശ്വാസികൾ സമ്പത്ത് ദൈവമാർഗത്തിൽ ചെലവഴിക്കും. അതിനുള്ള പരിശീലനം കൂടിയാണ് വ്രതം. നോമ്പ് ശരീരത്തെയും മനസ്സിനെയും ശുദ്ധമാക്കുന്നതുപോലെ ദാനധർമങ്ങൾ നമ്മുടെ സമ്പത്തിനെയും ശുദ്ധീകരിക്കും.
നമുക്ക് ചുറ്റും ധാരാളം പള്ളികൾ കാണാം. നമസ്കാരമുൾപ്പെടെയുള്ള ആരാധനക്ക് ഓരോ വിശ്വാസിയും പ്രാധാന്യം നൽകാറുണ്ട്. മതസ്ഥാപനങ്ങൾ നിർമിക്കാനും പരിപോഷിപ്പിക്കാനും പ്രയത്നിക്കാറുമുണ്ട്. എന്നാൽ, സകാത്ത് നിയമാനുസരണം നൽകാൻ എത്ര വിശ്വാസികൾക്ക് സാധിക്കുന്നുണ്ടെന്ന് എല്ലാവരും സ്വയം ചോദിക്കേണ്ടതുണ്ട്.
വിശ്വാസം, നമസ്കാരം, സകാത്ത് എന്നിവ ഒരുമിച്ചാണ് ഖുർആൻ പരാമർശിച്ചിട്ടുള്ളത്. നമസ്കാരം, നോമ്പ് തുടങ്ങിയ കർമങ്ങൾ ഒരു വ്യക്തിയിൽ എന്ത് സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാൻ സകാത്തിന്റെ കാര്യത്തിൽ എത്രകണ്ട് ആത്മാർഥത അവൻ പുലർത്തുന്നുവെന്ന് പരിശോധിച്ചാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.