സൗദിയിൽ ശിശിരകാലം ആസ്വദിക്കാൻ മലയാളികളും
text_fieldsറിയാദ്: സൗദി അറേബ്യയിലിപ്പോൾ ശിശിരകാലത്തിന്റെ സുഖകരമായ അന്തരീക്ഷമാണ്. കൊടിയ ചൂടിനും കൊടും തണുപ്പിനും ഇടയിൽ കുറഞ്ഞകാലം മാത്രം ലഭിക്കുന്ന ആ അസുലഭാനുഭവം നുകരാൻ മലയാളികൾ ഉൾപ്പെടെ വിദേശികളും സ്വദേശികളും ഒരുപോലെ പുറത്തിറങ്ങിയിരിക്കുകയാണ്. അവധിദിനങ്ങളായ വാരാന്ത്യങ്ങളിൽ മാത്രമല്ല, പ്രവൃത്തിദിനങ്ങളിൽപോലും വൈകുന്നേരങ്ങളിലും രാജ്യത്തെ പാർക്കുകളിലും തടാകങ്ങൾക്കരികിലും പാതയോരങ്ങളിലും കുട്ടികളും കുടുംബിനികളും ഉൾപ്പെടെ കുടുംബങ്ങളുടെയും ബാച്ചിലർമാരുടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
റിയാദ് നഗരത്തിന്റെ വിശാല ഭൂമികയിൽ പലയിടങ്ങളിലായാണ് ആളുകൾ കൂട്ടമായി ഉല്ലാസ നിമിഷങ്ങൾ ചെലവിടാൻ എത്തുന്നത്. നഗരമധ്യത്തോട് ഏതാണ്ട് ചേർന്നുള്ള വാദി നിമാർ തടാകതീരം, 50 കിലോമീറ്റർ മാറിയുള്ള ലേക്ക് പാർക്ക് ഗാർഡൻ, തുമാമ മരുഭൂമി, തെക്കുപടിഞ്ഞാറ് ദിശയിൽ നഗരപ്രാന്തത്തിലെ ചെറുപട്ടണമായ മുസാഹ്മിയക്കു സമീപമുള്ള ‘റെഡ് സാൻഡ്’ എന്നിവിടങ്ങളിലാണ് മലയാളികൾ കൂടുതലായി എത്തുന്നത്. റിയാദ് സീസണിന്റെ ഭാഗമായി ബോളീവാഡ് ഉൾപ്പടെയുള്ള വിനോദനഗരങ്ങൾ സജീവമായിട്ടുണ്ടെങ്കിലും ഈ കാലാവസ്ഥ പ്രകൃതിയോടുചേർന്ന് ആസ്വദിക്കാനാണ് ആളുകൾ താൽപര്യപ്പെടുന്നത്.
മണൽക്കുന്നുകളിൽ ഓടിച്ചുകളിക്കാൻ ഓഫ് റോഡ് വാഹനങ്ങളുമായെത്തി കുന്നുകൾക്കു മുകളിൽ ക്യാമ്പ് ചെയ്യുന്നതും കൗതുകങ്ങൾ ഒളിപ്പിച്ച മണൽമടക്കുകളിലെ കൗതുകം തേടി കോഡ് ബൈക്കിൽ സഞ്ചരിക്കുന്നതുമാണ് റെൻഡ് സാൻഡിലെ ആഘോഷം. പരപ്പുള്ള പ്രദേശത്ത് തമ്പുകെട്ടിയും നിലവിലുള്ള ഖൈമകൾ (തമ്പുകൾ) വാടകക്കെടുത്തും മുസാഹ്മിയ, തുമാമ തുടങ്ങിയ മരുഭൂ മേഖലകളിൽ രാപ്പാർക്കുന്നവരും കുറവല്ല. റൈഡ് ബൈക്കുകൾക്ക് മണിക്കൂറിന് 50 റിയാൽ മുതൽ 100 റിയാൽ വരെ വാടക നൽകണം. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ കുറഞ്ഞ വാടകക്ക് ബൈക്കുകൾ ലഭ്യമാകും. നൂറുകണക്കിന് ബൈക്കുകളുള്ള റെഡ് സാൻഡിൽ വെള്ളി, ശനി ദിവസങ്ങളിൽ പണം മുൻകൂർ നൽകി കാത്തുനിൽക്കേണ്ടിവരും.
