കാലത്തെ തോല്‍പ്പിച്ച് ജിമിക്കി തിളങ്ങുന്നു
text_fieldsകാലം ഏതു ഫാഷനെയും തോല്‍പ്പിക്കും. എന്നാല്‍ ഫാഷനും കാലവും തമ്മിലുള്ള യുദ്ധത്തില്‍ എക്കാലവും വിജയപഥത്തിലേറുന്ന ഒരു താരമുണ്ട്. കാതുകളില്‍ മണിമുത്തുകള്‍ കിന്നാരം പറയുന്ന ജിമിക്കി. നൂറ്റാണ്ടുകള്‍ക്കും മുന്നേ രംഗത്തെത്തിയ ജിമിക്കിയുടെ രൂപവും ഭാവവും മാറുന്നുവെന്നല്ലാതെ ജിമിക്കി അന്നും ഇന്നും ഫാഷനിലെ താരംതന്നെയാണ്.
ഭാരതീയസ്ത്രീയുടെ മെയ്യഴകില്‍ കവിത വിരിയിക്കുന്ന മഞ്ഞലോഹത്തിന്റെ വശ്യതയ്ക്ക് അന്നും ഇന്നും ഒരേ തിളക്കം. ഏതൊരു മെയ്യാഭരണവും സ്ത്രീത്വത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതാണ്. കാലചക്രങ്ങള്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ മാറിമറിയുന്നത് വസ്ത്രം, ആഭരണം എന്നിവയിലെ ഫാഷനാണ്. ഇത്തരം പുതുമകളെ സ്വാഗതം ചെയ്യാനുള്ള ആവേശം സ്ത്രീകളിലാണ് കൂടുതല്‍. അതുകൊണ്ടാണ് സ്ത്രീകള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ മല്‍സരിക്കുന്നത്. എന്നാല്‍ കാലമെത്ര കടന്നുപോയിട്ടും എന്തുകൊണ്ടോ സ്ത്രീകള്‍ ജിമിക്കിയെ കൈവിടുന്നില്ല. ജിമിക്കിയും സ്ത്രീയും തമ്മിലുള്ള ആ പൊരുത്തത്തിന്റെ പൊരുളിനെക്കുറിച്ച് ആര്‍ക്കും ഒരു പിടിയുമില്ല. ഒരു കാര്യം മാത്രം അറിയാം. ജിമിക്കിയാണ് കമ്മലുകളുടെ റാണി. എത്ര കമ്മലുകുണ്ടെങ്കിലും ഒരു സെറ്റ് ജിമിക്കി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.
ആഢ്യത്വത്തിന് നൂറു മാര്‍ക്ക്
സ്വര്‍ണ്ണാഭരണങ്ങള്‍ മാടിവിളിക്കുന്ന ജ്വല്ലറിയിലേക്കൊന്നു വലതുകാല്‍ വച്ചോളൂ. കമ്മല്‍ വാങ്ങാനാണ് പോകുന്നതെങ്കില്‍ ജിമിക്കികള്‍ നിങ്ങളെ മാടിവിളിക്കും. അതെന്തുകൊണ്ടാണെന്നല്ലേ? അവയുടെ ആഢ്യത്വംതന്നെ. മലയാളിപ്പെണ്ണിന്റെ മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ജിമിക്കിയാണ് ഏതൊരു പെണ്‍കുട്ടിയും തന്റെ വിവാഹനാളിലേക്കായി കരുതിവയ്ക്കുന്ന കമ്മല്‍.
ജിമിക്കി എന്ന കര്‍ണ്ണാഭരണത്തിന്റെ പഴക്കം അന്വേഷിച്ചാല്‍ ഒരു നൂറ്റാണ്ടിനുമപ്പുറത്തേക്കു പോകേണ്ടിവരും. തോടയാണ് ആദ്യമെത്തിയ കര്‍ണ്ണാഭരണം. തുടര്‍ന്നാണ് തോടയ്‌ക്കൊരു ഞാത്തുമായി ജിമിക്കിയുടെ രംഗപ്രവേശം. മദ്ധ്യതിരുവിതാംകൂറാണ് ജിമിക്കിയുടെ ഉല്‍ഭവകേന്ദ്രമെന്ന് കരുതപ്പെടുന്നു. ഏതു മതക്കാരും ഈ ആഭരണം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഹിന്ദുസ്ത്രീകളാണ് ജിമിക്കി കൂടുതലായി ധരിച്ചുകാണുന്നത്. മുസ്ലീംസ്ത്രീകള്‍ മുമ്പൊക്കെ വിവാഹത്തിന് ജിമിക്കിയിടുന്നത് പതിവായിരുന്നു. ക്രിസ്ത്യാനിപ്പെണ്‍കുട്ടികളാകട്ടെ കുണുക്കില്‍നിന്ന് ചുവടുമാറിയത് ജിമിക്കിയിലേക്കും.
ജിമിക്കിയിലെ വൈവിദ്ധ്യം
കുടജിമിക്കി, തട്ടുജിമിക്കി, കിളിക്കൂട്, കമ്പിജിമിക്കി, ഉളുക്കി, നെറ്റ്, ഭരതനാട്യം, കഥകളി എന്നിങ്ങനെ ജിമിക്കികള്‍ പലവിധമുണ്ടെങ്കിലും കുടജിമിക്കുതന്നെയാണ് ഒന്നാംസ്ഥാനം. ആദ്യം സ്വര്‍ണ്ണത്തില്‍ കുളിച്ചെത്തിയിരുന്ന ജിമിക്കികള്‍ ഇന്ന് മുത്തിലും കല്ലിലും മുങ്ങിപ്പൊങ്ങുന്നു. ഒരു ഗ്രാം തങ്കത്തിലെത്തുന്ന പുതിയ പാറ്റേണ്‍ ജിമിക്കികള്‍ക്ക് സ്വര്‍ണത്തെ തോല്‍പ്പിക്കാനുള്ള പവറുണ്ട്. തോളറ്റമെത്തുന്ന ഫാന്‍സി ജിമിക്കകളാണ് ഇപ്പോഴത്തെ ട്രെന്റ്. ഡ്രസ്സിന്റെ നിറത്തിനും പാറ്റേണിനും ഇണങ്ങിയ തരത്തില്‍ പലവര്‍ണ്ണത്തിലുള്ള ജിമിക്കകളും വിപണിയില്‍ സുലഭം.
കാഴ്ചയില്‍ ആഢ്യത്വമുണ്ടെങ്കിലും നിത്യോപയോഗത്തിന് അത്ര സൗകര്യമില്ലെന്ന ന്യൂനത ജിമിക്കിക്കുണ്ട്. എന്നാലും സ്ത്രീമനസ്സുകളില്‍ ജിമിക്കിയുടെ സ്ഥാനം ഒന്നാംനിരയില്‍ത്തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.