Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightപുരസ്കാര നിറവിൽ...

പുരസ്കാര നിറവിൽ ബഷീറിന്റെ ഇ-സ്കൂട്ടർ; ഒറ്റചാർജിൽ 120 കി.മീ, വീൽചെയർ ഓടിച്ചുകയറ്റാം

text_fields
bookmark_border
Basheer panappuzhas e-scooter
cancel
camera_alt

ബഷീർ പാണപ്പുഴ താൻ കണ്ടുപിടിച്ച ഇലക്ട്രിക്ക് മുച്ചക്ര സ്കൂട്ടറിൽ

പയ്യന്നൂർ: ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ വീൽചെയറുമായി കയറി ഓടിച്ചുപോകാവുന്ന സ്കൂട്ടർ കണ്ടുപിടിച്ചബഷീർ പാണപ്പുഴക്ക് സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള മികച്ച കണ്ടുപിടിത്തത്തിനാണ് ഈ വർഷത്തെ പുരസ്കാരം കണ്ണൂർ പയ്യന്നൂരിനടുത്ത പാണപ്പുഴ സ്വദേശിയും ഭിന്നശേഷിക്കാരനുമായ എം.സി അബ്ദുൾ ബഷീറിനെ തേടിയെത്തിയത്.

1992ൽ, തന്റെ 21ാം വയസ്സിൽ ഉണ്ടായ അപകടത്തിൽ അരയ്ക്കുതാഴെ തളർന്ന ബഷീർ സ്വപ്രയത്നത്താലാണ് സ്കൂട്ടർ കണ്ടുപിടിച്ചത്. മുച്ചക്ര സ്കൂട്ടറിന്റെ മാതൃകയിൽ നിർമിച്ച ഈ ഇലക്ട്രിക് വാഹനത്തിന് പ്രത്യേകതകൾ ഏറെയാണ്. സീറ്റില്ലാത്ത ഈ സ്കൂട്ടറിലേക്ക് പ്രത്യേക ഓട്ടോമാറ്റിക് റാമ്പിലൂടെ വീൽചെയർ ഓടിച്ചുകയറ്റുകയാണ് ചെയ്യുക. ഭിന്നശേഷിക്കാർക്ക് റാമ്പില്ലാത്ത സ്ഥലത്ത് പോലും ഇറങ്ങാനും കയറാനും കഴിയും.

ബഷീർ പാണപ്പുഴ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ, ലൈബ്രറി കൗൺസിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചയത്ത് നേതൃസമിതി പ്രസിഡന്റ് റഫീഖ് പാണപ്പുഴ എന്നിവർക്കൊപ്പം

ഒറ്റചാർജിൽ 120 കി.മീറ്ററിലേറെ റേഞ്ച് കിട്ടും. ഭിന്നശേഷിക്കാർക്ക് തങ്ങൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ വിൽക്കാനും ഇത് സൗകര്യപ്രദമാണ്. കൈകൾക്ക് സ്വാധീനമില്ലത്തവർക്ക് പിറകിൽ വിൽചെയറിൽ ഇരുന്ന് ഒരാളുടെ സഹായത്തോടെ യാത്ര ചെയ്യാനും ഷോപ്പിങ്ങിനും മറ്റും പോകാനും കഴിയുന്ന രീതിയിലാണ് വാഹനം സംവിധാനം ചെയ്തത്.

ഭിന്നശേഷിക്കാരുടെ സംഘടനയായ വീൽ ചെയർ യൂസേർഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ടിച്ചപ്പോഴാണ് യാത്രാപ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉടലെടുത്തത്. വണ്ടി ഉണ്ടാക്കാനുള്ള സാധനങ്ങൾ ഡൽഹി ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങിൽ നിന്നാണ് ശേഖരിച്ചത്. വെൽഡിങ് ജോലികൾക്ക് മാത്രം സുഹൃത്തായ പാണപ്പുഴയിലെ അഭിയുടെ സഹായം തേടി. ഒന്നര ലക്ഷം രൂപയ്ക്ക്മേൽ നിർമാണച്ചെലവ് വന്നു. സർക്കാർ അംഗീകാരം ലഭിച്ചാൽ മാത്രമേ വാഹനം വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ കഴിയൂ.

