ഇന്ന് പുകവലി വിരുദ്ധ ദിനം: പുകവലിക്കാരേ; നിങ്ങളെന്നെ പോരാളിയാക്കി
text_fieldsതൃശൂർ: സ്കൂൾ സ്റ്റാഫ് റൂമിലെ പുകവലിക്കെതിരെ ഉയർത്തിയ പ്രതിഷേധം ചിത്രരചന അധ്യാപകനായ കെ.കെ. ദാമോദരൻ മാസ്റ്ററുടെ ജീവിതമാണ് മാറ്റിമറിച്ചത്. അദ്ദേഹം 1984ൽ തൃശൂർ തിരൂർ സെന്‍റ് തോമസ് സ്കൂളിൽ അധ്യാപകനായിരിക്കെയാണ് സ്റ്റാഫ് റൂമിലെ കൂട്ടപ്പുകവലിയെ നിശിതമായി വിമർശിച്ചത്. ഇതിനുള്ള പ്രതികരണമായി ദാമോദരൻ മാസ്റ്റർക്കെതിരെ സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 22 പേർ ഒപ്പിട്ട് പ്രധാനാധ്യാപകന് നിവേദനം നൽകി.
പ്രധാനാധ്യാപകൻ വിളിച്ച് ജോലിപോകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അഭിഭാഷകൻ മുഖേന പുകവലിച്ച അധ്യാപകർക്കെതിരെ നോട്ടീസയച്ചു. വിദ്യാർഥികൾക്ക് മാതൃകയാവേണ്ട അധ്യാപകർ പുകവലിയിൽനിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു നോട്ടീസ്. പത്രങ്ങളിൽ വാർത്തയായതോടെ വിഷയം കത്തിപ്പടർന്നു. സ്കൂളിലെ വിദ്യാർഥികളുൾപ്പെടെ മാസ്റ്റർക്ക് അനുകൂലമായി പ്രകടനം നടത്തി. വൈകാതെ നിയമനടപടി പിൻവലിച്ചെങ്കിലും പ്രവർത്തനങ്ങളെ തടയിടാൻ ഒരുവിഭാഗം ശ്രമിച്ചുകൊണ്ടേയിരുന്നെന്ന് മാഷ് പറഞ്ഞു. ഈ സംഭവത്തിലെ പ്രതികരണം ആവേശമാണ് ഉണ്ടാക്കിയത്. തുടർന്ന് തൃശൂരിൽ പുകവലി നിരുത്സാഹ സമിതി രൂപവത്കരിച്ചു. തൃശൂരിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ സമിതിയുടെ ഭാഗമായിരുന്നു. 'പുകവലിക്കെതിരെ ആഹ്വാനവുമായി സ്ഥാനാർഥി' എന്ന ലേബലിൽ 1987ൽ മയിൽ ചിഹ്നത്തിൽ തൃശൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പിലും 1991ൽ ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചു.
പി.എഫിൽനിന്ന് 8000 രൂപ വായ്പയെടുത്താണ് മത്സരിച്ചത്. യഥാക്രമം 300, 800 വോട്ട് നേടി. തുടർന്ന് പുകവലി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്കൂളുകളിൽ നൂറുകണക്കിന് ക്ലാസുകളെടുത്തു. കാമ്പസുകളിലുമെത്തി. ആന്‍റി നാർകോട്ടിക് കൗൺസിലിന്‍റെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. 2005ൽ വിരമിച്ചെങ്കിലും 72ാം വയസ്സിലും പുകയില വിരുദ്ധ ക്ലാസുകളെടുത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണങ്ങളിലും സജീവമാണ് പുല്ലഴി വടക്കുമുറി സ്വദേശിയായ ദാമോദരൻ മാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.