'തേവ'നായി നിറഞ്ഞാടി അഹല്യ, ജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നടി
text_fieldsതിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ മികച്ച നടിയായി പാൽക്കുളങ്ങര സ്വദേശിനി അഹല്യ ശങ്കര്‍. ഹയര്‍ സെക്കൻഡറി വിഭാഗത്തിൽ അവതരിപ്പിച്ച 'തേവൻ' എന്ന നാടകത്തിലെ മാടൻ തേവനായി പകർന്നാട്ടം നടത്തിയാണ് അഹല്യയുടെ മികച്ച നേട്ടം.
സബ് ജില്ല തലത്തിലും ഇതേ നാടകത്തിലെ പ്രകടനത്തിന് അഹല്യയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു. പട്ടം ഗവൺമെന്‍റ് ഗോൾസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് അഹല്യ. പാൽക്കുളങ്ങളര സ്വദേശി ശിവശങ്കറിന്‍റെയും നിഷയുടെയും മകളാണ്.
ജയമോഹന്‍റെ 'മാടൻമോക്ഷം' എന്ന നോവലും സമകാലീന സംഭവങ്ങളും ചേർത്തുകൊണ്ട് തയാറാക്കിയ നാടകമായിരുന്നു 'തേവൻ'. കീഴാള ദൈവമായ മാടന്‍റെയും പൂജാരിയായ അപ്പിയുടെയും കഥയാണ് തേവൻ പറയുന്നത്. മാടനെ മേലാള ദൈവമായി പ്രതിഷ്ടിക്കാൻ തുടങ്ങുമ്പോൾ, അപ്പിയെ അവർ ഒഴിവാക്കുന്നു. മാടനെ ഉൾക്കൊള്ളാൻ കഴിയുമ്പോഴും അപ്പിയെ ഉൾക്കൊള്ളാൻ സാധിക്കാത്ത സാമൂഹ്യ പശ്ചാത്തലമാണ് നാടകത്തിന്‍റെ ഇതിവൃത്തം.
അഹല്യക്കൊപ്പം ആദിത്യ എസ്. ഗിരി, ദിവ്യലക്ഷ്മി, എം.എസ് കലാവേണി, വൈശാലി പാർവതി എൻ, ഗൗരി വിജയ്, വിഷ്ണുപ്രിയ ബി, സ്നേഹ എസ്.എസ്, രേവതി രാധാകൃഷ്ണൻ, മീവൽ ജെയിൻ മോൻസി എന്നിവരും വേഷമിട്ടു. അഹല്യയും സംഘവും അവതരിപ്പിച്ച 'ഉംബർട്ടോ എക്കോ' എന്ന നാടകം കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.