ട്രെന്‍ഡി നഖങ്ങള്‍ക്ക് നെയില്‍ സ്റ്റിക്കറുകള്‍
text_fieldsഅടുത്തകാലം വരെ നഖങ്ങള്‍ സുന്ദരമാക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് പല നിറങ്ങളിലുള്ള നെയില്‍ പോളീഷുകളായിരുന്നു. എന്നാല്‍ ഏറെ സമയം ചെലവഴിച്ച് നെയില്‍ പോളീഷിടാനും ഉണങ്ങുന്നതു വരെ കാത്തിരിക്കാനുമൊന്നും പുതു തലമുറക്ക് വയ്യ. എല്ലാം റെഡിമെയ്ഡ് കിട്ടുന്ന ഈ കാലത്ത് നഖസൗന്ദര്യത്തിനും റെഡിമെയ്ഡ് വഴികളാണ്. ഇതില്‍ ഏറ്റവും പുതിയ ട്രെന്‍ഡ് ആണ് നെയില്‍ സ്റ്റിക്കറുകള്‍. അല്‍പം ശ്രദ്ധയും കലാബോധവുമുണ്ടെങ്കില്‍ നഖങ്ങള്‍ക്ക് അതിമനോഹരമായ രൂപഭാവങ്ങള്‍ നല്‍കാന്‍ നെയില്‍ സ്റ്റിക്കറുകളിലൂടെ സാധിക്കും.
വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള സ്റ്റിക്കറുകള്‍ വിപണിയിലെത്തി കഴിഞ്ഞു. ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച്, അല്ലെങ്കില്‍ മനസ്സിന്റെ അഭിരുചികള്‍ക്കനുസരിച്ച് നെയില്‍ സ്റ്റിക്കറുകള്‍ തെരഞ്ഞെടുക്കാം. സാധാരണ ഒരു പായ്ക്കറ്റില്‍ ഇരുപത്തിനാലോളം നെയില്‍ സ്റ്റിക്കറുകള്‍ ഉണ്ടാവും. നഖത്തിന്റെ അരികുകള്‍ പൊതിയുന്ന രീതിയിലാണ് ഒട്ടിക്കേണ്ടത്. പീന്നീട്, നെയില്‍ സ്റ്റിക്ക് ഉപയോഗിച്ച് കൂടുതലായി നില്‍ക്കുന്ന സ്റ്റിക്കറിന്റെ ഭാഗം മുറിച്ച് ഷെയിപ്പ് ചെയ്യാവുന്നതാണ്.
കല്ലുകളും മുത്തുകളും പതിപ്പിച്ച പൂക്കള്‍ മുതല്‍ കാര്‍ട്ടൂണുകള്‍ വരെ നെയില്‍ സ്റ്റിക്കറിലെ ഡിസൈനുകളാവാറുണ്ട്. വളരെ എളുപ്പത്തില്‍ ഇവ പതിപ്പിക്കാമെങ്കിലും ശ്രദ്ധ തെറ്റിപോകരുത്. നെയില്‍ സ്റ്റിക്കറുകളിലൂടെ നഖം മനോഹരമാകുന്നതോടൊപ്പം നഖങ്ങള്‍ക്ക് ട്രെന്‍ഡി ലുക്കും കൈവരും. നെയില്‍ പോളീഷുകളെ അപേക്ഷിച്ച് ചെലവും കുറവാണ്. പായ്ക്കറ്റിന് അറുപത് രൂപ മുതല്‍ നെയില്‍ സ്റ്റിക്കറുകള്‍ ലഭ്യമാണ്.
നെയില്‍ സ്റ്റിക്കറുകളെല്ലാം നെയില്‍ പോളീഷുകളെ പോലെ നഖത്തെ പൂര്‍ണമായും പൊതിയുന്നവയല്ല. ചിലത് മുത്തുകളും പേളുകളും ചെറിയ ഡിസൈനുകളുമാവാം. ഇത്തരത്തിലുള്ളവ, നെയില്‍ പോളീഷുകള്‍ പുരട്ടിയ ശേഷം അതിന് പുറമെ പതിപ്പിക്കുന്നവയായിരിക്കും. പാര്‍ട്ടികള്‍ക്കും മറ്റുമാണ് ഇവ കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നഖത്തിന്റെ അറ്റങ്ങളെ മാത്രം അലങ്കരിക്കുന്ന നെയില്‍ സ്റ്റിക്കറുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ നഖങ്ങളിലിത് ഇളകാതെ നില്‍ക്കും. ആവശ്യമുള്ളപ്പോള്‍ റിമൂവര്‍ ഉപയോഗിച്ച് കളയുകയും ചെയ്യാം. കൈ നഖങ്ങള്‍ മാത്രമല്ല കാല്‍ നഖങ്ങള്‍ക്കും നെയില്‍ സ്റ്റിക്കറുകള്‍ നന്നായി ഇണങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.