അന്ന് പൂന്തോട്ടമൊരുക്കാനെത്തി; ഇന്ന് സ്വപ്നവീടൊരുക്കി ഒഡീഷ കുടുംബം
text_fieldsകൊച്ചി: 22 വർഷം മുമ്പ് സ്വദേശമായ ഒഡീഷയിലെ ബാലസോറിൽനിന്ന് എറണാകുളത്തേക്ക് വണ്ടി കയറുമ്പോൾ ഭാവിയെക്കുറിച്ച ആശങ്കകൾക്കൊപ്പം സ്വന്തമായി ഒരു വീടെന്ന സ്വപ്നം കൂടിയുണ്ടായിരുന്നു അഭിജിത്ത് മണ്ഡൽ എന്ന ചെറുപ്പക്കാരന്റെയുള്ളിൽ. വർഷങ്ങൾ പിന്നിട്ട് കൊച്ചി മരടിൽ സ്വപ്നവീട് പടുത്തുയർത്തിയപ്പോൾ സന്തോഷത്താൽ നിറയുന്നത് അഭിജിത്തിന്റെ മാത്രമല്ല, ഭാര്യ കനക മണ്ഡലിന്റെയും മക്കളായ പ്രദീപ്കുമാർ മണ്ഡലിന്റെയും നിഷാന്ത് മണ്ഡലിന്റെയും കൂടി ഹൃദയങ്ങളാണ്. ഇന്ന് കേരളത്തിൽ സ്വന്തമായി വീട് നിർമിക്കാനാഗ്രഹിക്കുന്ന അന്തർ സംസ്ഥാനക്കാർക്ക് പ്രചോദനമാവുകയാണ് ഇവർ.
ഗാർഡനിങ് ജോലിക്കാരനായി കൊച്ചിയിൽ ജീവിതമാരംഭിച്ചതു മുതൽ കുഞ്ഞു കുഞ്ഞു നാണയത്തുട്ടുകൾ സ്വരുക്കൂട്ടിയാണ് അഭിജിത്ത് മരട് നഗരസഭ മൂന്നാം വാർഡിൽ രണ്ടര സെൻറ് വാങ്ങുകയും രണ്ടു മുറികളും ഹാളും അടുക്കളയുമെല്ലാമുള്ള സുന്ദര വീട് പണിയുകയും ചെയ്തത്.
ബന്ധുക്കളും പരിചയക്കാരും ആവുന്ന പോലെ സഹായിച്ചു. ഒപ്പം നഗരസഭ പി.എം.എ.വൈ പദ്ധതിയിലുൾപ്പെടുത്തി നാലര ലക്ഷം രൂപയും അനുവദിച്ചു. ഫണ്ടിലെ പകുതിയാണ് കിട്ടിയത്. വീട്ടുനമ്പർ ഇട്ട് കഴിഞ്ഞാൽ ബാക്കി ലഭിക്കും. കരാറുകാരനും അയൽവാസിയുമായ പാട്രികും സാമ്പത്തികമായി വിട്ടുവീഴ്ച ചെയ്തു.
വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമെല്ലാം പൂന്തോട്ടവും പുൽത്തകിടിയുമൊരുക്കുക, ചെടി പരിപാലിക്കുക തുടങ്ങിയ ജോലികളാണ് അഭിജിത്തിന്. കേരളത്തിലെത്തിയപ്പോൾ 21 വയസ്സായിരുന്നു. പിന്നീട് അഞ്ചു വർഷം കഴിഞ്ഞാണ് കനകയെ വിവാഹം ചെയ്ത് ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഇവിടെ വന്ന് പല വാടകവീടുകളിലും മാറിത്താമസിച്ചു. ഇതിനിടെ രണ്ടു മക്കളും ജനിച്ചു. മൂത്തയാൾ മരട് മാങ്കായിൽ സ്കൂളിൽ പ്ലസ്ടുവിനും ഇളയവൻ പൂണിത്തുറ സെൻറ് ജോർജ് സ്കൂളിൽ നാലാം ക്ലാസിലും പഠിക്കുന്നു. കനക അടുത്ത വീടുകളിൽ ജോലിക്കു പോവുന്നുണ്ട്.
കഴിഞ്ഞ 22നായിരുന്നു കണ്ണാടിക്കാട് ഈസ്റ്റ് ഡിവിഷനിലെ ഭാവന റോഡിലുള്ള വീടിന്റെ ഗൃഹപ്രവേശനചടങ്ങ്. കൊച്ചിയിൽ പലയിടത്തുമുള്ള ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സമ്മാനങ്ങളുമായി എത്തിയിരുന്നു.
നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ, സഹായവുമായി കൂടെനിന്ന കൗൺസിലർ രേണുക ശിവദാസ് ഉൾപ്പെടെയുള്ളവരും ചടങ്ങിനെത്തി. ഗാർഡനിങ് ജോലിക്കാരനാണെങ്കിലും സ്ഥലപരിമിതി മൂലം സ്വന്തം വീടിന്റെ മുന്നിലൊരു പൂന്തോട്ടം ഒരുക്കാനാവാത്തതിന്റെ കുഞ്ഞുസങ്കടം അഭിജിത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.