മൂവാറ്റുപുഴ സ്വദേശിക്ക് യൂറോപ്യൻ ഓഡിയോ മത്സരത്തിൽ സ്വർണമെഡൽ
text_fieldsമൂവാറ്റുപുഴ: ആറാമത് യൂറോപ്യൻ 3ഡി ഓഡിയോ പ്രൊഡക്ഷൻ മത്സരത്തിൽ സ്വർണമെഡൽ നേടി മൂവാറ്റുപുഴ സ്വദേശി രോഹിത് ശക്തി. ഡിസംബറിൽ നടന്ന മത്സരത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള നിരവധി മത്സരാർഥികളെ പിന്നിലാക്കിയാണ് ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞദിവസമാണ് വിജയിയെ പ്രഖ്യാപിച്ചത്. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പാസായ രോഹിത് ലണ്ടനിലെ ഹഡേഴ്സ് ഫീൽഡ് യൂനിവേഴ്സിറ്റിയിൽ 2019-ൽ ബി.എസ്സി (ഓണേഴ്സ്) ന് ചേരുകയായിരുന്നു.
സ്കൂൾ-കോളജ് തലങ്ങളിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിശ്വജ്യോതി കോളജിൽ ‘കോളജ് ഐക്കൺ’ആയിരുന്ന രോഹിത് 2022ൽ ജർമനിയിൽ ഒരുവർഷത്തെ ഇന്റേൺഷിപ് ചെയ്യുന്നതിനിടെയാണ് സമ്മാനാർഹമായ ‘സോയില’ എന്ന ഹിന്ദി ഗാനം തയാറാക്കിയത്. മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായ ഫ്രാൻസിസ് ജോർജിന്റെ മകൻ ജോസ് ഫ്രാൻസിസ് രചിച്ച ഹിന്ദി ഗാനം സംഗീതംനൽകി ആലപിച്ചത് രോഹിത്താണ്.
രോഹിത്തിന്റെ ആദ്യ തമിഴ്ഗാനം സംഗീത സംവിധായകൻ ബിജിബാലാണ് പുറത്തിറക്കിയത്. സംഗീതരംഗത്ത് അന്തർദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് താൽപര്യം. മുൻ മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് പരേതനായ സി.കെ. പത്മനാഭൻ (ശക്തി കുഞ്ഞപ്പൻ)ന്റെ ചെറുമകനും കൊച്ചിൻ ഷിപ്യാർഡ് എൻജിനീയർ എം.വി. ബൈജുവിന്റെയും രേഖ ദേവിയുടെയും മകനുമാണ് ഈ 26കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.