ദേശത്തിന് വഴികാട്ടിയായി അധ്യാപക ദമ്പതികൾ
text_fieldsകല്ലടിക്കോട്: അധ്യാപക ദമ്പതികൾ ഒരു ദേശത്തിന് വഴി കാട്ടുകയാണ്. കല്ലടിക്കോട് സ്വദേശികളായ സി.കെ. രാജൻ, സഹധർമിണി എം.എൻ. രാജാമണി എന്നിവരാണ് തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചിട്ടും സാമൂഹിക സേവന രംഗത്ത് വ്യാപൃതരായിട്ടുള്ളത്. അരനൂറ്റാണ്ട് കാലമായി ഗ്രന്ഥശാല പ്രസ്ഥാനരംഗത്ത് സജീവരാണ് രണ്ട് പേരും. സി.കെ. രാജൻ കല്ലടിക്കോട് എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന പിതാവ് പി. ദാമോദരൻ നായരുടെ പാത പിന്തുടർന്ന് 1975ൽ ആർ.കെ.യു.പി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് കല്ലടിക്കോട് ജി.എം.എൽ.പി സ്കൂൾ, ജി.എൽ.പി സ്കൂൾ, എലപ്പുള്ളി കാരാകുർശ്ശി, കരിമ്പ ഹൈസ്കൂളുകളിൽ അധ്യാപകനായിരുന്നു.
അധ്യാപക ജോലിക്കൊപ്പം ഗ്രന്ഥശാല പ്രവർത്തനത്തിലും സജീവമായ രാജൻ ദീർഘകാലം കല്ലടിക്കോട് ഫ്രൻഡ്സ് ക്ലബ് ലൈബ്രറി സെക്രട്ടറിയായിരുന്നു. നിലവിൽ പ്രസിഡന്റാണ്. 2009 മുതൽ ലൈബ്രറിയിൽ അദ്ദേഹം ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലനം നിരവധി ചെറുപ്പക്കാർക്ക് സർക്കാർ ജോലി നേടാൻ വഴിയൊരുക്കി. 2009ൽ കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ചു. 70ാം വയസ്സിലും ആഴ്ചയിൽ ആറ് ദിവസവും വൈകുന്നേരങ്ങളിൽ ക്ലാസെടുക്കുന്നുണ്ട്. സാക്ഷരത പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത മാഷ് 1989-90ൽ ട്രെയിനറായിരുന്നു.
‘ചിത്രത്തിലില്ലാത്തവർ’ എന്ന കവിതസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.എൻ. രാജാമണി അമ്മ 1977ൽ കല്ലടിക്കോട് എ.യു.പി സ്കൂളിൽ അധ്യാപികയായി. 30 വർഷത്തെ സർവിസ് കാലയളവിൽ എല്ലാവർഷവും സ്കൂൾ യുവജനോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ പ്രത്യേക താൽപര്യം എടുത്തു. പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുകൾക്ക് കുറിപ്പ് തയാറാക്കാനും ചോദ്യാവലി ഒരുക്കാനും രാജന് പിന്തുണയായി കൂടെയുണ്ട്. മൂത്തമകൻ അരുൺ രാജ് കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. ഇളയ മകൻ ദീപക് സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.