കൈകൾ കൂട്ടിക്കെട്ടി റെക്കോഡിലേക്ക് നീന്തിക്കയറി അഭിനന്ദ്
text_fieldsവൈക്കം: പുതുചരിത്രത്തിലേക്ക് നീന്തിക്കയറി ആറാംക്ലാസുകാരൻ. കൈകൾ കൂട്ടിക്കെട്ടിയശേഷം വേമ്പനാട്ടുകായൽ നീന്തിക്കടന്ന പെരുമ്പാവൂർ ഗ്രീൻവാലി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അഭിനന്ദ് ഉമേഷാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. ഒരു മണിക്കൂർ 20 മിനിറ്റ് സമയമെടുത്ത് ഏഴ് കിലോമീറ്റർ ദൂരം നീന്തിയ അഭിനന്ദ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടി. കൈകൾ കെട്ടി കായൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന നേട്ടമാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്.
ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയായിരുന്നു നീന്തൽ. ശനിയാഴ്ച രാവിലെ 8.39ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹൻ, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. സുധിർ, ആലപ്പുഴ കലക്ടറേറ്റ് ജൂനിയർ സുപ്രണ്ട് രാമമുർത്തി എന്നിവർ ചേർന്ന് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. സാഹസികയാത്ര വിജയകരമായി പൂർത്തിയാക്കി വൈക്കം ബീച്ചിൽ എത്തിയപ്പോൾ അഭിനന്ദു ഉമേഷിന്‍റെ കൈകളിലെ ബന്ധനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അഴിച്ചു മാറ്റി. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ ബിജു തങ്കപ്പനാണ് പരിശീലകൻ. പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനത്തിൽ ഉമേഷ് ഉണ്ണികൃഷ്ണന്‍റെയും ദിവ്യയുടെയും മകനാണ് അഭിനന്ദു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.