‘രാത്രിവണ്ടികളുടെ ശബ്ദവുമായി’ പ്രാർഥന
text_fieldsകോട്ടക്കൽ: കഥകളുടെ വിസ്മയ ലോകത്തേക്ക് ഒരു കുഞ്ഞു എഴുത്തുകാരി പിറവിയെടുക്കുന്നു. അതും എഴുത്തിന്റെ ഇതിഹാസമെന്നറിയപ്പെടുന്ന ഒ.വി. വിജയൻ പഠിച്ചിറങ്ങിയ രാജാങ്കണത്തിൽ നിന്നും. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനി പ്രാർഥന എഴുതിയ ചെറുകഥസമാഹാരമായ ‘രാത്രിവണ്ടികളുടെ ശബ്ദം’ ചൊവ്വാഴ്ച പ്രകാശിതമാകും.
വായനക്കാരെ ഒപ്പം ചേർത്ത് നിർത്തി വരികളിലൂടെ പുതിയ അനുഭവം തീർക്കുകയാണ് മിടുക്കി. കുട്ടികളിലെ സർഗശേഷിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹനവും പിന്തുണയും നൽകുന്ന രാജാസിലൂടെ പുതിയ എഴുത്തുകാരിയും കഥാലോകത്തേക്ക് ചുവടുവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയും മലയാളവേദിയും ചേർന്ന് പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. യു.പി തലംതൊട്ട് വിദ്യാരംഗം ക്യാമ്പുകളിൽ, ഉപജില്ല-ജില്ല കലോത്സവങ്ങളിൽ വിവിധ മത്സരങ്ങളിലും കഥാരചനയിലും പ്രസംഗമത്സരങ്ങളിലും അഭിനയത്തിലും സ്കൂളിന്റെ സർഗസാന്നിധ്യമാണ് പ്രാർഥന. ബാലപ്രസിദ്ധീകരണങ്ങളിലെ കഥകളും പാട്ടും ചൊല്ലി ചൊല്ലി മനസ്സിലുറപ്പിച്ച് തന്ന അമ്മ ജി.എസ്. ജിഷ തന്നെയാണ് കലാലോകത്തേക്കുള്ള ആദ്യപ്രേരണ.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കഥ പറച്ചിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു തുടക്കം. ഉയർന്ന ക്ലാസുകളിലേക്ക് വളർന്നപ്പോൾ പറച്ചിൽ പ്രസംഗാവതരണത്തിലായി. തോക്കാംപാറ എൽ.പി സ്കൂളിലെ അധ്യാപകനായ സുധീർ കുമാർ കുഞ്ഞെഴുത്തുകാരിയെ ഒരുക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. രാജാസിലെത്തിയതോടെ അവസരങ്ങളുടെ ലോകം കുറച്ചുകൂടി വിശാലമായി.
പട്ടാമ്പി അക്ഷരജാലകമാണ് പ്രസാധകർ. സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരി സുധ തെക്കേമഠം മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മാധ്യമ പ്രവർത്തകനുമായ മേഘമൽഹാറിലെ കെ. ബിജുവാണ് പിതാവ്. പ്രയാൺ ഏക സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.