സജനക്ക് സ്വപ്നസാഫല്യം, നാടിന് അഭിമാന മുഹൂർത്തം
text_fieldsമാനന്തവാടി: ഇന്ത്യൻ കായിക ഭൂപടത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന വയനാട്ടിൽ നിന്നുള്ള താരം ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയത് നാടിന് അഭിമാനമായി. മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനിയായ സജന സജീവനാണ് ഈ മാസം 28ന് തുടങ്ങുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ടീമിൽ ഇടം പിടിച്ചത്.
വിദ്യാർഥിനിയായിരിക്കെ മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപിക എൽസമ്മയാണ് സജനയുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകിത്തുടങ്ങിയത്. പിന്നീട് ക്രിക്കറ്റ് പരിശീലകനായ ഷാനവാസിന്റെ ശിക്ഷണത്തിൽ ജില്ല ടീമിലെത്തി. തുടർന്ന് സംസ്ഥാന അണ്ടർ 19, അണ്ടർ 23 ടീമുകളുടെ ക്യാപ്റ്റൻ പദവി അലങ്കരിച്ചു. പതിയെ കേരള ടീമിലും ദക്ഷിണ മേഖല ടീമിലും ഇടം പിടിച്ചു.
ഓൾറൗണ്ടറായെങ്കിലും ഇന്ത്യൻ ടീമിൽ എത്താനായില്ല. സജനക്ക് പിറകെ വന്ന മാനന്തവാടിക്കാരിയായ മിന്നു മണി സീനിയർ ടീമിൽ നേരത്തേ ഇടം നേടിയിരുന്നു. കഠിന പരിശീലനം തുടരവേ മുംബൈ ഇന്ത്യൻ ടീമിൽ എത്തിയതാണ് വഴിത്തിരിവായത്. ഡൽഹി കാപിറ്റൽസിനെ തോൽപിക്കാൻ അഞ്ച് റൺ വേണമെന്നിരിക്കെ അവസാന പന്തിൽ ക്രീസിലിറങ്ങിയ സജന സിക്സർ അടിച്ചാണ് മുംബൈയെ വിജയകിരീടം ചൂടിച്ചത്.
ഈ പ്രകടനം വലിയ തോതിൽ പ്രശംസിക്കപ്പെട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ സജനയെ ദേശീയ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ അടുത്ത ലക്ഷ്യം ലോകകപ്പിൽ കളിക്കുക എന്നതാണെന്ന് സജന പറയുന്നു. അതിനുള്ള കഠിന പ്രയത്നത്തിലാണ്.
തൃശൂർ കേരളവർമ കോളജിൽനിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. മാനന്തവാടി നഗരത്തിലെ ഓട്ടോ ഡ്രൈവർ ചൂട്ടക്കടവ് സജന നിവാസിൽ സജീവന്റെയും മാനന്തവാടി പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ നഗരസഭ കൗൺസിലറുമായ ശാരദ സജീവന്റെയും മകളാണ്. സഹോദരൻ എസ്. സച്ചിൻ സഹോദരിക്ക് പൂർണപിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.