Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightകഥ പറയുന്ന...

കഥ പറയുന്ന കുതിരക്കല്ലറ

text_fields
bookmark_border
tomb for horse
cancel
camera_alt

ഇടുക്കി പള്ളിക്കുന്ന് സെന്റ് ജോർജ് സി.എസ്.ഐ പള്ളിയിലെ കുതിരക്കല്ലറ

Listen to this Article

വളര്‍ത്തു മൃഗങ്ങള്‍ക്കായൊരു സെമിത്തേരിയുള്ളത് ന്യൂയോര്‍ക്കിലാണ്. എന്നാല്‍, ലോകത്താദ്യമായി ഒരു കുതിരയെ അടക്കംചെയ്ത പള്ളി സെമിത്തേരി കാണണമെങ്കില്‍ ഇടുക്കി ദേവികുളം താലൂക്കിലെ പീരുമേട്ടിനടുത്ത് പള്ളിക്കുന്ന് സെന്റ് ജോര്‍ജ് ദേവാലയത്തിലെത്തണം. കേണല്‍ ജോണ്‍ ഡാനിയേല്‍ മൺറോ എന്ന ബ്രിട്ടീഷുകാരന്റെ സന്തത സഹചരിയായ 'ഡൗണി'യെന്ന പെണ്‍കുതിരയുടേതാണ് ഈ കല്ലറ. കോടമഞ്ഞില്‍ പൊതിഞ്ഞ പള്ളിസെമിത്തേരിയില്‍ ഡൗണി ഉറക്കം തുടങ്ങിയിട്ട് ഏറെവർഷങ്ങളായി.

'ഡൗണി'യുടെ കഥ

കേരളത്തിലെ കാപ്പിത്തോട്ടങ്ങളുടെ സ്രഷ്ടാവെന്ന് വിശേഷിപ്പിക്കുന്ന സ്‌കോട്ടിഷ് സൈനികനും ബ്രിട്ടീഷ് ഭടനുമായിരുന്നു ജോണ്‍ ഡാനിയേല്‍ മണ്‍റോ. പീരുമേടിന്റെ സംസ്‌കാരിക ഉയര്‍ച്ചക്ക് ഒരു പരിധിവരെ കാരണക്കാരന്‍. ഇടുക്കിയില്‍ തേയില-കാപ്പി കൃഷിക്ക് മുന്‍കൈയെടുത്തതും മൂന്നാറില്‍ കണ്ണൻ ദേവന്‍ തോട്ടം ആരംഭിച്ചതും മണ്‍റോയാണ്. സഹ്യന്റെ മുകളില്‍ മയങ്ങിക്കിടന്ന പള്ളിക്കുന്നിലേക്ക് മണ്‍റോയെ എത്തിച്ചത് അദ്ദേഹത്തിന്റെയുള്ളിലെ സാഹസികനും പിന്നെ പ്രിയപ്പെട്ട 'ഡൗണി'യുമായിരുന്നു.

പള്ളിക്കുന്ന് സെന്റ് ജോർജ് സി.എസ്.ഐ ദേവാലയം

തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ആവശ്യപ്രകാരം മണ്‍റോ ഈ നാടിനെക്കുറിച്ച് പഠിക്കുകയും 1887 മാര്‍ച്ച് എട്ടിന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പകര്‍പ്പുകള്‍ ദേവികുളം താലൂക്ക് ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടത്തിന് നടുവിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന മണ്‍പാതകള്‍വഴി തന്റെ യജമാനനെയും വഹിച്ചുകൊണ്ട് രാജപ്രൗഢിയോടെ കുളമ്പടി വെച്ചുവരുന്ന ഡൗണിയെക്കാണാന്‍ തൊഴിലാളികള്‍ ആദരവോടെ നോക്കിനില്‍ക്കുമായിരുന്നത്രേ!.

There shall be no more death

ഒരു സായാഹ്ന സവാരിക്കിടെ 1898ല്‍ ആഷ്ലി എസ്റ്റേറ്റിനു സമീപമുള്ള കൊക്കയിലേക്കുവീണ് 63ാം വയസ്സില്‍ ജെ.ഡി മൺറോയും സഹചാരിയായ ഡൗണിയും കൊല്ലപ്പെട്ടു. 'There shall be no more death' എന്ന് മൺറോയുടെ കല്ലറയില്‍ കൊത്തിവെച്ചത് ഇന്നും കാണാം. തന്നെ മറവുചെയ്യുന്നിടത്തുതന്നെ കുതിരയെയും അടക്കണമെന്ന് സായ്പ് കൂടെയുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് പള്ളിസെമിത്തേരിയില്‍ കുതിരയെ അടക്കിയത്. 38 ബ്രിട്ടീഷ് കല്ലറകള്‍ ഇവിടെയുണ്ട്. സ്‌കോട്ട്‍‍ലൻഡ്, അയര്‍ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള 36 പേരുടെയും ജോണ്‍ ഡാനിയേല്‍ മണ്‍റോയുടെയും അദ്ദേഹത്തിന്റെ കുതിര ഡൗണിയുടെയും കല്ലറകളാണിവ. ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന വിലകൂടിയ മാര്‍ബിള്‍ കൊണ്ടാണിത് നിര്‍മിച്ചിട്ടുള്ളത്. മരിച്ചവരുടെ പേരും ജനനത്തീയതിയും മരണകാരണവുമെല്ലാം കൊത്തിവെച്ചിട്ടുണ്ട്.


