ഏജ് ഡസ് മാറ്റർ ഹിയർ...
text_fieldsകോവിഡ് കാലത്ത് കോമഡി വീഡിയോയിലൂടെ എല്ലാവരുടെയും കണ്ണിലുടക്കിയ കൊച്ചു മിടുക്കിയാണ് പ്ലസ് വൺ വിദ്യാർഥിനി ഫാത്തിമ മെഹ്റിൻ. എല്ലാവരെയും പോലെ യു.എ.ഇയിലെ സ്കൂൾ ടു ഹോം, ഹോം ടു സ്കൂൾ ജേർണി. സ്ക്രീൻ ടൈമിൽ മാത്രം മുഴുകിപ്പോകുന്ന ജീവിത ശൈലി. എന്നാൽ സ്കൂളിലെ ആർട്സ്, സ്പോർട്സ് പ്രോഗ്രാമിലെ നിരന്തരസാന്നിധ്യമാകാൻ മെഹറിൻ അത്യുൽസാഹിയായിരുന്നു. കലയും കായികവുമായി അവാർഡുകൾ വാരിക്കൂട്ടി സ്കൂളിലെ ഒരു കുട്ടിത്താരമായി മാറാൻ മെഹ്റിനു വലിയ സമയമൊന്നും വേണ്ടി വന്നില്ല. അങ്ങനെയിരിക്കെയാണ് ആപത്തിന്റെയും അതേസമയം അവസരത്തിന്റെയും വലിയ വലവീശി കോവിഡ് കാലം വരുന്നത്.
ക്ലാസുകൾ എല്ലാം ഓൺലൈനിലേക്ക് ചുരുങ്ങിയതോടെ ഒരുപാട് മിച്ചസമയം ലഭിച്ചു തുടങ്ങി. ഇതോടെ സ്വയം ഫൺ വീഡിയോസ് റെക്കോർഡ് ചെയ്തു കാണുക ഹരമായി മാറി. ഈ കൗതുകത്തിൽ അല്പം കാര്യം തോന്നിത്തുടങ്ങിയതോടെ കളി ഇൻസ്റ്റഗ്രാമിലേക്കും ടിക്ടോക്കിലേക്കും കളം മാറി. ഇവയാകട്ടെ വളരെ വേഗത്തിൽ ബോറിങ് റെമഡിയായി ആളുകൾ സ്വീകരിച്ചു തുടങ്ങി. പതിയെ ഫൺ ടോണിൽനിന്നും ഷോപ്പിങ് വ്ലോഗ്, ഫുഡ് വ്ലോഗ്, പ്രോഡക്റ്റ് റിവ്യൂ തുടങ്ങി ഇത്തിരി സീരിയസ് മോഡിലേക്ക് കഥ മാറി.
കുക്കിങ്ങിലുള്ള താല്പര്യമാകട്ടെ ഫുഡ് വ്ലോഗ്ഗിങ്ങിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് തന്നെ പറയാം. പക്ഷേ ഇടക്കാലത്ത് പത്താം ക്ലാസും പരീക്ഷയും മെഹറിനെ അല്പമൊന്ന് വിരട്ടി. എന്നാൽ, അങ്ങനെ വിട്ടുകൊടുക്കാൻ മെഹറിനും തയ്യാറായില്ല. ഇന്ന് മെഹ്റിൻ എന്ന ഈ കൊച്ചു കൂട്ടുകാരിയെ അറിയാത്ത യു.എ.ഇ മലയാളികൾ ചുരുക്കം ആയിരിക്കും. തന്നെ സംബന്ധിച്ച് താൻ കാണുന്ന ഏറ്റവും വലിയ അംഗീകാരവും അതുതന്നെയാണെന്ന് മെഹറിൻ പറയുന്നു.
ഉപ്പ മെഹബൂബിന്റെയും ഉമ്മ സജനയുടെയും കരുത്തുറ്റ സാമീപ്യം മെഹറിന്റെ കോൺഫിഡൻസിനെ പതിന്മടങ്ങ് ഉയർത്തി. സാമ്പത്തികമായ സ്വാതന്ത്ര്യം ആർജ്ജിച്ചെടുത്ത് തന്റെ കുടുംബത്തിനു പരിപൂർണ്ണ സംരക്ഷണം നൽകുന്നതിനെ സ്വപ്നം കാണുകയാണ് ഈ കൂട്ടുകാരി. സ്വപ്നങ്ങളെല്ലാം നേടിയെടുത്ത് കുടുംബവുമൊത്തു ലോകമൊട്ടാകെ സഞ്ചരിക്കാനും ഇവൾ പ്രയത്നമെടുത്തു തുടങ്ങി.
പ്രായവും പരിമിതികളും വകവയ്ക്കാതെ തന്റെ മുന്നിലുള്ള എല്ലാ വാതായനങ്ങളിലും തന്റേതുമാത്രമായ ശ്രമങ്ങൾ എടുത്ത് പറന്നുയരുകയാണ് മലപ്പുറം വാഴക്കാട് സ്വദേശിനി മെഹറിൻ. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിനിയായ മെഹ്റിൻ പത്താം ക്ലാസ് പൊതുപരീക്ഷയിൽ 92 ശതമാനം മാർക് നേടി മികച്ച വിജയം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.