പരീക്ഷണമായി പൂ കൃഷി; വിജയംകൊയ്ത് അധ്യാപക ദമ്പതികൾ
text_fieldsഒറ്റപ്പാലം: മിക്കപ്പോഴും നഷ്ടക്കണക്കുകൾ മാത്രം കേട്ട് ശീലിച്ച കാർഷിക മേഖലയിൽനിന്ന് ചെണ്ടുമല്ലി കൃഷിയിൽനിന്ന് ലാഭകരമായ വിളവെടുപ്പിന്റെ അനുഭവം പങ്കുവെക്കുകയാണ് ചെറുമുണ്ടശ്ശേരിയിലെ അധ്യാപക ദമ്പതികൾ. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകരായി വിരമിച്ച വള്ളിക്കാട്ട് വാസുദേവനും (72) ഭാര്യ ചന്ദ്രികക്കും (62) ചെണ്ടുമല്ലി കൃഷി ഉല്ലാസത്തിന്റെ കൂടി ഭാഗമാണെന്ന് അവർ പറയും.
അധ്യാപനത്തിന്റെ പരിചയത്തോടൊപ്പം കാർഷിക മേഖലയിലെ പ്രതിസന്ധികളും തൊട്ടറിഞ്ഞതിനാൽ മുടക്ക് മുതൽ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഒരു കൃഷിയും ഇറക്കാൻ ഇന്നാവില്ലെന്നതാണ് ഇവരുടെ വിലയിരുത്തൽ. നാല് ഏക്കറോളം വരുന്ന സ്ഥലത്ത് റബറും തെങ്ങും മുതൽ ചാമയും റാഗിയും വരെയുള്ള കൃഷികളുടെ അനുഭവം ഇവർക്കുണ്ട്. കൃഷിയുടെ നൊമ്പരങ്ങളും ക്ലേശങ്ങളും അനുഭവിച്ചറിഞ്ഞ ഇവർ പരീക്ഷണാടിസ്ഥാനത്തിലാണ് അര ഏക്കറിൽ ചെണ്ടുമല്ലി കൃഷിയിറക്കിയത്. തൃശൂരിലെ സ്വകാര്യ നഴ്സറിയിൽ നിന്നെത്തിച്ച 750 തൈകളും അവയുടെ തലനുള്ളി നട്ടതുൾപ്പെടെ 1500 തൈകളുമായിട്ടാണ് തുടക്കം. ഒരു ചെടിയിൽ നിന്ന് ഒരു കിലോ പൂ ലഭിക്കും. കൃഷി നാശമുണ്ടായില്ലെങ്കിൽ 1500 തൈകളിൽ നിന്നായി ഒന്നര ടണ്ണോളം പൂക്കൾ വിളവെടുക്കാനാകും.
മഴ മാറി നിന്നത് തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും വിളവെടുപ്പ് സമയത്ത് അതൊരു അനുഗ്രഹമായി. പരീക്ഷണ കൃഷി ലാഭകരമെന്ന് ഇവർ മറയില്ലാതെ പറയുന്നു. തിരുവോണത്തോടടുത്ത് കിലോക്ക് 120 രൂപ വരെ വില ലഭിച്ചു. ഓണം കഴിഞ്ഞാലും പൂവിടൽ തുടരുമെന്നതിനാൽ നിത്യേന വിളവെടുപ്പ് ഇപ്പോഴുമുണ്ട്. വിലയിൽ ചെറിയ ഇടിവ് സംഭവിച്ചത് ഒഴിച്ചാൽ കോട്ടം തീരെയില്ല. വിജയദശമിക്കും ഇവരുടെ പൂക്കൾ വിപണികളിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.