മാതമംഗലം സ്കൂളിൽ 1986ൽ എസ്.എസ്.എൽ.സി വിജയിച്ച ബഷീർ, തളിപ്പറമ്പ സർസയിദ് കോളജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്. തുടർന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ഡിപ്ലോമക്ക് കണ്ണൂരിൽ പഠിക്കുമ്പോഴായിരുന്നു അപകടം. ഊട്ടി -കൊടൈക്കനാലിൽ പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ​ജീപ്പിൽ പോയി തിരിച്ചുവരുമ്പോൾ പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുഷുമ്ന നാഡിയിൽ പൊട്ടലേറ്റതിനെ തുടർന്ന് കിടപ്പിലാവുകയും അരയ്ക്കുതാഴെ തളർന്നുപോവുകയുമായിരുന്നു.

യാത്രയെ പ്രണയിക്കുന്ന ബഷീർ വർഷങ്ങൾക്ക് ശേഷം സ്വന്തമായി ജീപ്പ് വാങ്ങി ഡ്രൈവറെ നിയമിച്ച് ചെറുയാത്രകൾ നടത്തി. പിന്നീട് ഡ്രീം റൈഡേഴ്സ് എന്ന പേരിൽ ഭിന്നശേഷി യാത്രക്കാരുടെ കൂട്ടായ്മയും രൂപവത്കരിച്ച് സമാനമനസ്കരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും സമയം കണ്ടെത്തി. 2014ൽ ഒരു നാനോ കാർ വാങ്ങി ഹാൻഡ് ഡ്രൈവിന് പറ്റിയ തരത്തിൽ ആൾട്രേഷൻ വരുത്തി. ഇതിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് മാക്കൂട്ടം ചുരം താണ്ടി ബംഗളൂരു വരെ പോയിട്ടുണ്ട്. തുടർന്ന് ജമ്മു കശ്മീർ, മുംബൈ, ഡൽഹി, ബംഗളൂരു,​ ചെന്നെ, ജയ്പൂർ, താജ്മഹൽ, മൈസൂർ, കൊടൈക്കനാൽ, ഊട്ടി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും വിദേശ രാജ്യങ്ങളും സന്ദർശിച്ച ബഷീർ അടുത്ത യാത്രക്കുള്ള ഒരുക്കത്തിലാണെന്ന് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു.

പാണപ്പുഴയിലെ തറവാട്ടുവീട്ടിൽ ഉപ്പ മൊയ്തീന്റെയും ഉമ്മ എം. കുഞ്ഞാസിയയുടെയും കൂടെയാണ് താമസം. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മുത്തലിബ്, സമദ്, താഹിറ, സുലൈഖ, സഫൂറ.

ഭിന്നശേഷി പുരസ്കാരങ്ങൾ:

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കോഴിക്കോട് നേടി. മികച്ച നഗരസഭയായി ഏലൂരിനെയും മികച്ച ബ്ലോക്ക് പഞ്ചായത്തായി വടകരയേയും തിരഞ്ഞെടുത്തു. പുന്നയൂർക്കുളവും പുൽപ്പറ്റയും മികച്ച ഗ്രാമപഞ്ചായത്തുകളായി.

ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ സർക്കാർ-സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അർഹമായി. ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്റർ പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ സാമൂഹ്യനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആന്റ് റീഹാബിലിറ്റേഷൻ അർഹമായി. മികച്ച ക്ഷേമ സ്ഥാപനത്തിനുള്ള പുരസ്‌കാരം തവനൂരിലെ പ്രതീക്ഷ ഭവനാണ്.

