അഫ്ഷാൻസ് ആർട് ഓഫ് വേൾഡ്
text_fieldsചിത്രകലയുടെ വേറിട്ട മുഖമായി മാറുകയാണ് 15കാരി അഫ്ഷാൻ നവാസ് ഖാൻ. ജന്മസിദ്ധമായ കഴിവിന്‍റെ പിൻബലത്തിൽ സ്വന്തമായി ആർജിച്ചെടുത്ത ചിത്രകല പാഠങ്ങളിലൂടെ അത്ഭുതങ്ങൾ തീർക്കുകയാണീ മിടുക്കി. ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥിനിയാണ് അഫ്ഷാൻ നവാസ് ഖാൻ. ചെറു പ്രായത്തിൽ ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും പ്രവാസ ലോകത്തേക്ക് പറിച്ച് നട്ടതോടെ ഗുരുനാഥൻമാരുടെ കീഴിൽ ചിത്രകല അഭ്യസിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
വളർന്നതോടെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കണ്ടും കേട്ടും പഠിച്ചത് ചിത്രകലയിൽ പരീക്ഷിക്കുകയായിരുന്നു. എങ്കിലും വളകിലുങ്ങുന്ന ഈ കൈകളിൽ നിന്ന് പിറന്നതെല്ലാം ജീവസ്സുറ്റ ചിത്രങ്ങളായിരുന്നു. മഹാത്മാ ഗാന്ധി മുതൽ പ്രമുഖരായ നിരവധി പേർക്ക് ചിത്രകലയിലൂടെ പുനർജന്മം നൽകാൻ കഴിഞ്ഞുവെന്നതാണ് ഈ കലാകാരിയെ വേറിട്ടു നിർത്തുന്നത്.
15 വയസ്സിനിടെ 25ലധികം ചിത്രകല പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടീ കലാകാരി. ചിത്ര കലയിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പെയിന്‍റിങ്ങിലൂടെ അത്ഭുതങ്ങൾ തീർത്ത് ഷാർജ ഭരണാധികാരിയുടെ പ്രശംസ നേരിട്ട് ഏറ്റുവാങ്ങാനും ഭാഗ്യം ലഭിച്ചു. കോപ് 28ൽ നടന്ന യൂനിസഫ്-മെന ബ്ലു ഡോട്ട് ആർട്ട്, യുനസ്കോ ഇന്‍റർനാഷനൽ ആക്ഷൻ ആർട്ട് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ചിത്രകല പ്രദർശനം നടത്തി. കൂടാതെ ഒമ്പത് ഇന്‍റർ സ്കൂൾ ചിത്ര കല മത്സരങ്ങളിൽ വിജയിയാവാനും സാധിച്ചു.
ദുബൈ ഇന്‍റർനാഷനൽ ആർട്ട് സെന്‍ററിൽ സ്വതന്ത്രദിനത്തോടനുബന്ധിച്ച് വരച്ച മഹാത്മാ ഗാന്ധിയുടെ ചിത്രം ഏറെ ആകർഷണീയമായിരുന്നു. മഹാത്മാവിന്റെ ചിത്രത്തിൽ അദ്ദേഹത്തിന്‍റെ ഊന്നുവടി പിടിപ്പിക്കാനായി കൈകൾ പ്ലാസ്റ്റിക് ക്ലേ ഉപയോഗിച്ചായിരുന്നു നിർമിച്ചിരുന്നത്. കൂടാതെ ഖാദി വസ്ത്രവും ചിത്രകലയിൽ പരീക്ഷിച്ചിരുന്നു.
ഇത് അപൂർവങ്ങളിൽ അപൂർവമായി മാത്രം ചെയ്യാനാവുന്ന ഒന്നാണ്. ദുബൈ ഇന്ത്യൻ കോൺസുൽ ഉൾപ്പെടെയുള്ളവരുടെ പ്രശംസാപാത്രമാവാനും സാധിച്ചു. ഓരോ ചിത്രങ്ങൾക്കും വിശദമായ ചരിത്ര പശ്ചാത്തലം വിവരിക്കുന്ന രീതിയിലായിരുന്നു ചിത്രകല. കഴിഞ്ഞ വർഷം നടന്ന ഷാർജ അറബിക് ഫോറത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് സുൽത്താന്‍റെ പ്രശംസക്ക് പാത്രമായത്.
വേൾഡ് ആർട്ട് ദുബൈയിൽ തുടർച്ചയായി രണ്ട് വർഷവും ചിത്ര കല എക്സിബിഷൻ നടത്തി. കൂടാതെ തുർക്കി, യു.എസ്, ജോർജിയ എന്നിവിടങ്ങളിലും ചിത്രകല പ്രദർശനം നടത്തിയിട്ടുണ്ട്. ടൈറ്റാനിക് സിനിമയിലെ കഥ ഉൾകൊണ്ട് വരച്ച ‘എറ്റേണൽ ലൗ’ എന്ന പെയിന്‍റിങ് ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഹൈദരാബദ് സ്വദേശികളായ നവാസ് ഖാന്‍റെയും ജവാരിയ തബസ്സുമിന്‍റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.