പഴയകാല വാഹനങ്ങളോട് 74ാം വയസ്സിലും പ്രണയം
text_fieldsചേർത്തല: വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പഴയകാല വാഹനങ്ങളോട് 74ാം വയസ്സിലും പ്രിയമാണ് ചന്ദ്രശേഖരന്. നാലുപതിറ്റാണ്ടായി വാങ്ങിക്കൂട്ടിയത് കാർ അടക്കം പത്തോളം വാഹനങ്ങൾ. ചേർത്തല നഗരസഭ 28ാം വാർഡിൽ പള്ളിക്കശ്ശേരിയിൽ ചന്ദ്രശേഖരനാണ് വേറിട്ടകാഴ്ചക്ക് വിരുന്നൊരുക്കുന്നത്. 1959ൽ സിംഗപ്പൂരിൽ നിർമിച്ച ഫിയറ്റ് 600 ആണ് താരം. വാഹന മെക്കാനിക്കായ ഇദ്ദേഹം1985ൽ പുണെയിൽ ജോലിക്ക് പോയപ്പോഴാണ് ഒരു വീട്ടിൽ ഈ താരത്തെ കണ്ടത്.
20,000 രൂപ മോഹവില നൽകി സ്വന്തമാക്കിയത്. നന്നാക്കിയെടുത്ത് നാട്ടിലെത്തിച്ചു. ഇടതു വശത്ത് സ്റ്റിയറിങ്ങുള്ള വാഹനത്തിൽ രണ്ട് ഡോർ മാത്രം. പിൻവശത്തെ സീറ്റിൽ കയറണമെങ്കിൽ ഡ്രൈവർ സീറ്റ് മറിച്ചിടണം. വീട്ടിലെത്തിയ ശേഷം 22 വർഷം ഓടാതെ കിടന്നു. എന്നാൽ, കഴിഞ്ഞ മാസം വീണ്ടും കാർ പ്രവർത്തനസജ്ജമാക്കി ജീവതത്തോട് ചേർത്തുനിർത്തി. ഷാർജയിൽനിന്ന് എത്തിയ രണ്ട് സിലിണ്ടർ ബൈക്ക് ഹോണ്ടബെല്ലിയാണ് മറ്റൊരു താരം. 15 വർഷം മുമ്പ് 15,000 രൂപക്ക് സ്വന്തമാക്കിയ ഇരുചക്രവാഹനം ഇപ്പോഴും കുതിക്കാൻ തയാറാണ്.
ഇറ്റലിയിൽനിന്ന് എത്തിയ 1958 മോഡൽ ലാംബ്രട്ട എൽ.ഡി 10 വർഷം മുമ്പാണ് വാങ്ങിയത്. 1960ൽ ഇറ്റലിയിൽ ഇറങ്ങിയ ബൈക്കുകളിലെ രാജകുമാരനായ മോട്ടോർ ഗുസ്സിയും സ്വന്തമാണ്. റോമിൽ വൈദികനാകാൻ കേരളത്തിൽനിന്ന് പോയ ഫാ. മാർഷൽ പാര്യത്തിൽനിന്നാണ് മോട്ടോർ ഗുസ്സി വാങ്ങിയത്. ഇപ്പോഴും കളറിലും പകിട്ടിലും ഒട്ടും ഭംഗം വന്നിട്ടില്ല. 1992ൽ ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്ത റോയൽ എൻഫീൽഡ് ഗണത്തിൽപെട്ട വാഹനം എറണാകുളത്തുനിന്ന് വാങ്ങി. ഇപ്പോഴത്തെ ആഡംബരകാറായ ഔഡി കമ്പനിയുടെ 1959ൽ ഇറക്കിയ ഇരുചക്രവാഹനമായ എൻ.എസ്.യു ക്യുക്കിലിയും വാഹനക്കൂട്ടത്തിലുണ്ട്. 1947ൽ ബ്രിട്ടീഷ് പട്ടാളക്കാരുടെ അഭിമാനമായ ബുള്ളറ്റ് ഗണത്തിൽ പെടുന്ന മാച്ചിലസും തലയെടുപ്പോടെ ശേഖരത്തിലുണ്ട്.
മോഹവില പറഞ്ഞാലും വീഴ്ത്താനാകില്ല
1990ൽ സ്വന്തമായി ചേർത്തല കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം വർക്ഷോപ് തുടങ്ങിയതോടെ മകൻ പ്രദീപ്കുമാറും ചന്ദ്രശേഖരനൊപ്പമുണ്ട്. വാഹനങ്ങൾ ലക്ഷങ്ങൾ നൽകി പലരും സ്വന്തമാക്കാൻ ശ്രമിച്ചിട്ടും ഇദ്ദേഹം കൊടുത്തിട്ടില്ല. ജീവനുള്ള കാലം വരെ ഇവ പരിചരിക്കാനാണ് തീരുമാനം. നമ്മുടെ നാട്ടിലും ഇടത് വശം ഡ്രൈവിങ് ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാമെന്ന് ചന്ദ്രശേഖരൻ ഉറപ്പിച്ച് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.