മികച്ച ജില്ലാ ഭരണകൂടം, മികച്ച കോർപ്പറേഷൻ, സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് എന്നിവ ഒഴികെ 20 വിഭാഗങ്ങളിലായി 81 നാമനിർദ്ദേശങ്ങളാണ് പുരസ്‌കാരനിർണയ സമിതിക്കു ലഭിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന അവാർഡ് നിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

സർക്കാർ മേഖലയിൽ കാഴ്ചപരിമിതരുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്കുള്ള പുരസ്‌കാരത്തിന് കാസർഗോഡ് സർക്കാർ വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് ഓമന സി. അർഹയായി. കേൾവിക്കുറവ് നേരിടുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ വിനു കുമാർ കെ. (കമ്പ്യൂട്ടർ അസിസ്റ്റന്റ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്), ലോകോമോട്ടോർ, മസ്‌കുലർ ഡിസബിലിറ്റി വിഭാഗത്തിൽ തൃശൂർ സ്വദേശി സുധീഷ് വി.സി (ക്ലർക്ക്,സീഡ് ഫാം) എന്നിവർ അർഹരായി. മൾട്ടിപ്പിൾ ഡിസെബിലിറ്റി വിഭാഗത്തിൽ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്കായ പ്രമോദ് പി.എയും പുരസ്‌കാരം നേടി.

സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരം തൃശൂർ സ്വദേശിനി പൗളിയും (ലോകോമോട്ടോർ,മസ്‌കുലർ ഡിസബിലിറ്റി), പാലക്കാട് സ്വദേശി അജിൽ സേവിയറും (ഇന്റലെക്ച്വൽ ഡിസെബിലിറ്റി) അർഹരായി.

ഭിന്നശേഷിയുള്ള ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച സ്വകാര്യ തൊഴിലുടമയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വികലാംഗക്ഷേമ പ്രിന്റിംഗ് ആന്റ് ബുക്ക് ബൈൻഡിംഗ് ഇൻഡ്‌സ്ട്രിയൽ സൊസൈറ്റിക്കാണ്. മികച്ച എൻ.ജി.ഒയ്ക്കുള്ള പുസ്‌കാരം പോപ് പോൾ മേഴ്‌സി ഹോമും (തൃശൂർ), കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ട്രൈയിനിംഗ് സെന്റർ ഫോർ ദ ടീച്ചേഴ്‌സ് ഓഫ് വിഷ്വലി ഹാൻഡികാപ്ഡും (പാലക്കാട്) നേടി. ഷെറിൻ ഷഹാന ടി.കെ (വയനാട്), അനിഷ അഷറഫ്(തൃശൂർ), അമൽ ഇക്ബാൽ (മലപ്പുറം) എന്നിവരാണ് മികച്ച റോൾ മോഡലുകൾക്കുള്ള പുരസ്‌കാരം നേടിയത്.

സർഗാത്മക കുട്ടികളുടെ വിഭാഗത്തിൽ സത്യജിത്ത് എച്ച്. (തിരുവനന്തപുരം), ഹനാൻ റേച്ചൽ പ്രമോദ്(പത്തനംതിട്ട), ആദിത്യ സുരേഷ് (കൊല്ലം), അബ്ദുൾ ഹാദി വി.എസ്. (തൃശൂർ) എന്നിവർ പുരസ്‌കാരം നേടി. മികച്ച കായിക വ്യക്തികളായി മലപ്പുറം സ്വദേശി മുഹമ്മദ് നിസാർ എ.പി., നിബിൻ മാത്യൂ (വയനാട്), സാന്ദ്ര ഡേവിസ് (തൃശൂർ) എന്നിവരെ തിരഞ്ഞെടുത്തു. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരുടെ വിഭാഗത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള സുഹൈൽ അബ്ദുൽ സലാം പുരസ്‌കാരം നേടി. കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്ററാണ് മികച്ച പുനഃരധിവാസ കേന്ദ്രം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള മികച്ച കണ്ടുപിടിത്തത്തിനാണ് എം.സി അബ്ദുൽ ബഷീർ പാണപ്പുഴ പുരസ്കാരം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle NewsKerala NewsBasheer panappuzha
News Summary - State Social Justice Department Disability Award for Basheer panappuzha's e-scooter; 120 km on single charge
Next Story