കല്ലറകള്‍ക്ക് നടുവിലായി കൈ നഷ്ടമായൊരു കുഞ്ഞുമാലാഖയുടെ പ്രതിമയും കാണാം. ജന്മദിനാഘോഷ വേളയില്‍ മരണപ്പെട്ട രണ്ടുവയസ്സുകാരി ബ്രിജിറ്റ് മേരിയുടേതാണത്. 'It was an Angel visited the green earth and took the flower away' എന്ന് അതില്‍ ആലേഖനംചെയ്തിട്ടുണ്ട്. തൊട്ടടുത്തായാണ് ജെ.ഡി. മണ്‍റോയെയും ഡൗണിയെയും അടക്കിയിട്ടുള്ളത് .

ഇന്ത്യയിൽ നിന്ന് ഒരാൾ മാത്രം

ഇന്ത്യക്കാരെ അടക്കാന്‍ അനുവാദമില്ലാതിരുന്ന പള്ളിയില്‍, 1901 വരെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച തമിഴ് വൈദികന്‍ റവ. നല്ലതമ്പിയെ മാത്രമാണ് അടക്കിയിരിക്കുന്നത്. 1877 മേയ് 16ന് ലൂസിയ ജില്‍മ ക്ലര്‍ക്ക് എന്ന വനിതയെ സെമിത്തേരിയില്‍ ആദ്യമായി അടക്കംചെയ്തു. 1967 വരെ യൂറോപ്യന്മാര്‍ സെന്റ് ജോര്‍ജ് പള്ളിയിലെ സ്ഥിരാംഗങ്ങളായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് വ്യവസായാവശ്യത്തിന് ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷുകാര്‍ കൂട്ടാരാധന നടത്താന്‍ നിര്‍മിച്ചതാണീ ദേവാലയം. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ബ്രിട്ടീഷ് സര്‍ക്കാറിന്റെ അധികാര പരിധിക്കുള്ളിലിതിപ്പോഴും നിലകൊള്ളുന്നു. എന്നാല്‍, പള്ളിയാരാധകരില്‍ ഭൂരിഭാഗവുമിന്ന് തമിഴരാണ്. നാഗര്‍കോവിലില്‍നിന്നും തിരുനെല്‍വേലിയില്‍നിന്നുമെല്ലാം ബ്രിട്ടീഷുകാരുടെ തൊഴിലാളികളായെത്തിയ ഇവര്‍ പിന്നീട് മടങ്ങിപ്പോയില്ല.

പൂര്‍ണമായും ഗോത്തിക് ശൈലിയില്‍ കുരിശാകൃതിയിലുള്ള ദേവാലയത്തിന്റെ ചില ഭാഗങ്ങളില്‍ ജൂതചിഹ്നങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തില്‍ മരിച്ചവര്‍ക്കുള്ള സ്മരണാർഥമായി പേരുകള്‍ ആലേഖനം ചെയ്ത പിത്തള ഫലകങ്ങളും കാണാം. 1983ല്‍ ഈസ്റ്റ് കേരള മഹാ ഇടവക രൂപംകൊണ്ടപ്പോള്‍ സെന്റ് ജോര്‍ജ് പള്ളി ഇടവകയുടെ പരിധിക്കുള്ളിലായി. തുടര്‍ന്ന് പട്ടക്കാരെ ഈസ്റ്റ് കേരള ഇടവകയില്‍നിന്ന് നിയമിച്ചുതുടങ്ങി. ഗതകാല സ്മരണകൾ തേടിയിറങ്ങുന്ന സഞ്ചാരികള്‍ക്കായി പള്ളിയും അതിന്റെ പരിസരവും ഇവിടെ തലയെടുപ്പോടെ കാത്തിരിക്കുകയാണ്, കുതിരക്കല്ലറയുടെയും ബ്രിട്ടീഷ് സെമിത്തേരിയുടെയും കഥകള്‍ അയവിറക്കാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse tombSt George CSI Church Pallikkunnu
News Summary - tomb of horse in St George CSI Church Pallikkunnu Idukki
Next Story