വീൽചെയറിൽ 24 മണിക്കൂറിനകം താണ്ടിയത് 215 കി.മീ; 28കാരൻ സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡ്
text_fieldsഭുവനേശ്വർ: ഒഡീഷയിലെ പുരി സ്വദേശിയാണ് 28കാരനായ കമല കാന്ത നായക്. തളർന്ന കാലുകൾക്ക് കൂട്ടായി കണ്ടെത്തിയ വീൽചെയറുമായി ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് ഓടിക്കയറിയ യുവാവ്. 24 മണിക്കൂറുകൊണ്ട് 215 കിലോമീറ്റർ വീൽചെയറിൽ സഞ്ചരിച്ച് ഏറ്റവും കൂടുതൽ ദൂരം വീൽചെയറിൽ സഞ്ചരിച്ച റെക്കോഡാണ് ഈ 28കാരൻ കരസ്ഥമാക്കിയത്.
മദ്രാസ് ഐ.ഐ.ടി നിർമിച്ച നിയോഫ്ലൈ വീൽചെയറിലായിരുന്നു കമല കാന്തിന്റെ യാത്ര. 2007ൽ പോർച്ചുഗൽ സ്വദേശിയായ മരിയോ ട്രിനിഡാഡിന്റെ റെക്കോഡ് തകർത്തായിരുന്നു മുന്നേറ്റം. അന്ന് മരിയോ വീൽചെയറിൽ 24 മണിക്കൂറുകൊണ്ട് സഞ്ചരിച്ചത് 182 കിലോമീറ്ററായിരുന്നു.
ഐ.ഐ.ടിയുടെ ടി.ടി.കെ സെൻറർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്മെന്റും (ആർ2ഡി2) സ്റ്റാർട്ട് അപ്പായ നിയോമോഷനും ചേർന്നാണ് വീൽചെയർ നിർമിച്ചത്. ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ യാത്രചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ നിർമാണം. മോട്ടോർ ഘടിപ്പിച്ച മെഷീൻ വീൽചെയറിൽനിന്ന് ആവശ്യമുള്ളപ്പോൾ വേർപ്പെടുത്തി ഉപയോഗിക്കാനും കഴിയും.
സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതിനൊപ്പം ഏത് റോഡിലൂടെയും ഓടിക്കാനാകും. നടപ്പാതയില്ലാത്ത തെരുവുകളിലൂടെയും കുത്തനെയുള്ള കയറ്റങ്ങളിലൂടെയും അനായാസേന സഞ്ചരിക്കാനും കഴിയും.
കമല കാന്തിന്റെ ഗിന്നസ് റെക്കോഡ് സ്വപ്നത്തിന് കരുത്തേകാൻ കഴിയുന്ന രീതിയിലായിരുന്നു ഇവയുടെ നിർമാണം. ശരീരത്തിന് അനുയോജ്യമായ രീതിയിൽ വീൽചെയർ ഡിസൈൻ ചെയ്തു. കൂടാതെ വീലുകളും ഭാരവുമെല്ലാം നായകിന്റെ ശരീരത്തിന് അനുസരിച്ച് ക്രമീകരിച്ചു. വർഷങ്ങൾ നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് വീൽചെയറിനെ നായക് മെരുക്കിയെടുത്തതെന്നും ആർ2ഡി2വിന്റെ ചുമതലയുള്ള സുജാത ശ്രീനിവാസൻ പറയുന്നു.
മണിക്കൂറിൽ 25 കിലോമീറ്ററാണ് വീൽചെയറിന്റെ വേഗത. ഒറ്റ ചാർജിൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയും. ഓരോ ഭിന്നശേഷിക്കാർക്കും അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിർമാണം. അതിനാൽ തന്നെ ഓർഡർ ചെയ്ത് നാലുമാസത്തോളമെടുക്കും ഇവ ലഭിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.