24 മണിക്കൂർ, 100 വേദി; ഒരു ലക്ഷം മെൻസ്ട്രുവൽ കപ്പ് വിതരണം
text_fieldsകൊച്ചി: ആർത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന 'കപ്പ് ഓഫ് ലൈഫ്' പരിപാടി ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. മെൻസ്ട്രുവൽ കപ്പിനെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്തുകയും ഒരു ലക്ഷം മെൻസ്ട്രുവൽ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്നതുമാണ് പദ്ധതിയെന്ന് ഹൈബി ഈഡൻ എം.പി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ആഗസ്റ്റ് 30ന് വൈകീട്ട് ആരംഭിച്ച് 31ന് വൈകീട്ട് സമാപിക്കുന്ന തരത്തിൽ എറണാകുളം പാർലമെൻറ് മണ്ഡലത്തിെൻറ പരിധിയിൽ 100 വേദിയിലായി 24 മണിക്കൂറിനുള്ളിൽ, ഒരു ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം.
പ്രചാരണ ഭാഗമായി രണ്ടുമാസം നീളുന്ന വിവിധ ബോധവത്കരണ, കല, സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വളന്‍റിയർമാർ എല്ലാ വേദികളിലും ഉപയോഗിക്കേണ്ട വിധം വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നതെന്നും എം.പി പറഞ്ഞു. വാർത്തസമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ് എം.ഡി അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം. ജോർജ്, കപ്പ് ഓഫ് ലൈഫ് ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ഡോ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്‍റ് ഡോ. മരിയ വർഗീസ്, ഐ.എം.എ കൊച്ചി വൈസ് പ്രസിഡന്‍റ് ഡോ. എം.എം. ഹനീഷ് എന്നിവരും പങ്കെടുത്തു.
സാനിറ്ററി പാഡിന് പകരം 3000 സ്വതന്ത്ര ദിവസങ്ങൾ
3000 ദിവസങ്ങളിൽ ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ 3000 സ്വതന്ത്ര ദിവസങ്ങൾ എന്ന സന്ദേശമാണ് കപ്പ് ഓഫ് ലൈഫ് പരിപാടിയിലൂടെ നൽകുന്നത്. ഒരു കപ്പ് നാലോ അഞ്ചോ വർഷം വരെ ഉപയോഗിക്കാമെന്നതിനാൽ സാമ്പത്തിക ലാഭവുമുണ്ട്.
ഇന്ത്യയിൽ മാത്രം പ്രതിവർഷം 12 ബില്യൻ ഉപയോഗിച്ച പാഡുകളാണ് പ്രകൃതിക്ക് ഭീഷണിയാകുന്നത്. പാഡുകളുടെ സംസ്കരണം ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുപുറമെ ആശുപത്രികൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ടോയ്‌ലറ്റ് ബ്ലോക്ക് അടക്കമുള്ളവയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ആർത്തവ ദിനങ്ങളിൽ പല കുട്ടികളും അകാരണമായ ആശങ്കക്കും ഉത്കണ്ഠക്കും അടിപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ശക്തമായ ബോധവത്കരണം നടത്തുന്നതുകൂടി ലക്ഷ്യമിട്ടാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി വേദിയൊരുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളും കോളജുകളും 0484-3503177 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.