ടൂർ കമ്പനികളും സൗഹൃദക്കൂട്ടായ്മകളും സംഘമായാണ് സവാരിക്കെത്തുന്നത്. അതിരാവിലെ ഭക്ഷണ സാധനങ്ങളെല്ലാം കരുതി സകല ഒരുക്കങ്ങളുമായാണ് ഇവിടെയെത്തുന്നത്. റേസിങ് മേഖലയുടെ തൊട്ടടുത്ത ഭാഗത്ത് 100 മുതൽ 200 വരെയുള്ള റിയാൽ വാടകക്ക് ഖൈമകൾ ലഭ്യമാണ്. രാത്രിയാകുന്നതുവരെ ഇവിടെ കഴിയാം. ഭക്ഷണം ഉണ്ടാക്കുന്നതിനും വിശ്രമിക്കുന്നതിനും ഇത് നിരവധിയാളുകളാണ് വാടകക്കെടുക്കുന്നത്. അതിരാവിലെയും സായാഹ്നത്തിലുമാണ് മണൽക്കുന്നുകളിലേക്കുള്ള യാത്ര ഏറ്റവും മനോഹരം. സൂര്യാസ്തമയ സമയത്തെ പൊന്നിൻകിരണമേറ്റ മരുഭൂമിയുടെ സൗന്ദര്യം കാമറയിൽ പകർത്താനും ആ സമയത്ത് ബൈക്കുകൾ പറത്താനും സഞ്ചാരികൾ മത്സരിക്കുന്ന കാഴ്ച വിസ്മയകരമാണ്. കടലില്ലാത്ത റിയാദിൽ കടലനുഭവംപോലെ ഇരമ്പിയൊലിക്കുന്ന ജലധാരയാണ് ലേക് പാർക്കിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഈറന് കാറ്റേറ്റ് തടാകതീരത്ത് കളിപറഞ്ഞും ആഹാരം കഴിച്ചും ആസ്വദിക്കുന്ന കുടുംബങ്ങളും വിശാലമായ തീരത്ത് ഓടിയും ഒളിച്ചും ഉല്ലാസത്തിന്റെ മധുരം നുകരുന്ന കുട്ടികളും ഏറെയാണ്.
ഇളകാതെ ഒഴുകുന്ന നിർമിത നദിയുടെ സൗന്ദര്യവും തണുപ്പും ആസ്വദി
ക്കലാണ് വാദി നിമാറിലെത്തുന്ന സഞ്ചാരികളുടെ ലക്ഷ്യം. ഭക്ഷണം പാകംചെയ്ത് കഴിക്കാൻ തടാകതീരത്ത് അനുമതിയില്ലാത്തത് ആസ്വാദനത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.
അനുകൂല കാലാവസ്ഥയിൽ നഗരത്തിലെ മാളുകളിലെ ചുവരുകൾക്കുള്ളിലെ കേവല വിനോദങ്ങളിൽ ഒതുങ്ങാതെ പ്രകൃതിയുടെ അനന്തമായ ആഘോഷ സാധ്യതകൾ തേടുകയാണ് ആസ്വാദകർ. ഗ്രാമീണ അറബികളാണ് ശിശിരകാലം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. ഈത്തപ്പഴവും ആവിപറക്കുന്ന സൗദി ഗഹ്വയും കഴിച്ച് മരുഭൂമിയിലിരുന്ന് കഥപറയലും കവിത ചൊല്ലലുമാണ് ആസ്വാദനത്തിൽ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.