ഇന്ന് ലോക കാഴ്ചപരിമിത ദിനം; 'ദർശന'യുടെ വെളിച്ചത്തിൽ ഫാ. സോളമൻ
text_fieldsതൃശൂർ: കാഴ്ച പരിമിതനായ കുട്ടി വന്ന് ഫാ. സോളമനോട് ചോദിച്ചു: ''അച്ചോ, നമുക്ക് അന്ധരുടെ ക്രിക്കറ്റ് ടീം ഉണ്ടാക്കിയാലോ... അങ്ങയും കാഴ്ചപരിമിതനാണല്ലോ...'' ''ശരിയാണ്. പൂർണമായും കാഴ്ച ഇല്ലാതായിട്ടില്ലെങ്കിലും ഞാനും അന്ധനാണ്. കുട്ടികൾക്ക് അതിൽ ഉത്സാഹമുണ്ടെങ്കിൽ ആയിക്കോട്ടെ...'' ഫാ. സോളമൻ വിചാരിച്ചു. അങ്ങനെയാണ് 2018ൽ ദർശന ക്രിക്കറ്റ് ക്ലബ് ഉണ്ടായത്. ഇന്ന് തൃശൂരിൽ രണ്ട് അന്ധ ക്രിക്കറ്റ് ടീമും തിരുവനന്തപുരത്ത് ഒരു ടീമുമുണ്ട്.
ക്രിക്കറ്റിൽ ഒതുങ്ങിയില്ല, ദർശനയുടെ കായികപ്പെരുമ. ഫുട്ബാൾ, നീന്തൽ, ചെസ്, അത്ലറ്റിക്സ് ടീമുകളും കാഴ്ച പരിമിതർക്കുണ്ടായി. മാത്രമല്ല 'ഇരുളേറ്റം' നാടൻ പാട്ടുസംഘം, ശിങ്കാരിമേളം, ഗാനമേള സംഘം തുടങ്ങിയ കലകളിലും ദർശനയുടെ കൈയൊപ്പുണ്ട്.
കുഴിക്കാട്ടിശ്ശേരി സ്വദേശിയായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ 18ാം വയസ്സിൽ സെമിനാരി പഠനം പൂർത്തിയാക്കി. മധ്യപ്രദേശിൽ ആദിവാസി മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ മലമ്പനി ബാധിച്ചാണ് കാഴ്ചശക്തി നഷ്ടപ്പെട്ടുതുടങ്ങിയത്. ഇതറിയാതെ ബൈക്കിൽ സഞ്ചരിക്കുമ്പോഴും മറ്റും അടിക്കടി വീണ് അപകടവും മറ്റും തുടരെ സംഭവിച്ചതോടെ വൈദ്യപരിശോധന നടത്തിയപ്പോഴാണ് കാഴ്ചശക്തി മങ്ങുന്നതറിഞ്ഞത്. പതിയെ 90 ശതമാനം കാഴ്ച നഷ്ടമായ അവസ്ഥയിലെത്തി. ഇപ്പോഴും അടുത്തുള്ള ചെറിയ കാഴ്ച മാത്രമേ ഫാദർ സോളമന് കാണാനാകൂ. കാഴ്ചപരിമിതി പ്രശ്നമായതോടെ 2014ൽ മധ്യപ്രദേശിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തി തൃശൂർ അമല മെഡിക്കൽ സയൻസസിൽ സേവനം തുടങ്ങി.
സൈക്കോളജിക്കൽ കൗൺസലറായും സ്പിരിച്വൽ ആനിമേറ്ററായും പ്രവർത്തിച്ചുവരുന്നു.2017ലാണ് ദർശന ക്ലബ് തുടങ്ങിയത്. കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാർക്കുമായി തുടങ്ങിയ നീന്തൽ പരിശീലനമായിരുന്നു ഏറെ വെല്ലുവിളി. മികച്ച പരിശീലകരുടെ നേതൃത്വത്തിൽ 12 പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. സംസ്ഥാന സർക്കാറിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ സഹായം ഇവർക്കില്ല. കാഴ്ചപരിമിതർക്കായുള്ള മിക്ക മത്സരങ്ങളുടെയും അവസ്ഥ ഇതുതന്നെ. നിലവിൽ സുമനസ്സുകളുടെ സഹായത്താലാണ് പരിശീലനത്തിനെത്തുന്നവർക്ക് താമസവും കളിസ്ഥലവും അനുവദിച്ചു ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.